ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് അക്കാദമിയുടെ ബേസ്മെന്റില്‍ പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെ ഭാഗമായി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചതിന് കരോള്‍ ബാഗിലെ 13 കോച്ചിംഗ് സെന്ററുകളുടെ ബേസ്മെന്റുകള്‍ ഇന്നലെ (ജൂലൈ 28) സീല്‍ ചെയ്തു. ബേസ്മെന്റുകളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മേയര്‍ ഷെല്ലി ഒബ്റോയ് നിര്‍ദേശം നല്കി.
‘ഇന്നലത്തെ ദാരുണമായ സംഭവത്തിന് ശേഷം, ബേസ്മെന്റില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടിരുന്ന രജീന്ദര്‍ നഗറിലെ എല്ലാ കോച്ചിംഗ് സെന്ററുകളും സീല്‍ ചെയ്യാനുള്ള നടപടി എംസിഡി ആരംഭിച്ചിട്ടുണ്ട്! ആവശ്യമെങ്കില്‍, ഈ പ്രചാരണം ഡല്‍ഹിയിലുടനീളം നടത്തും!,’ മേയര്‍ ഷെല്ലി ഒബ്റോയ് എക്സില്‍ കുറിച്ചു .
ഡല്‍ഹിയില്‍ ഇന്നും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടക്കുകയാണ്. റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം. ഏഴ് ആവശ്യങ്ങളുമായാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടക്കുന്നത്. അപകടത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ പേര് വിവരങ്ങള്‍ പുറത്തു വിടുക, എഫ്ഐആര്‍ കോപ്പി ലഭ്യമാക്കുക, സംഭവത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പ്രദേശത്തെ ഓടകള്‍ കാര്യക്ഷമമാക്കുക, മരിച്ചവര്‍ക്ക് 1 കോടി രൂപ സഹായധനം നല്‍കുക, മേഖലയിലെ വാടക നിരക്കുകള്‍ നിയമ വിധേയമാക്കുക, ബെസ്മെന്റിലെ ക്ലാസ് മുറികള്‍, ലൈബ്രറികള്‍ പൂര്‍ണമായും അടച്ചു പൂട്ടുക, കോച്ചിംഗ് സെന്ററുകള്‍ക്ക് മുന്നില്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
അതേസമയം അപടം നടന്ന സിവില്‍ സര്‍വീസ് അക്കാദമിയിലെ ബേസ്മെന്റിലെ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചത് നിയമ വിരുദ്ധമായാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Recent Comments