വീണ്ടും നിപ. ആശങ്കയോടെ മലബാര്‍ മേഖല. രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ 14 കാരനാണ് നിപ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ പരിശോധനക്ക് പിന്നാലെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലവും പോസിറ്റീവായി. സംസ്ഥാനത്ത് ഇത് അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്.
മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. അഞ്ച് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി.
പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. അവിടെ നിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലലേക്ക് മാറ്റിയത്.കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗ ഉറവിടത്തെ കുറിച്ച് സൂചന ഒന്നുമില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു.
പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. ആ സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെടണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
Recent Comments