കമല്‍ഹാസന്റെ രണ്ട് ചിത്രങ്ങളാണ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ശങ്കറിന്റെ സംവിധാനത്തില്‍ വന്‍ ബഡ്ജറ്റിലൊരുക്കിയ ഇന്ത്യന്‍ 2 ആണ് ഒന്നാമത്തെ ചിത്രം. മറ്റൊന്ന് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം. രണ്ട് ചിത്രങ്ങളുടെയും സംവിധായകര്‍ ഏറെ പ്രഗത്ഭരായതുകൊണ്ടുതന്നെ പ്രേക്ഷകര്‍ വാനോളം പ്രതീക്ഷയാണ് ഈ ചിത്രങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ 2 ഏകദേശം ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ചില കറക്ഷന് വര്‍ക്കുകള്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്. വിക്രമാകട്ടെ ഇനിയും കുറേയേറെ ചിത്രീകരിക്കാനുണ്ടുതാനും.
കമല്‍ തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ രണ്ട് സംവിധായകരും യൂണിറ്റ് അംഗങ്ങളും തെരഞ്ഞെടുപ്പ് കഴിയാന്‍വേണ്ടി കാത്തിരിക്കുകയാണ്. അതിനിടയിലാണ് വിക്രമിന്റെ പുതിയ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. കമലിന്റെ പ്രതിനായകനായി ആദ്യം കരാര്‍ ചെയ്യപ്പെട്ടിരുന്നത് പ്രശസ്ത ബോളിവുഡ് താരമായ നവാസുദ്ദീന്‍ സിദ്ധിഖായിരുന്നു. കൂടാതെ ഫഹദ് ഫാസിലിന്റെ പേരും പറഞ്ഞുകേട്ടിരുന്നു. എന്നാലിപ്പോള്‍ ഏറ്റവും ഒടുവിലായി കരാര്‍ ചെയ്യപ്പെട്ടിരിക്കുന്നത് രാഘവേന്ദ്ര ലോറന്‍സാണ്. ഈ ചിത്രത്തിനുവേണ്ടി രാഘവേന്ദ്ര തന്റെ ചന്ദ്രമുഖി 2 എന്ന പ്രോജക്ട് തല്ക്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. കാരണമായി അദ്ദേഹം പറയുന്നതിങ്ങനെ ‘യൂണിവേഴ്സല്‍ ആക്ടറാണ് കമല്‍ ഹാസന്. അദ്ദേഹത്തോടൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കുക എന്നത് ഏതൊരു നടന്റെയും സ്വപ്നമാണ്. ഇപ്പോള്‍ തനിക്ക് ആ അംഗീകാരം ലഭിച്ചിരിക്കുന്നു.’ ചിത്രത്തില്‍ ലോറന്‍സിന്റെ പ്രതിഫലം 16 കോടി എന്നാണ് കോളിവുഡ് വാര്‍ത്തകള്‍.
Recent Comments