തായ്വാനിലെ തായ്പെയില്‍ മലയാളചിത്രം 2018-ന്റെ പ്രദര്‍ശനം നടന്നു. ഗോള്‍ഡന്‍ ഹോഴ്സ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് ചിത്രത്തിന്റെ സ്ക്രീനിങ് നടന്നത്. ടിക്കറ്റ് വില്പനയില് നിന്ന് സമാഹരിച്ച തുക ദുരിതബാധിതര്‍ക്കായി സംഭാവനയായിക്കൊടുക്കുമെന്ന് നടന് ടൊവിനോ തോമസ് അറിയിച്ചു. മ്യാന്മറിലെ ഭൂകമ്പ ദുരിത മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സഹായം നല്‍കുന്നത്.
തായ്പെയില്‍ നിന്നാണ് ടൊവിനോ ഈ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മുമ്പ് പ്രേക്ഷകര്‍ ഏറ്റെടുത്ത ARM ചിത്രവും ഇത്തവണ ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തതിന്റെ ഭാഗമായി ടൊവിനോ തായ്വാനിലെത്തിയതായിരുന്നു. ഫെസ്റ്റിവലിനോടനുബന്ധിച്ച്, ജിയൂദി പെര്‍സെവേറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തായ്വാന് എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ 2018 എന്ന ചിത്രത്തിന്റെ സ്ക്രീനിംഗും ഓപ്പണ്‍ ഫോറവും തായ്പേയ് ഫിലിം ഹൗസില്‍ സംഘടിപ്പിക്കുകയുണ്ടായി.
നിറഞ്ഞ സദസ്സിനൊപ്പം സിനിമ വീണ്ടും കാണാനും, സ്ക്രീനിംഗിന് ശേഷം പ്രേക്ഷകരോട് സംവദിക്കാനും ടൊവിനോയ്ക്ക് അവസരം ലഭിച്ചു. ഈ സ്ക്രീനിംഗിന്റെ ടിക്കറ്റ് വില്പനയില്നിന്ന് സമാഹരിച്ച തുക മുഴുവന്‍ മ്യാന്മാര് ഭൂകമ്പബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കാനാണ് സംഘാടകര്‍ തീരുമാനിച്ചത്.
”സിനിമയ്ക്ക് ഒരു മാജിക്കുണ്ടെന്നാണ് വിശ്വാസം. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കും, മനുഷ്യനിര്‍മ്മിതമായ മതിലുകള്‍ക്കുമപ്പുറം മനുഷ്യരെ തമ്മില്‍ ചേര്‍ത്ത് വയ്ക്കാന്‍ അതിനാകുന്നു. നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ നന്മകളില്നിന്ന് നന്മകളിലേയ്ക്ക് സഞ്ചരിക്കുന്ന ഒരു ചെയിന്‍ റിയാക്ഷനാകുന്നു” എന്നിങ്ങനെയായിരുന്നു ടൊവിനോയുടെ വാക്കുകള്‍.
കേരളത്തിന്റെ അതിജീവന കഥ പറഞ്ഞ സിനിമ മറ്റൊരു നാടിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, മനുഷ്യന് മനുഷ്യനെ വേര്‍തിരിക്കാതെ ചേര്‍ത്തുപിടിക്കുന്ന നന്മകളുടെ പുതുവത്സര ആശംസകളും അറിയിച്ചു.
Recent Comments