പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങിയ സംഭവത്തില്‍ ഏരിയാ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിക്കു സാധ്യത. പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിക്കായി നാലംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ന്ന് നീക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്സി അംഗത്വം വാങ്ങി നല്‍കാമെന്നായിരുന്നു യുവ നേതാവിന്റെ വാഗ്ദാനം. കോഴ ആരോപണം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പാര്‍ട്ടിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.
നടപടി ഔദ്യോഗികമായി പാര്‍ട്ടി പിന്നീട് അറിയിക്കുമെന്നാണ് വിവരം. സി.ഐ.ടി.യു. ഭാരവാഹിയായ യുവനേതാവ് പി.എസ്.സി. അംഗത്വം നല്‍കാനായി 60 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് ഹോമിയോ ഡോക്ടര്‍മാരായ ദമ്പതിമാര്‍ പരാതി നല്‍കിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
മന്ത്രി മുഹമ്മദ് റിയാസിനു പുറമേ എം.എല്‍.എമാരായ കെ.എം. സച്ചിന്‍ദേവ്, തോട്ടത്തില്‍ രവീന്ദ്രന് എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ട്.
മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അയല്‍വാസികൂടിയാണ് ആരോപണവിധേയനായ പ്രമോദ് കോട്ടൂളി. ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്‍പ് ഉയര്‍ന്ന പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിനിടെയാണ് വിവരങ്ങള്‍ പുറത്തായത്. യുവനേതാവ് ഒറ്റയ്ക്കാവില്ല ഇടപാട് നടത്തിയതെന്ന സംശയവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.
Recent Comments