ആശീര്‍വാദ് സിനിമാസിന്റെയും ആദ്യ സിനിമയായ നരസിംഹത്തിന്റെയും 24-ാം വാര്‍ഷികമാണ് ജനുവരി 26. ഇന്‍ഡസ്ട്രിയല്‍ ഹിറ്റോടെ തുടക്കം കുറിക്കുക എന്നത് ചുരുക്കം ചില പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ഭാഗ്യമാണ്. നരസിംഹത്തിന്റെ ചരിത്ര വിജയത്തിന് ശേഷവും ആശീര്‍വാദ് ജൈത്രയാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു. മലയാള സിനിമയുടെ വിപണി സാധ്യതകളെ വികസിപ്പിക്കുന്നതിലും ആശീര്‍വാദ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ആശീര്‍വാദിനൊപ്പം വളര്‍ന്ന പേരാണ് ആന്റണി പെരുമ്പാവൂര്‍ എന്നതും. മലയാള സിനിമയിലെ പ്രൊഡ്യൂസര്‍മാരുടെ പേരുകള്‍ പറയുമ്പോള്‍ മുന്‍ നിരയില്‍ തന്നെയാണ് ആന്റണിയുടെ സ്ഥാനം. എന്നാല്‍ ആശീര്‍വാദിന്റെ അമരക്കാരനായി ആരംഭസമയത്ത് ആന്റണി പെരുമ്പാവൂര്‍ മാത്രമായിരുന്നില്ല. സച്ചി എന്ന് വിളിക്കുന്ന സച്ചിദാനന്ദന് എന്ന പ്രൊഡക്ഷന്‍ കണ്ട്രോളറും ആന്റണിയുടെ കൂടെ നരസിംഹം നിര്‍മിക്കാന്‍ ഉണ്ടായിരുന്നു.
അന്നത്തെ മലയാള സിനിമയിലെ ഒരു സ്ഥിര സാന്നിധ്യമായിരുന്നു പ്രൊഡക്ഷന്‍ കണ്ട്രോളര് സച്ചിദാനന്ദന്. മിക്ക മോഹന്‍ലാല്‍ സിനിമകളുടെയും പ്രത്യേകിച്ച് പ്രിയദര്ശന്, ഷാജി കൈലാസ് ചിത്രങ്ങളുടെ അണിയറയില്‍ സച്ചിദാനന്ദന് ഉണ്ടായിരുന്നു. അങ്ങനെ ആശീര്‍വാദിന്റെ സാരഥ്യം ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ടത് സച്ചിദാനന്ദനും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ്.
എന്നാല്‍ ഓരോ ചിത്രത്തിലേക്ക് കടക്കുമ്പോഴും നിര്‍മാതാവിന് മുടക്കു മുതല്‍ കിട്ടുമോ എന്നറിയാന്‍ ഷാജി കൈലാസ് ജ്യോത്സ്യനെ കാണാറുണ്ടായിരുന്നു. അങ്ങനെ നരസിംഹത്തിന്റെ നിര്‍മാതാക്കളായ സച്ചിയുടെയും ആന്റണി പെരുമ്പാവൂരിന്റെയും ജാതകവുമായി ജോത്സ്യനെ കണ്ടു. ആന്റണിയുടെ ജനനത്തീയതി ഗണിച്ച് ജ്യോത്സ്യന് പറഞ്ഞു, ‘ഇയാള്‍ ഒന്നുമില്ലായ്മയില്‍ നിന്ന് കോടികള്‍ കൊയ്യാന്‍ യോഗമുള്ളയാളാണ്. തൊട്ടതെല്ലാം പൊന്നാകും.’
എന്നാല്‍ സച്ചിയുടെ ജാതകം നോക്കിയപ്പോള്‍ ജോത്സ്യന്റെ മുഖം വാടി. ‘ഈ ജാതകം തീര്‍ന്നതായാണ് കാണുന്നത്’ ജ്യോത്സ്യന് പറഞ്ഞത്. ‘മക്കളുടെ ജാതകം നോക്കിയാല്‍ ഈ സമയത്ത് അച്ഛന് ശേഷക്രിയ ചെയ്യാനുണ്ടോ എന്ന് നോക്കണം…’ ജീവിച്ചിരിക്കുന്ന സച്ചിയെ കുറിച്ച് ജ്യോത്സ്യന് ഇങ്ങനെ പറഞ്ഞപ്പോള്‍ ഷാജി കൈലാസിന് വല്ലാത്ത വിഷമം തോന്നി. ഷാജി കൈലാസ് ചെന്നെയില്‍ പോയി രഞ്ജിത്തിനോട് ഇക്കാര്യം പറഞ്ഞു. ഉടന്‍ അവരെ തേടി ഷോഗണ് രാജുവിന്റെ ഫോണ്‍ എത്തി. ‘അറിഞ്ഞില്ലേ നിങ്ങളുടെ നിര്‍മാതാവ് തലകറങ്ങിവീണു, ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിട്ടാണ് ഞാന്‍ വരുന്നത്.’ പ്രവചനം ഫലിച്ചു, നരസിംഹത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനുമുന്പ് സച്ചി വിട പറഞ്ഞു. പിന്നീട് ആന്റണി ചിത്രം ഏറ്റെടുത്തു.
ഒരാളുടെ ഉദയവും മറ്റാെരാളുടെ അന്ത്യവും കുറിച്ചാണ് ആശീര്‍വാദ് എന്ന നിര്‍മാണ കമ്പിനിയുടെ തുടക്കം. നരസിംഹത്തിന്റെ ആദ്യ നിര്‍മാതാവ് മാത്രമായിട്ടല്ല മികച്ച ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്ട്രോളര് എന്ന നിലയിലും ഓര്‍മിക്കപ്പെടേണ്ട വ്യക്തിയാണ് സച്ചിദാനന്ദന്. ആശീര്‍വാദിന് ഇനിയും വലിയ വാണിജ്യ വിജയങ്ങള്‍ നേടാന്‍ സാധിക്കട്ടെ. സച്ചിദാനന്ദന്റെ ഓര്‍മകളും ആശീര്‍വാദിനൊപ്പം മായാതെ നില്ക്കട്ടെ.
Recent Comments