മിമിക്രി വേദികളിലില്‍ നിന്നും ബിഗ് സ്ക്രീനിലെത്തി ശ്രദ്ധ നേടിയ നടനായിരുന്നു സൈനുദ്ദീന്‍. മലയാള സിനിമയോട് സൈനുദ്ദീന്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് 24 വര്‍ഷം തികയുകയാണ്.
മലയാള സിനിമയ്ക്ക് നിരവധി പ്രതിഭകളെ സമ്മാനിച്ച കൊച്ചിന് കലാഭവനിലൂടെയാണ് സൈനുദ്ദീനും കലാരംഗത്തേക്ക് കടന്നു വന്നത്. കളമശേരിയിലെ ഒരു ലോറി ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്തിരുന്ന സൈനുദ്ദീന്‍ കലാഭവന്‍ അന്‍സാറിന്റെ റെക്കമെന്‍ഡേഷനിലാണ് ആബേലച്ചന്റെ അടുത്തെത്തിയത്. മിമിക്സ് വേദികളില്‍ നടന് മധുവിന്റെ ‘പരീക്കുട്ടി’ എന്ന കഥാപാത്രത്തെ വളരെ ഭംഗിയായി അവതരിപ്പിച്ചിരുന്നു.
1980 ലെ ‘തളരിട്ട കിനാക്കള്‍’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തു കൊണ്ടാണ് സിനിമയില്‍ തുടക്കമിട്ടത്. പിന്നീട് പി എ ബക്കറിന്റെ ‘ചാപ്പ’ എന്ന സിനിമയില്‍ വേഷമിട്ടു.
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ എന്ന ചിത്രത്തിലൂടെയാണ് സൈനുദ്ദീന്‍ സിനിമയില്‍ ശ്രദ്ധയമാകുന്നത്. കുട്ടിച്ചാത്തന് ബാറില്‍ വരുന്ന രംഗത്തില്‍ അഭിനയിക്കാന്‍ ഒട്ടേറെ കലാകാരന്മാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയക്കിടയിലാണ് സൈനുദ്ദീന്‍ വരുന്നത്. അങ്ങനെ സൈനുദ്ദീന്‍ കുട്ടിച്ചാത്തനിലെ ബാര്‍ ജോലിക്കാരനായി ചിത്രത്തിലെത്തി. ‘ഒന്നു മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തില്‍ സൈനുദ്ദീന്‍ പറ്റിയ വേഷങ്ങള്‍ ഇല്ലാത്തതിനാല്‍ സംവിധായകന് രഘുനാഥ് പലേരി അസിസ്റ്റന്റായി നിയമിച്ചു. അറിഞ്ഞോ അറിയാതെയോ വേഷമില്ലെന്ന് പറഞ്ഞ ഈ ചിത്രത്തില്‍ തന്നെ ചെറിയൊരു കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു.
പിന്നീട് ജഗദീഷും സിദ്ദിഖും നായകന്മാരായ മിമിക്സ് പരേഡ്, കാസര്‍കോട് ഖാദര്‍ ഭായി തുടങ്ങിയ സിനിമകളിലും നാല്‍വര്‍ സംഘങ്ങളില്‍ ഒരാളായി സൈനുദ്ദീനെയും സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. മിമിക്സ് പരേഡിലെയും കാസര്‍കോട് കാദര്‍ ഭായിയിലെയും സൈനുദ്ദീന്റെ കോമഡികള്‍ അന്നത്തെ ചെറുപ്പക്കാരുടെ നാവിന് തുമ്പിലെ സ്ഥിരം തമാശ നമ്പറുകളായിരുന്നു.
മലയാള സിനിമയില്‍ ആറേഴു വര്‍ഷം ജഗദീഷ്-സിദ്ദിഖ്-സൈനുദ്ദീന്‍ ടീമിന്റെ ഒരു കോമഡി തരംഗം തന്നെയാണുണ്ടായി. അമിതാഭിനയമോ അതിഭാവുകത്വമോ ഇല്ലാത്ത, സ്വാഭാവികമായ നിര്‍ദോഷ കോമഡി നമ്പറുകളാണ് സൈനുദ്ദീനെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. പിന്നീട് സയാമീസ് ഇരട്ടകള്‍, ഹിറ്റ്ലര്‍, കാബൂളിവാല, ആലഞ്ചേരി തമ്പ്രാക്കള്‍, എഴുന്നള്ളത്ത്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത അങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി.
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പിടിപെട്ട സൈനുദ്ദീന്‍ 1999 ല്‍ തന്റെ 45-ാം വയസ്സിലാണ് മരണമടഞ്ഞത്. ഏകദേശം 150 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തിരശ്ശീലയില്‍നിന്ന് മറഞ്ഞെങ്കിലും സൈനുദ്ദീന്‍ എന്ന നടന്റെ ഡയലോഗുകള്‍ ഏതു സിനിമാ പ്രേക്ഷകന്റെയും മനസ്സില്‍ എല്ലാക്കാലത്തും ചിരിയുടെ മാലപ്പടക്കം തീര്‍ക്കാനായി ഉണ്ടാകും.
Recent Comments