സുരേഷ്ഗോപിയുടെ 250-ാമത്തെ സിനിമയ്ക്ക് പേരിട്ടു, ഒറ്റക്കൊമ്പന്.
മലയാള സിനിമ കണ്ട ഏറ്റവും വലിയ അനൗണ്‍സ്മെന്റിനാണ് ഒറ്റക്കൊമ്പന് സാക്ഷിയായത്. താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളുമടക്കം മലയാളത്തിലെ ഏതാണ്ട് നൂറോളം പേരുടെ ഫെയ്സ്ബുക്ക് വഴിയാണ് ഒറ്റക്കൊമ്പന്റെ ടൈറ്റിലും മോഷന്പിക്ചറും പോസ്റ്റ് ചെയ്യപ്പെട്ടത്.
ഷിബിന്‍ തോമസിന്റെ തിരക്കഥയില്‍ നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്. ടോമിച്ചന് മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഈ ചിത്രത്തിന്റെ ആദ്യ ടൈറ്റില്‍ കടുവാക്കുന്നേല്‍ കുറുവച്ചന് എന്നായിരുന്നു. ഇതിനെതിരെ ജിനു എബ്രഹാം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പൃഥ്വിരാജിനുവേണ്ടി താന്‍ എഴുതിയ കടുവ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേല്‍ കുറുവച്ചനാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അദ്ദേഹം കോടതി കയറിയത്. ആദ്യം സെഷന് കോടതിയില്‍നിന്നും പിന്നീട് ഹൈക്കോടതിയില്‍നിന്നും ജിനു അനുകൂലമായ വിധി സമ്പാദിച്ചതോടെയാണ് മാത്യു തോമസിനും കൂട്ടര്‍ക്കും തങ്ങളുടെ സിനിമയുടെ ടൈറ്റില്‍ മാറ്റേണ്ടിവന്നത്.
‘ടൈറ്റില്‍ മാത്രമേ മാറിയിട്ടുള്ളൂ. കഥ പഴയതുതന്നെ.’ മാത്യു തോമസ് കാന്‍ ചാനലിനോട് പറഞ്ഞു.
പിന്നെന്തിനാണ് കോടതി കയറേണ്ടി വന്നത്?
അത് കേസ് കൊടുത്തവരോടുതന്നെ ചോദിക്കണം.
തര്‍ക്കം ടൈറ്റിലിനെച്ചൊല്ലി മാത്രമായിരുന്നോ?
അങ്ങനെയെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം ഞങ്ങളുടെ തിരക്കഥ ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
ഈ സിനിമയില്‍ സുരേഷ്ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും കുറുവച്ചനെന്നാണ് അറിയാന്‍ കഴിഞ്ഞത്. കടുവാക്കുന്നേല്‍ എന്ന വീട്ടുപേരായിരുന്നു കീറാമുട്ടിയായി നിന്നിരുന്നത്. അതുപേക്ഷിച്ചതോടെ പ്രശ്നങ്ങള്‍ ഒഴിഞ്ഞുപോയെന്നുവേണം കരുതാന്‍.
ഏതായാലും ഈ രണ്ട് ചിത്രങ്ങളും ശത്രുപക്ഷത്തുനിന്ന് പോരടിക്കുന്നതിനിടെ സുരേഷ്ഗോപിയുടെയും പൃഥ്വിരാജിന്റെയും ആരാധകരും രണ്ടു ചേരികളിലായി നിന്ന് സൈബര്‍ യുദ്ധം ആരംഭിച്ചിരുന്നു. അത് ഒഴിവാക്കണമെന്ന് സുരേഷ്ഗോപിതന്നെ തന്റെ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സിനിമകളുടെയും കഥ രണ്ടാണെന്നും രണ്ട് സിനിമകളെയും വിജയിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ ഉള്ളത്.
കൊറോണ കഴിയുന്ന മുറയ്ക്ക് ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗും തുടങ്ങും. ഷാജികുമാറാണ് ക്യാമറാമാന്. പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ. കണ്ണും കണ്ണും കൊള്ളയടിത്താല്‍, അര്ജ്ജുന് റെഡ്ഡി തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ച ഹര്ഷവര്ദ്ധന് രാമേശ്വറാണ് ഒറ്റക്കൊമ്പന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഹര്‍ഷവര്‍ദ്ധന്റെ അരങ്ങേറ്റ മലയാളചിത്രംകൂടിയാണിത്. താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും വൈകാതെ പ്രഖ്യാപിക്കുമെന്നറിയുന്നു.
Recent Comments