കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കും. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
എട്ടു ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ 26-ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ട്. അന്തരിച്ച നടന് നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജ് 26-ാമത് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാന്, ബര്‍മ്മ , കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്കി പുരസ്കാരം കിട്ടിയ സിനിമകളുടെ പാക്കേജ് ഫിപ്രസ്കി ക്രിട്ടിക്സ് വീക്ക് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കും.
Recent Comments