2023-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നൽകി. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിടോറിയത്തിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ അവാർഡ് സംവിധായകൻ ഷാജി എൻ. കരുണയ്ക്ക് നൽകി.
ആടുജീവിതം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മികച്ച നടനുള്ള അവാർഡിന് അർഹനായത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനമാണ് ഉർവശിയെ മികച്ച നടിയായി തെരഞ്ഞെടുത്തത്. മികച്ച സംവിധായകനായി ബ്ലെസിയെ, മികച്ച ചിത്രമായി ജിയോ ബേബി സംവിധാനം ചെയ്ത കാതലും, രണ്ടാമത്തെ മികച്ച ചിത്രമായി രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ടയും തെരഞ്ഞെടുത്തു. അതേ ചിത്രത്തിലൂടെയാണ് രോഹിത്തിന് തിരക്കഥയ്ക്കുള്ള അവാർഡും ലഭിച്ചത്. ആടുജീവിതത്തിലെ ഛായാഗ്രഹണത്തിനാണ് സുനിൽ കെ.എസ് മികച്ച ഛായാഗ്രാഹകാവാർഡിന് അർഹനായത്.
പൃഥ്വിരാജ്, ഉർവശി, ബ്ലെസി, വിജയരാഘവൻ, റസൂൽ പൂക്കുട്ടി, വിദ്യാധരൻ മാസ്റ്റർ, ജോജു ജോർജ്, റോഷൻ മാത്യു, ജിയോ ബേബി, സംഗീത പ്രതാപ് എന്നിവർക്കുള്പ്പെടെ 48 ചലച്ചിത്രപ്രതിഭകൾ അവാർഡുകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എം.എൽ.എ. വി.കെ. പ്രശാന്ത്, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജെ.സി. ഡാനിയേൽ അവാർഡ് ജൂറി അധ്യക്ഷൻ ടി.വി. ചന്ദ്രൻ, ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ സുധീർ മിശ്ര, രചനാവിഭാഗം ജൂറി അധ്യക്ഷ ഡോ. ജാനകി ശ്രീധരൻ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് എന്നിവർ പങ്കെടുത്തു.
പുരസ്കാര വിതരണത്തിനുശേഷം സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിലുള്ള സോളിഡ് ബാൻഡ് സംഗീത പരിപാടി അരങ്ങേറി.
Recent Comments