രാജ്യാന്തര വിപണിയില്‍ പുതിയ ഇലക്ട്രിക് കാര്‍ EV3 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കിയ. കോംപാക്ട് ഇലക്ട്രിക് എസ്.യു.വി വിഭാഗത്തില്‍ പെടുന്ന ഇവി3 കൊറിയയില്‍ ജൂലൈയിലാണ് പുറത്തിറക്കുക. വിവിധ രാജ്യങ്ങളില്‍ പല ഘട്ടങ്ങളായാണ് വാഹനം അവതരിപ്പിക്കുക. ഏഷ്യന്‍ വിപണിയില്‍ അടുത്ത വര്‍ഷം എത്തുന്ന ഇവി3യുടെ ഇന്ത്യയിലേയ്ക്കുള്ള വരവിനെക്കുറിച്ച് കിയ സൂചന നല്‍കിയിട്ടില്ല. പ്രതീക്ഷിക്കുന്ന വില 30000 ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ) മുതല്‍ 50000 (ഏകദേശം 41 ലക്ഷം രൂപ) ഡോളര്‍ വരെ.
81.4 kWh ബാറ്ററിയാണ് ഉയര്‍ന്ന മോഡലിന് കിയ നല്‍കിയിരിക്കുന്നത്. പൂര്‍ണ്ണമായും ചാര്‍ജ് ചെയ്താല്‍ 560 കി.മീ. മൈലേജ് പ്രതീക്ഷിക്കാം. എല്‍ജി സൊല്യൂഷന്‍സിന്റെ എന്‍സിബി ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്എഫ്പി ബാറ്ററികള്‍ക്ക് പകരം എന്‍സിബി ബാറ്ററികള്‍ ഉപയോഗിച്ചത് വഴി മികച്ച കരുത്തും കുറഞ്ഞ ചാര്‍ജ്ജിംഗ് സമയവും കൂടുതല്‍ മൈലേജും ലഭിക്കും. ആവശ്യത്തിലേറെ ചാര്‍ജ്ജുള്ളതിനാല്‍ ബാറ്ററിയില്നിന്നും മറ്റ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള V2L (വെഹിക്കിള്‍ ടു ലോഡ്) സാങ്കേതികവിദ്യയും ഇവി3-ലുണ്ടാവും. വെറും 30 മിനുറ്റില്‍ ചാര്‍ജ് 10 ശതമാനത്തില്‍നിന്നും 80 ശതമാനത്തിലേയ്ക്കെത്താന് കിയ ഇവി3 ക്ക് സാധിക്കും.
കിയ ഇവി9, ഇവ6, ഹ്യുണ്ടായ് അയോണിക് 5, ഹ്യുണ്ടായി അയോണിക് 6 എന്നിവയില്‍ ഉപയോഗിച്ചിട്ടുള്ള eGMP (ഇലക്ട്രിക് ഗ്രോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോം) ആണ് ഇവി3യുടെയും അടിസ്ഥാനം. ഈ ഇലക്ട്രിക് സ്കേറ്റ് ബോര്‍ഡ് പ്ലാറ്റ്ഫോമില്‍ ഫ്ളോര്ബോര്ഡിലാണ് ബാറ്ററി പാക്കിന്റെ സ്ഥാനം. ഇത് കാബിന് സ്പേസ് പരമാവധി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ മുന്നില്‍ നില്ക്കുന്ന 460 ലിറ്റര്‍ സ്റ്റോറേജ് സ്പേസും കുടുതലായുള്ള മുന്നിലെ ഫ്രങ്ക് സ്പേസും കിയയുടെ ഈ അവകാശവാദം ശരിവെക്കുന്നുണ്ട്.
വാഹനത്തിലെ വെര്‍ച്ചുല്‍ അസിസ്റ്റിനായി നിര്‍മിത ബുദ്ധിയാണ് കിയ ഉപയോഗിച്ചിരിക്കുന്നത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും എന്തെങ്കിലും വിവരം ഇന്റര്‍നെറ്റില്‍ തിരയാനും മികച്ച സ്ഥലങ്ങള്‍ കണ്ടെത്താനുമെല്ലാം കിയ ഇവി3 ക്ക് സാധിക്കും. ഇന്‍ഫോ ടെയിന്മെന്റ് സിസ്റ്റത്തില്‍ ഡിസ്പ്ലേ തീമുകള്‍ പേഴ്സണലൈസ് ചെയ്യാന്‍ കിയ അവസരം നല്‍കുന്നുണ്ട്. ഡ്രൈവര്‍ ഡിസ്പ്ലേയിലും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിലുമെല്ലാം ഒടിഎ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആംബിയന്റ് ലൈറ്റിംഗ്, സ്ലൈഡിങ് ടേബിള്‍ കണ്‍സോള്‍, 12 ഇഞ്ച് ഹെഡ്സ് അപ് ഡിസ്പ്ലേ എന്നിവയും ഇവി3യിലുണ്ട്.
Recent Comments