പുഷ്പയിലെ പ്രകടനത്തെ മുന്‍നിര്‍ത്തി 2022 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അര്ജുന് സ്വന്തമാക്കി. അവസാന റൗണ്ടില്‍ നല്ല നടനുവേണ്ടി മത്സരിക്കാന്‍ മലയാളത്തില്‍നിന്ന് രണ്ട് താരങ്ങള്‍ കൂടി ഉണ്ടായിരുന്നു. ഇന്ദ്രന്‍സും ജോജു ജോര്‍ജും. അവസാന ഘട്ടത്തില്‍ നേരിയ മുന്‍തൂക്കം അല്ലു അര്ജുന് ലഭിച്ചതോടെയാണ് മികച്ച നടനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
ഹോമിലെ പ്രകടനമികവിന് ഇന്ദ്രന്‍സ് പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയ സമിതി പൂര്‍ണ്ണമായും പിന്തള്ളിയ ഒരു ചിത്രം കൂടിയായിരുന്നു ഹോം. ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബുവുമായി ബന്ധപ്പെട്ടുള്ള ചില കേസുകളാണ് ആ പടത്തെ മാറ്റിനിര്‍ത്താന്‍ കാരണമായത്. അതുകൊണ്ടുതന്നെ ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനമികവിനെ ജൂറി കാണാതെ പോയി. അതിന്റെ നീരസം ഇന്ദ്രന്‍സ് തന്നെ അവാര്‍ഡ് പ്രഖ്യാപനത്തിനുശേഷം തുറന്നുപറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ അതിനുള്ള മധുര പ്രതികാരം കൂടിയാണ് ഇന്ദ്രന്‍സിന്റെ ദേശീയപുരസ്കാര നേട്ടം.
മികച്ച നടിക്കുള്ള പുരസ്കാരം ആലിയാഭട്ടും കൃതി സനോനും പങ്കിട്ടു. നേരത്തെ മികച്ച നടിമാരുടെ പട്ടികയില്‍ കങ്കണ റണൗട്ടും ഉണ്ടായിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ ആലിയയ്ക്കും കൃതിക്കുമായി അവാര്‍ഡ് വീതിച്ച് നല്കാന് ജൂറി അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഗംഗുഭായി കത്തിയവാഡിയിലെ പ്രകടനമാണ് ആലിയ ഭട്ടിനെ മികച്ച നടിയാക്കിയത്. മിമിയിലെ പ്രകടനം കൃതി സനോനിനെയും മികച്ച നടിയാക്കി.
ഇത്തവണത്തെ ദേശീയ പുരസ്കാര ലബ്ധിയില്‍ മലയാള സിനിമയ്ക്കും അഭിമാനിക്കാന്‍ ഏറെയുണ്ട്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഹോമും പാരിസ്ഥിതിക ചിത്രത്തിനുള്ള പുരസ്കാരവും ആവാസവ്യൂഹവും സ്വന്തമാക്കി. മികച്ച നവാഗത സംവിധായകന് വിഷ്ണുമോഹനാണ്. ചിത്രം മേപ്പടിയാന്. ഉണ്ണിമുകുന്ദന് ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു മേപ്പടിയാന്. തന്റെ ആദ്യ സിനിമയിലൂടെതന്നെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടാന്‍ വിഷ്ണുമോഹന് കഴിഞ്ഞുവെന്നതും ശ്രദ്ധേയനാണ്. സെപ്തംബര്‍ 7 ന് വിഷ്ണുവിന്റെ വിവാഹം നടക്കാനിരിക്കെയാണ് ഈ പുരസ്കാര നേട്ടം എന്നുള്ളതും ഇരട്ടി മധുരം നല്കുന്നു. നായാട്ടിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ഷാഹി കബീറും സ്വന്തമാക്കി.
ഇത്തവണ എണ്ണത്തില്‍ ഏറ്റവുംകൂടൂതല് ദേശീയ പുരസ്കാരം നേടിയ ചിത്രം RRR ആണ്. മികച്ച ജനപ്രിയ ചിത്രം, കലാസംവിധാനം, നൃത്തസംവിധാനം, സംഘട്ടനം, സംഗീതസംവിധാനം, മികച്ച ഗായകന്, സ്പെഷ്യല്‍ എഫക്ട് ഉള്‍പ്പെടെ ഏഴ് പുരസ്കാരങ്ങളാണ് RRR സ്വന്തമാക്കിയത്.
ശാസ്ത്രജ്ഞന് നമ്പിനാരായണന്റെ ജീവിതം പറഞ്ഞ റോക്കട്ടറിയാണ് ചിത്രമാണ് മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം. നടന് കൂടിയായ മാധവനാണ് ഈ ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തില്‍ നമ്പിനാരായണനായി വേഷമിട്ടത് മാധവനാണ്.
Recent Comments