മലയാളസിനിമയില്‍നിന്ന് അനവധി താരങ്ങള്‍ തെലുങ്കുചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ചിലര്‍ മലയാള സിനിമകളുടെ തെലുങ്ക് റീമേക്കുകളുടെ ഭാഗമായി എത്തിയവരായിരുന്നു. മറ്റുചിലരാകട്ടെ നേരിട്ട് കാസ്റ്റ് ചെയ്യപ്പെട്ടവരും. മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും അടക്കമുള്ള മുന്‍നിര നായകന്മാര് ടോളിവുഡില്‍ ഭാഗ്യപരീക്ഷണം നടത്തി വിജയിച്ചിട്ടുള്ളവരാണ്. എന്നാല്‍ അവര്‍ക്കാര്‍ക്കും ലഭിക്കാത്ത ഭാഗ്യം ഉണ്ണിമുകുന്ദന് കൈവന്നിരിക്കുന്നു. അദ്ദേഹം സോളോ ഹീറോയാകുന്ന ഒരു ബ്രഹ്മാണ്ഡ തെലുങ്കുചിത്രം അണിയറയില്‍ ഒരുങ്ങുന്നു. വരുന്ന ദസറ നാളുകളില്‍ അതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. രമേശ് വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്.
രമേശ് വര്‍മ്മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഖിലാഡിയിലും ശക്തമായൊരു വേഷം ഉണ്ണിമുകുന്ദന് ചെയ്തിരുന്നു. രവി തേജയായിരുന്നു അതിലെ നായകന്. ഖിലാഡിയില്‍ തുടങ്ങിയ സൗഹൃദമാണ് ഉണ്ണിയെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ രമേശിന് പ്രചോദനമായതെന്നറിയുന്നു. ഒരു മാസ് എന്റര്‍ടൈന്‍മെന്റ് ചിത്രമാണെന്നാണ് സൂചന. തെലുങ്കിലെ വളരെ പ്രശസ്തമായ ബാനറിലാണ് ചിത്രം ഒരുങ്ങുന്നതും.
ജനതാഗ്യാരേജാണ് ഉണ്ണി ആദ്യമായി ചെയ്യുന്ന തെലുങ്കുചിത്രം. അതില്‍ മോഹന്‍ലാലിന്റെ മകന്റെ വേഷമായിരുന്നു. ചെറിയ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം. രണ്ടാമത്തെ ചിത്രമായ ഭാഗമതിയിലാകട്ടെ ഒരു ലൗവ്വര്‍ ബോയിയുടെ ക്യാരക്ടറായിരുന്നു. ജയറാമും അനുഷ്ക്ക ഷെട്ടിയുമടക്കമുള്ള ശക്തമായ താരനിരയുണ്ടായിരുന്ന ചിത്രമായിരുന്നു ഭാഗമതി. അതിനുശേഷമാണ് രമേശ് വര്‍മ്മയുടെ ഖിലാഡി ചെയ്തത്. ആദ്യ രണ്ട് ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി തീര്‍ത്തും നിഷ്ക്കളങ്കനായ ചെറുപ്പക്കാരന്റെ വേഷമാണ് ഖിലാഡിയിലേത്. നാലാമത്തെ ചിത്രമായപ്പോഴേക്കും ഉണ്ണിമുകുന്ദനെ സോളോ ഹീറോയായി അവതരിപ്പിച്ചുകൊണ്ടാണ് ടോളിവുഡ് അദ്ദേഹത്തെ സ്വീകരിക്കാനൊരുങ്ങുന്നത്. ഒരുപക്ഷേ ഈ ചെറിയ കാലയളവിനുള്ളില്‍ മലയാളത്തില്നിന്നുപോലും ലഭിക്കാത്ത ഭാഗ്യമാണ് ഉണ്ണിയെ തേടിയെത്തിയിരിക്കുന്നതും.
സോളോ നായകനായി താനൊരു തെലുങ്കു ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് ഉണ്ണി മുകുന്ദന് ആദ്യമായി വെളിപ്പെടുത്തിയത് കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു. അതിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
Recent Comments