‘കൈതപ്പൂവിന് കന്നിക്കുറുമ്പില്‍ തൊട്ടു തൊട്ടില്ല…
കണ്ണും കണ്ണും തേടിയൊഴിഞ്ഞു കണ്ടു കണ്ടില്ല…
മുള്ളാലേ വിരല്‍ മുറിഞ്ഞു…
മനസ്സില്‍ നിറയെ മണം തുളുമ്പിയ മധുരനൊമ്പരം…’
2003 ല്‍ പ്രദര്‍ശനത്തിനെത്തിയ ടി.കെ. രാജീവ്കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിനുവേണ്ടി മോഹന്‍ലാലും കെ.എസ്. ചിത്രയും ചേര്‍ന്ന് പാടിയ ഗാനത്തിലെ ആദ്യ വരികളാണിത്. കാവാലം നാരായണപ്പണിക്കരുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് എം.ജി. രാധാകൃഷ്ണനാണ്. അന്നതിന് ഫിലിം സ്കോര്‍ കമ്പോസ് ചെയ്തത് ഇന്നത്തെ പ്രശസ്ത സംഗീതസംവിധായകന് ശരത്തും.
പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു ടി.കെ. രാജീവ്കുമാര്‍ ചിത്രത്തിനുവേണ്ടി പാടാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍. ചിത്രം ബര്‍മുഡ. ഷെയ്ന് നിഗവും വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ്. ഇതിലെ സോളോ ഗാനമാണ് മോഹന്‍ലാല്‍ ആലപിക്കുന്നത്.
പാട്ടിന്റെ കമ്പോസിംഗ് കഴിഞ്ഞു. ഇത്തവണ ഗാനവിഭാഗത്തിന്റെ ചുമതല വിനായക് ശശികുമാറിനും രമേശ് നാരായണനുമാണ്. പതിവില്‍നിന്ന് വ്യത്യസ്തമായി ഇതിന്റെ ഓര്ക്കസ്ട്രേഷന് നിര്‍വ്വഹിച്ചിരിക്കുന്നത് ഹംഗറിയിലെ പ്രശസ്തമായ ഇന്‍സ്പയേര്‍ഡ് സിംഫണി ഓര്‍ക്കസ്ട്രയിലെ 42 കലാകാരന്മാരാണ്. വിന്‍ഡ് സെക്ഷനും സ്ട്രിംഗ് സെക്ഷനും ഉപയോഗിച്ചാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബുഡാപസിലെ (ഹംഗറിയുടെ തലസ്ഥാന നഗരി) പനോണിയ സൗത്ത് സ്റ്റുഡിയോയിലായിരുന്നു റെക്കാര്‍ഡ് ചെയ്തത്. ഇത് തത്സമയം തിരുവനന്തപുരത്തുള്ള തന്റെ സ്റ്റുഡിയോയിലിരുന്ന് (ജസറംഗി) ഓണ്‍ലൈനിലൂടെ രമേശ് നാരായണന് സൂപ്പര്‍വൈസ് ചെയ്യുകയായിരുന്നു.
കമ്പോസിംഗ് പൂര്‍ത്തിയായതിന് പിന്നാലെ ഇത് മോഹന്‍ലാലിനെക്കൊണ്ട് പാടിക്കാനാണ് സംവിധായകന് ടി.കെ. രാജീവ് കുമാറിന് തോന്നിയത്. അദ്ദേഹം മോഹന്‍ലാലിനെ വിളിച്ചു. കാര്യം പറഞ്ഞു. ഒപ്പം ഈ മ്യൂസിക്കിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. അത് കേട്ടയുടന്‍ ലാല്‍ സമ്മതം അറിയിക്കുകയായിരുന്നു.
ഇപ്പോള്‍ ട്വല്‍ത്ത് മാനിന്റെ ലൊക്കേഷനിലാണ് ലാല്‍ ഉള്ളത്. സെപ്തംബര്‍ 30 ഓടെ ഷൂട്ടിംഗ് പൂര്‍ത്തിയാകും. അത് കഴിഞ്ഞ് വന്നാലുടന്‍ പാടാമെന്ന് ലാല്‍ സമ്മതിച്ചിട്ടുണ്ട്.
Recent Comments