മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കാന്‍ രണ്ട് സമിതികളെ ചുമതലപ്പെടുത്തി. ഓരോ വര്‍ഷവും അവാര്‍ഡിന് എത്തുന്ന ചിത്രങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് പരിഗണിച്ചാണ് പുതിയ തീരുമാനം. ഇതിനുവേണ്ടി നിയമാവലി തന്നെ പരിഷ്ക്കരിച്ചിരുന്നു. ദേശീയ അവാര്‍ഡ് കമ്മിറ്റിയുടെ മാതൃകയെ പിന്‍പറ്റിയാണ് പുതിയ പരിഷ്ക്കാരം.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവാര്‍ഡ് കമ്മിറ്റിക്ക് മുന്നിലെത്തുന്ന ചിത്രങ്ങളുടെ എണ്ണം നൂറിന് മേലെയാണ്. ജൂറി ചെയര്‍മാനും അംഗങ്ങളുമുള്‍പ്പെടുന്ന ഒരു കമ്മിറ്റിയായിരുന്നു ചിത്രങ്ങളുടെയെല്ലാം തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ഇത് സമഗ്രമല്ലെന്ന് പൊതുവേ വിലയിരുത്തലുണ്ടായി. തുടര്‍ന്നാണ് വിധിനിര്‍ണ്ണയം രണ്ട് സമിതികളെ ഏല്‍പ്പിച്ചുകൊണ്ട് ഉത്തരവായത്.
അതിലൊന്ന് പ്രാഥമിക വിധിനിര്‍ണ്ണയ സമിതിയും രണ്ടാമത്തത് അന്തിമ വിധിനിര്‍ണ്ണയ സമിതിയുമാണ്. പ്രാഥമിക വിധിനിര്‍ണ്ണയ സമിതിക്കുതന്നെ രണ്ട് സബ് കമ്മിറ്റികളുണ്ട്. അതിലെ ആദ്യ സബ് കമ്മിറ്റിയുടെ ചെയര്മാന് കന്നഡ ചലച്ചിത്ര സംവിധായകന് പി. ശേഷാദ്രിയാണ്. എഡിറ്റര്‍ സുരേഷ് പൈ, ഗാനരചയിതാവ് ഡോ. മധു വാസുദേവന്‍, നിരൂപകന് ഇ.പി. രാജഗോപാലന്‍ എന്നിവര്‍ അതിലെ അംഗങ്ങള്‍.
രണ്ടാം സബ് കമ്മിറ്റിയുടെ ചെയര്‍മാനാണ് സംവിധായകന് ഭദ്രന്. ഛായാഗ്രാഹകന്‍ ഷഹനാദ് ജലാല്‍, എഴുത്തുകാരി ഡോ. രേഖാരാജ്, തിരക്കഥാക്കൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി എന്നിവരാണ് രണ്ടാം സബ് സമ്മിറ്റിയിലെ അംഗങ്ങള്‍.
ഇത്തവണ അവാര്ഡിനെത്തിയിരിക്കുന്ന 80 ചിത്രങ്ങളില്‍നിന്ന് പകുതി വീതം ഇരു സബ് കമ്മിറ്റികളും കാണും. അതില്‍നിന്ന് 30 ശതമാനം ചിത്രങ്ങളാണ് അന്തിമ വിധി നിര്‍ണ്ണയ സമിതിയിലേയ്ക്ക് വിടുക.
അന്തിമ വിധി നിര്‍ണ്ണയ സമിതിയുടെ ചെയര്‍ പേഴ്സണ്‍ സുഹാസിനിയാണ്. ഈ കമ്മിറ്റിയില്‍ പ്രാഥമിക വിധിനിര്‍ണ്ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റിയിലെ ചെയര്മാന്മാരും അംഗങ്ങളാണ്. ഇവര്‍ക്ക് പുറമെ ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്, സംഗീത സംവിധായകന് മോഹന്‍ സിത്താര, സൗണ്ട് ഡിസൈനര്‍ ഹരികുമാര്‍ മാധവന്‍നായര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍. ശശിധരന് എന്നിവര്‍ അംഗങ്ങളുമാണ്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പ്രാഥമിക-അന്തിമ വിധി നിര്‍ണ്ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും. ഇവരാണ് 2020 ലെ കേരള ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
ഇത്തവണ എണ്‍പത് ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ നാലെണ്ണം കുട്ടികള്‍ക്കുള്ള ചിത്രങ്ങളാണ്. സെപ്തംബര്‍ 28 ന് ജൂറി സ്ക്രീനിംഗ് ആരംഭിച്ചിട്ടുണ്ട്.
ഡോ. രാജശേഖരനാണ് രചനാവിഭാഗം ചെയര്മാന്. ചലച്ചിത്ര നിരൂപകരാണ് ഡോ. മുരളീധരന് തറയില്‍, ഡോ. ബിന്ദു മേനോന്, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് എന്നിവരാണ് മറ്റംഗങ്ങള്‍.
Recent Comments