അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് ബാബുരാജ് എന്ന നടനെ തേടി എത്തിയെത്തിയത് കൂടുതലും വില്ലന്‍ വേഷങ്ങളായിരുന്നു. സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രമായിരുന്നു വഴിതിരിവായത്. അതിന് ശേഷം ഹാസ്യവേഷങ്ങളിലേക്ക് ചുവടുറപ്പിച്ചു. ‘ജോജി’യിലെ ജോമോന് എന്ന കഥാപാത്രത്തിലൂടെ തനിക്ക് സീരിയസ് വേഷങ്ങള്‍ ഇണങ്ങുമെന്നും ബാബുരാജ് തെളിയിച്ചു. ഇതേത്തുടര്‍ന്ന് നിരവധി കരുത്തുറ്റ കഥാപാത്രങ്ങളാണ് അന്യഭാഷാചിത്രങ്ങളില്നിന്നടക്കം ബാബുരാജിനെ തേടിയെത്തുന്നത്. തമിഴില്‍ വിശാലിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അതിനുശേഷം അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന ‘തേരി’ല്‍ പോലീസ് ഉദ്യോഗസ്ഥനായും വേഷമിട്ടു. പാലക്കാടായിരുന്നു ചിത്രീകരണം നടന്നത്. എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുകയാണ് താരം. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന സിനിമയുടെ ലൊക്കേഷനില്‍നിന്നുള്ള ചിത്രമാണിത്. ഇതിലൊരു പോലീസുകാരന്റെ വേഷമാണ് ബാബുരാജ് ചെയ്യുന്നത്. അദ്ദേഹം നടത്തുന്ന അന്വേഷണങ്ങളും സിനിമയുടെ ഭാഗമാകുമെന്നറിയുന്നു.
പൃഥ്വിരാജിനെ നായകനാക്കി മനുഷ്യമൃഗം എന്ന ചിത്രം ബാബുരാജ് സംവിധാനം ചെയ്തിട്ടുണ്ട്. പോക്കിരിരാജയിലാണ് ഇരുവരും ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
Recent Comments