മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡി ഒടിടി റിലീസിന് തയ്യാറാകുന്നു. ഇത് സംബന്ധിച്ച് ആശിര്‍വാദ് സിനിമാസ് ഹോട്ട്സ്റ്റാറുമായി അന്തിമകരാറിലായതായി അറിയുന്നു. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ബ്രോഡാഡിയുടെ ചിത്രീകരണം ഹൈദരാബാദില്‍ പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ എഡിറ്റിംഗ് ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫൈനല്‍ മിക്സിംഗ് കഴിഞ്ഞതിനുശേഷമേ റിലീസ് ഡേറ്റ് പ്രഖ്യാപിക്കൂ.
മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഡിജിറ്റല്‍ റൈറ്റ്സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയത് ആന്റണി പെരുമ്പാവൂരിന്റെ കീഴിലുള്ള ആശിര്‍വാദ് സിനിമാസാണ്. പൃഥ്വിരാജിന്റെ ലൂസിഫറിലൂടെയായിരുന്നു തുടക്കം. അന്ന് സാറ്റ്ലൈറ്റ് റൈറ്റ്സിനേക്കാളും ഉയര്‍ന്ന തുകയ്ക്കാണ് ഡിജിറ്റല്‍ റൈറ്റ്സ് വിറ്റുപോയത്. ലൂസിഫര്‍ പക്ഷേ തീയേറ്റര്‍ റിലീസ് ആയിരുന്നു.
പൂര്‍ണ്ണമായും ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ആശിര്‍വാദ് ചിത്രം ജീത്തു ജോസഫിന്റെ ദൃശ്യം 2 ആയിരുന്നു. ദൃശ്യം 2 ന് പിന്നാലെ ഇപ്പോള്‍ ബ്രോഡാഡിയും ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ലൂസിഫറും ദൃശ്യം 2 ഉം ആമസോണ്‍ പ്രൈമാണ് വാങ്ങിയതെങ്കില്‍ ബ്രോഡാഡിയെ മോഹവില നല്കി സ്വന്തമാക്കിയത് ഡിസ്നി പ്ലസിന്റെ കീഴിലുള്ള ഹോട്ട്സ്റ്റാറാണ്. ഏഷ്യാനെറ്റ് ചെയര്മാന് കെ. മാധവനുമായുള്ള അടുത്ത സൗഹൃദമാണ് ഹോട്ട്സ്റ്റാറിന് ഡിജിറ്റല്‍ റൈറ്റ്സ് കൈമാറാന്‍ ആശിര്‍വാദിനെ പ്രേരിപ്പിച്ചതെന്നറിയുന്നു. സ്റ്റാര്‍ ഡിസ്നിയുടെ ഇന്ത്യന്‍ ഹെഡ്ഡായി മാധവന് നിയമിതനായതോടെ ആമസോണിന്റെയും നെറ്റ്ഫ്ളിക്സിന്റെയും ഡിജിറ്റല്‍ മോണോപോളിയെ ശക്തമായി പ്രതിരോധിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ ഡിജിറ്റല്‍ ലോകം.
Recent Comments