പതിനൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം സത്യന് അന്തിക്കാടും ജയറാമും വീണ്ടും ഒരുമിക്കുന്നു. 2011 ല്‍ പ്രദര്‍ശനത്തിനെത്തിയ കഥ തുടരുന്നു എന്ന ചലച്ചിത്രമാണ് ഇവരുടെ കൂട്ടുകെട്ടില്‍ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്.
സത്യന് അന്തിക്കാട് ചിത്രങ്ങളില്‍നിന്ന് മോഹന്‍ലാല്‍ താല്‍ക്കാലികമായി അകന്നപ്പോള്‍ ആ സ്പെയ്സിലേക്ക് കടന്നുവന്ന നടനാണ് ജയറാം. പിന്നീട് ജയറാമിനെവച്ച് നിരന്തരം സിനിമകള്‍ സൃഷ്ടിക്കപ്പെട്ടു. തൂവല്കൊട്ടാരവും ഇരട്ടകുട്ടികളുടെ അച്ഛനും വീണ്ടും ചില വീട്ടുകാര്യങ്ങളും കൊച്ചുകൊച്ചു സന്തോഷങ്ങളും യാത്രക്കാരുടെ ശ്രദ്ധയ്ക്കും മനസ്സിനക്കരെയുമൊക്കെ ആ കൂട്ടുകെട്ടില്‍ പിറന്ന ചലച്ചിത്രവിസ്മയങ്ങളായിരുന്നു. അതിനുശേഷം ഒരു ചെറിയ ഇടവേള വേണ്ടിവന്നെങ്കിലും ഭാഗ്യദേവത, കഥ തുടരുന്നു എന്നീ ചിത്രങ്ങളിലും അവര്‍ ഒന്നിച്ചു. അതിനുശേഷമുള്ള അവരുടെ സമാഗമത്തിനുകൂടിയാണ് പുതിയ ചിത്രം സാക്ഷിയാകാനൊരുങ്ങുന്നത്.
തെലുങ്കിലും തമിഴിലുമൊക്കെയായി വിജയഗാഥകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും മലയാളത്തില്‍ തുടര്‍ച്ചയായി പരാജയമായിരുന്നു ജയറാം ചിത്രങ്ങള്‍. തന്റെ കരിയറില്‍ സൗഭാഗ്യങ്ങള്‍ മാത്രം സമ്മാനിച്ച സത്യന് ചിത്രത്തിലൂടെ മാത്രമേ ഇനിയൊരു പുനഃപ്രവേശനത്തിനുള്ളൂ എന്ന ദൃഢനിശ്ചയത്തിലായിരുന്നു ജയമാമും. അതിനുവേണ്ടി തന്നെ തേടിയെത്തിയ പല മലയാളചിത്രങ്ങളെയും ജയറാം ഉപേക്ഷിച്ചിരുന്നു. ചുരുക്കത്തില്‍ ഈ സത്യന്‍ചിത്രം ജയറാമിന്റെ രണ്ടാം വരവാണെന്ന് പറയേണ്ടിവരും.
അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങളില്‍ സത്യന് തുടര്‍ച്ചയായി പരീക്ഷിച്ച നായികയാണ് മീരാജാസ്മിന്. മറ്റൊരു അഭിനേത്രിക്കും സത്യന് ഈ സൗഭാഗ്യം നല്‍കിയിട്ടില്ല. മീരാജാസ്മിന് എന്ന അഭിനേത്രിയെ സമര്‍ത്ഥമായി ഉപയോഗിച്ച സംവിധായകന് കൂടിയാണ് സത്യന്. വീണ്ടുമൊരു സത്യന്ചിത്രത്തിലൂടെ രണ്ടാംവരവിനൊരുങ്ങുന്ന മീരാ ജാസ്മിന് തന്റെ സിനിമാപ്രവേശനം സജീവമാക്കുന്നതിന്റെ സൂചനകളും നല്‍കുന്നുണ്ട്.
ഒക്ടോബര്‍ 15 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിക്കും. അന്ന് വിജയദശമി ദിവസമാണ്. മീരാജാസ്മിനും ദേവികയും ആദ്യദിവസം മുതല്‍ ഷൂട്ടിംഗിനുണ്ടാവും. ജയറാം 20 ന് ജോയിന്‍ ചെയ്യും. ശ്രീനിവാസന്, സിദ്ധിഖ്, ഇന്നസെന്റ്, കെ.പി.എ.സി. ലളിത, ജയശങ്കര്‍, നസ്ലെന് തുടങ്ങിയവരും അഭിനയനിരയിലുണ്ട്.
ഇത്തവണ രണ്ട് തലമുറയുടെ കൂടിച്ചേരലിനും സത്യന് ചിത്രം കളമൊരുക്കുന്നുണ്ട്. ജയറാമും മീരാജാസ്മിനും പഴയ തലമുറയുടെ പ്രതിനിധികളാകുമ്പോള്‍ ന്യൂജെന്നിനെ പ്രതിനിധീകരിക്കാനെത്തുന്നത് നസ്ലെനും ദേവികയമാണ്. ക്യാമറാമാനായി പഴയ തലമുറയിലെ എസ്. കുമാറിനെ നിലനിര്‍ത്തിയപ്പോള്‍ സംഗീത സംവിധായകനായി പുതുതലമുറയുടെ വിഷ്ണുവിജയിയെ സത്യന് കൂട്ടിക്കൊണ്ടുവന്നു. കോസ്റ്റ്യൂമറായി സമീറാസനീഷ് എത്തുമ്പോള്‍ സത്യന്റെ പഴയ കൂട്ടുകാരന്‍കൂടിയായ രാജഗോപാലാണ് എഡിറ്റര്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ഇത്തവണ സത്യന് അന്തിക്കാടിനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്.
സെന്‍ട്രല്‍ പിക്ച്ചേഴാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിതരണവും സെന്‍ട്രല്‍ പിക്ച്ചേഴ്സിനാണ്. ഒരു ഇന്ത്യന്‍ പ്രണയകഥയാണ് സെന്‍ട്രല്‍ പിക്ച്ചേഴ്സ് ഏറ്റവും ഒടുവിലായി നിര്‍മ്മിച്ച സത്യന്‍ചിത്രം.
‘പൂര്‍ണ്ണമായും തീയേറ്റര്‍ റിലീസിനുവേണ്ടി അണിയിച്ചൊരുക്കുന്ന ചിത്രമാണിതെന്നും’ സത്യന്‍അന്തിക്കാട് കാന്‍ചാനലിനോട് പറഞ്ഞുകഴിഞ്ഞു.
Recent Comments