കറുപ്പും വെളുപ്പും ഇടകലര്‍ന്ന രണ്ട് ചിത്രങ്ങള്‍ ഞങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് വയ്ക്കുന്നു.
ഈ ഫോട്ടോയില്‍ കാണുന്നവരെ നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ? കുട്ടിയുടുപ്പ് അണിഞ്ഞ് ചുണ്ടില്‍ പുഞ്ചിരിയുമായി നില്ക്കുന്ന ബാല്യക്കാരിയും അല്‍പ്പം ഗൗരവത്തോടെയാണെങ്കിലും നിഷ്കളങ്കത നിറഞ്ഞുനില്ക്കുന്ന മുഖവുമായി ഒരു കൗമാരക്കാരനും.
ഒന്ന് ഉറപ്പിച്ച് പറയാം, ഈ ഫോട്ടോയില്‍ ഉള്ളവരെ അവരുടെ വീട്ടുകാരോ, ബന്ധുക്കാരോ, സുഹൃത്തുക്കളോ ഇനി ഒരുപക്ഷേ ഈ ഫോട്ടോയെക്കുറിച്ച് അറിവുള്ളവരോ അല്ലാത്ത ആരും തിരിച്ചറിയാന്‍ പോകുന്നില്ല. അതുകൊണ്ട് അവരാരാണെന്നെങ്കിലും ഊഹിക്കാന്‍ ചില സൂചനകള്‍ നല്‍കാം.
രണ്ടുപേരും ഇന്നറിയപ്പെടുന്ന താരങ്ങളാണ്. തൃശൂര്‍ സ്വദേശികള്‍. അടുത്ത സൗഹൃദക്കാര്‍. രണ്ടുപേരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളാണ്. രണ്ടുപേരുടേയും ജന്മദിനം സെപ്തംബറിലാണ്. അതും അടുത്തടുത്ത ദിവസങ്ങളില്‍.
ഇനിയും അവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുണ്ടോ. എങ്കില്‍ ദുരൂഹത നിലനിര്‍ത്താന്‍ ഞങ്ങളും ആഗ്രഹിക്കുന്നില്ല.
ആദ്യത്തെ ഫോട്ടോയില്‍ കുഞ്ഞുടുപ്പിട്ട് നില്ക്കുന്ന കുറുമ്പത്തി മഞ്ജുവാര്യരാണ്. രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്ന കൗമാരക്കാരന് ബിജുമേനോനും.
നായകനായി വന്ന് വില്ലന്‍ വേഷങ്ങളിലൂടെയും ക്യാരക്ടര്‍ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന് ഇന്നും നായകനായി തുടരുന്ന ബിജുമേനോന്. നായികയായി വന്ന് ലേഡീസ് സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിലേയ്ക്ക് വരെ എത്തിനില്‍ക്കുന്ന മഞ്ജുവാര്യര്‍.
മഞ്ജുവാര്യര്‍ ജനിച്ചത് നാഗര്‍കോവിലില്‍ ആണെങ്കിലും തൃശൂരുകാര്‍ക്ക് അവരിന്നും പുള്ളുകാരിയാണ്. ബിജുമേനോന് ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം തൃശൂരിലാണ്. തൃശൂര്‍ സ്ലാങ് സംസാരിക്കാത്ത അപൂര്‍വ്വം തൃശൂര്കാരന്.
സെപ്തംബര്‍ ഒന്‍പതാണ് ബിജുമേനോന്റെ ജന്മദിനം. മഞ്ജുവാര്യര്‍ ജനിച്ചത് സെപ്തംബര്‍ പത്തിനും.
ഇവര്‍ ഒരുമിച്ച് അഭിനയിച്ച കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്തും, പ്രണയവര്‍ണ്ണങ്ങളും, കണ്ണെഴുതി പൊട്ടുംതൊട്ടും കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രങ്ങളായിരുന്നു. ഈ പുഴയും കടന്ന്, പത്രം, കളിയാട്ടം എന്നീ ചിത്രങ്ങളിലെ ഇവരുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
മഞ്ജുവാര്യരുടെ സഹോദരന് മധുവാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിലാണ് ഇവര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ശരിക്കും ലളിതം സുന്ദരത്തിനുവേണ്ടിയാണ് ബിജുവിന്റെയും മഞ്ജുവിന്റെയും ബാല്യത്തിലുള്ള ഈ ചിത്രങ്ങള്‍ സംഘടിപ്പിക്കുന്നത്.
സിനിമയില്‍ ഇവര്‍ സഹോദരനും സഹോദരിയുമാണ്. ഇവരുടെ ബാല്യത്തിലൂടെ കടന്നുപോകുന്ന ധാരാളം സീനുകളുമുണ്ട്. ആല്‍ബം കളക്ഷനുവേണ്ടിയാണ് ഈ ചിത്രങ്ങള്‍ ശേഖരിക്കപ്പെട്ടത്.
ഒരു പടികൂടി കടന്ന് ചിത്രത്തിന്റെ സംവിധായകന് മധുവാര്യര്‍ മറ്റൊരു സസ്പെന്സുകൂടി ഇരുവരും അറിയാതെ ചെയ്തു. നേരത്തെ പറഞ്ഞല്ലോ. സെപ്തംബര്‍ ഒന്‍പതും പത്തുമാണ് ബിജുവിന്റെയും മഞ്ജുവിന്റെയും ജന്മദിനമെന്ന്. അന്നവര്‍ക്ക് ജന്മദിനാശംസ നേര്‍ന്നുകൊണ്ടുള്ള കാര്‍ഡില്‍ മധുവാര്യര്‍ ഉള്‍പ്പെടുത്തിയതും ഈ ചിത്രങ്ങളായിരുന്നു.
Recent Comments