‘മക്കാ മദീന മുത്തു നബിക്ക് ഓമനയായ്…’ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിംഗ് സോംഗുകളിലൊന്നാണിത്. മനോജ് കെ. ജയനാണ് ഈ മാപ്പിളപ്പാട്ട് ആലപിച്ചിരിക്കുന്നത്. ഇതിനോടകം പതിനായിരങ്ങളാണ് ആ പാട്ട് കേട്ടിരിക്കുന്നത്. അതിനേക്കാളേറെ പേര് അത് ഷെയര്‍ ചെയ്തിട്ടുമുണ്ട്. പാട്ടുവിശേഷങ്ങള്‍ അറിയാന്‍ വിളിക്കുമ്പോഴാണ് മനോജ് ലണ്ടനിലാണെന്ന് അറിയുന്നത്. കുടുംബത്തോടൊപ്പം മനോജ് ലണ്ടനിലെത്തിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. പാട്ട് പാടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞുതുടങ്ങി.
‘കഴിഞ്ഞ കൊറോണ കാലത്താണ് ഇങ്ങനെയൊരു പാട്ടിന്റെ കാര്യം പറഞ്ഞ് അന്‍ഷാദ് തൃശൂര്‍ എന്നെ വിളിക്കുന്നത്. ഖത്തറിലാണ് അദ്ദേഹത്തിന് ജോലി. നല്ലൊരു സംഗീതജ്ഞനാണ്. മുമ്പും നിരവധി ആല്‍ബങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്. എം.ജി. ശ്രീകുമാര്‍, വേണുഗോപാല്‍, മധു ബാലകൃഷ്ണന് തുടങ്ങിയവരെക്കൊണ്ടൊക്കെ പാടിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു എന്നെക്കൊണ്ട് ഒരു പാട്ട് പാടിക്കണമെന്നുള്ളത്. ആ ആവശ്യവും പറഞ്ഞാണ് അദ്ദേഹം എന്നെ വിളിക്കുന്നതും. നിര്‍ഭാഗ്യവശാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ച നാളുകളായിരുന്നു അത്. റിക്കോര്‍ഡിംഗ് സ്റ്റുഡിയോകളടക്കം അടച്ചുപൂട്ടി. പിന്നീട് പാടാമെന്ന് പറഞ്ഞ് ഞാനുമൊഴിഞ്ഞു. അതിനുശേഷം അക്കാര്യം ഞാനും മറന്നു. രണ്ടാഴ്ച മുമ്പ് അന്‍ഷാദ് വീണ്ടും വിളിച്ചു. അവരുടെ ആവശ്യം അറിയിച്ചു. ഒരു വര്‍ഷമായി എനിക്കുവേണ്ടി കാത്തിരിക്കുകയാണെന്ന് പറഞ്ഞു. കേട്ടപ്പോള്‍ അത്ഭുതമായി. അപ്പോഴും ആ പാട്ട് എനിക്കുവേണ്ടി പിറവി കൊണ്ടതാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല. റിക്കോര്ഡിംഗിനുശേഷം ഞാന്‍ മമ്മുക്കയെ ഫോണ്‍ ചെയ്തു. മമ്മുക്കയുടെ ഫെയ്സ്ബുക്ക് വഴി ആ പാട്ട് റിലീസ് ചെയ്യുവാന്‍ കഴിയുമോ എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിളിച്ചത്. പാട്ട് പെട്ടെന്ന് അയച്ചുതരാനാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ പാട്ട് അയച്ചുകൊടുത്തു. ആ പാട്ട് അതിനുമുമ്പ് അത് സൃഷ്ടിച്ചവരും എന്റെ ഭാര്യയുമല്ലാതെ മറ്റാരും കേട്ടിട്ടുണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ എനിക്ക് മമ്മൂക്കയുടെ മറുപടി വന്നു. പാട്ട് ഗംഭീരം. അതെനിക്ക് ആത്മവിശ്വാസം നല്കി. കാരണം അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ആളാണ് മമ്മൂക്ക. അങ്ങനെയൊരാള്‍ അത് നന്നായിട്ടുണ്ടെന്ന് പറഞ്ഞെങ്കില്‍ ആ പാട്ടില്‍ എവിടെയോ ഒരു ബ്ലെസ്സിംഗ് ഒളിഞ്ഞുകിടപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി.’
‘പാട്ടിന്റെ റിലീസിന് പിന്നാലെ ലഭിച്ച ജനപിന്തുണ അതിനുള്ള ഉത്തമ ദൃഷ്ടാന്തമായിരുന്നു. അടിസ്ഥാനപരമായി ഞാനൊരു സംഗീതകുടുംബത്തില്നിന്ന് വന്ന ആളാണെങ്കില്‍പോലും അഭിനയമാണ് എന്റെ കര്‍മ്മമേഖല. സംഗീതത്തില്‍ അത്രകണ്ട് ഇനിയും കൈവെച്ചിട്ടില്ല. വല്ലപ്പോഴും ഇങ്ങനെ കിട്ടുന്ന പാട്ടുകളാണ് ഇനിയും പാട്ടുകള്‍ പാടാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. അതിന് സര്‍വ്വേശ്വരനോട് നന്ദി പറയുന്നു. ഈ പാട്ട് കേട്ട് അനുഗ്രഹിച്ച എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോടും.’
Recent Comments