രണ്ടുമൂന്ന് ദിവസമായി മണിയന്‍പിള്ള രാജുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം ഫോണ്‍ സ്വിച്ച് ഓഫ് മോഡിലായിരുന്നു. ഇന്നലെയാണ് അദ്ദേഹത്തെ ലൈനില്‍ കിട്ടിയത്.
‘ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നല്ലോ?’
‘ഞാന്‍ നാട്ടില്‍ ഇല്ലായിരുന്നു. അബുദാബിയിലായിരുന്നു. ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്.’
‘അബുദാബിയില്‍ എന്തായിരുന്നു പരിപാടി?’
‘ഞാന്‍ കൂടി പങ്കാളിയാകുന്ന ഒരു റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് പോയതാണ്. നിസാമും നൗഷാദുമാണ് പാര്‍ട്ട്ണേഴ്സ്. കിവിസോ (KIWIZO) എന്നാണ് റസ്റ്റോറന്റിന്റെ പേര്. അബുദാബിയിലുള്ള മുഷ്റഫ് അലി മാളിലാണ് റസ്റ്റോറന്റ്. സെപ്തംബര്‍ 29 നായിരുന്നു ഉദ്ഘാടനം. റോബോട്ടുകളാണ് അവിടെ ഭക്ഷണം വിളമ്പുന്നത്. വിളമ്പുക മാത്രമല്ല, ആളുകളുമായി അത് സംസാരിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള യുഎഇ ലെ ആദ്യത്തെ ഹോട്ടലുകൂടിയാണ്. നിലവില്‍ രണ്ട് റോബോട്ടുകളാണ് ഉള്ളത്. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തവയാണ് ഈ റോബോട്ടുകള്‍. ഇവ വ്യോമമാര്‍ഗ്ഗം എത്തിക്കാന്‍ ഏറെ നൂലാമാലകള്‍ ഉണ്ടായിരുന്നു. അതാണ് പണിയൊക്കെ നേരത്തേ പൂര്‍ത്തിയാക്കിയിട്ടും ഹോട്ടല്‍ തുടങ്ങാന്‍ വൈകിയത്.’
‘റോബോട്ടിക്ക് റസ്റ്റോറന്റിന്റെ ആശയത്തിന് പിന്നിലെന്താണ്?’
‘അടച്ചുപൂട്ടുള്ള ഒരു മുറിയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലമൊക്കെ ആളുകളില്‍നിന്ന് മാറിയിരിക്കുന്നു. പകരം ഇന്ന് അതൊരു വിനോദത്തിന്റെ ഭാഗം കൂടിയാണ്. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. അവര്‍ക്ക് എന്തെങ്കിലുമൊക്കെ എന്റര്ടൈന്മെന്റ്സ് ആവശ്യമാണ്. റോബോട്ടുകള്‍ തീര്‍ച്ചയായും അവര്‍ക്കുള്ള നല്ല കളികൂട്ടുകാരായിരിക്കും.’
‘കേരളത്തിലും ഈ മാതൃകയില്‍ ഒരു റസ്റ്റോറന്റ് ആരംഭിച്ചിരുന്നല്ലോ?’
‘അതെ. കണ്ണൂര്‍ ടൗണിലാണ് അത് തുടങ്ങിയത്. ലോക് ഡൗണിനെത്തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിയതാണ്. ഇപ്പോഴും എ.സി. റസ്റ്റോറന്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ലാത്തതുകൊണ്ട് അടഞ്ഞുകിടക്കുകയാണ്. ഇനി തുറക്കുന്നത് പക്ഷേ റസ്റ്റോറന്റ് അവിടെനിന്ന് ഷിഫ്റ്റ് ചെയ്തുകൊണ്ടായിരിക്കും. പയ്യാമ്പലത്തിനടുത്തായിരിക്കും പുതിയ റസ്റ്റോറന്റ്. ബീച്ചിനടുത്താവുമ്പോള് അവിടുത്തെ അന്തരീക്ഷവും വ്യത്യസ്തമായിരിക്കും. പാര്‍ക്കിംഗിനുള്ള സൗകര്യവും ഉണ്ടാകും.’
‘പുതിയ നിര്‍മ്മാണസംരംഭം എവിടെവരെയായി?’
‘മാര്‍ച്ചില്‍ തുടങ്ങേണ്ടിയിരുന്ന സിനിമയായിരുന്നു. ലോക് ഡൗണിനെത്തുടര്‍ന്ന് അത് നീണ്ടുപോയി. സേതു തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രമാണ്. ആസിഫ് അലിയാണ് നായകന്. പുതിയ ഷെഡ്യൂളനുസരിച്ച് ഡിസംബറില്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും.’
Recent Comments