ലോകമാകെയുള്ള തിയേറ്റര്‍ വ്യവസായത്തിന്റെ രക്ഷകനായി ജെയിംസ് ബോണ്ടും ആ സീരീസിലെ ഏറ്റവും പുതിയ ചിത്രമായ ‘നോ ടൈം റ്റു ഡൈ’യും മാറുകയാണ്. സെപ്റ്റംബര്‍ 28ന് ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍വച്ചായിരുന്നു പ്രീമിയര്‍ ഷോ. യുകെ റിലീസ് 30 നും. യുകെ സിനിമാ അസോസിയേഷന് പുറത്തുവിട്ട കണക്ക് പ്രകാരം യുകെയിലും അയര്‍ലന്‍ഡിലുമായി ആദ്യത്തെ നാല് ദിവസങ്ങളില്‍മാത്രം 26 മില്യണ്‍ പൗണ്ട് (264 കോടി രൂപ) ആണ് നേടിയത്. ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുകെ ഓപണിംഗാണിത്. യുകെയില്‍ മാത്രം 772 തിയറ്ററുകളിലായി ദിവസേന 9000 ഷോകള്‍ നടന്നു. റിലീസ് ചെയ്യപ്പെട്ട 54 ലോകരാജ്യങ്ങളില്‍ നിന്നായി ചിത്രം ഈ കാലയളവില്‍ നേടിയത് 88 മില്യണ്‍ പൗണ്ട് (893 കോടി രൂപ) ആണ്. ഹോളിവുഡ് സിനിമകളുടെ ഏറ്റവും പ്രധാന മാര്‍ക്കറ്റുകളായ അമേരിക്കയിലും ചൈനയിലും ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ലെന്നുകൂടി ഓര്‍ക്കണം.
ചൈനീസ് റിലീസിനു മുന്‍പ് 100 മില്യണ്‍ ഡോളര്‍ നേടുന്ന ആദ്യ ഹോളിവുഡ് ചിത്രവുമായിരിക്കുകയാണ് നോ ടൈം റ്റു ഡൈ. യുഎസില്‍ ഈ മാസം 8നും ചൈനയില്‍ 29നുമാണ് ചിത്രത്തിന്റെ റിലീസ്. ജെയിംസ് ബോണ്ട് സീരീസിലെ 25-ാം ചിത്രമായ നോ ടൈം റ്റു ഡൈ ഇപ്പോഴത്തെ ബോണ്ട് ഡാനിയല്‍ ക്രെയ്ഗിന്റെ വിടവാങ്ങല്‍ ചിത്രം കൂടിയാണ്. ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്ന ‘സ്കൈഫാളി’ന് തുല്യമായ വിജയമാണ് നോ ടൈം റ്റു ഡൈ നേടിക്കൊണ്ടിരിക്കുന്നതെന്ന് വിതരണക്കാരായ യൂണിവേഴ്സല്‍ പിക്ചേഴ്സ് അറിയിച്ചു.
കാരി ജോജി ഫുക്കുനാഗയാണ് ചിത്രത്തിന്റെ സംവിധായകന്. ക്രിസ്റ്റോഫ് വാള്‍ട്ട്സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 2020 ഏപ്രിലിലായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം മാറ്റുകയായിരുന്നു. 250 ബില്യണ്‍ ഡോളര്‍ നിര്‍മ്മാണച്ചെലവുള്ള ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് അനിശ്ചിതമായി നീളുന്നത് നിര്‍മ്മാതാക്കളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അതിനെത്തുടര്‍ന്ന് ഒടിടി റിലീസിനുള്ള സാധ്യതകള്‍ പരിഗണിക്കുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ തന്നെ എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കളുടെ തീരുമാനം. കേരളത്തിലെ തിയേറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഇവിടെയും ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.
Recent Comments