ഹണിബീയുടെ ഷൂട്ടിംഗ് സമയത്താണ് ആ സംഭവം നടക്കുന്നത്. ക്ലൈമാക്സ് ചിത്രീകരണമാണ്. ഞാനും ഭാവനയും കടലിലേക്ക് എടുത്ത് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സീനാണ് സംവിധായകന് ജീന്‍ പോള്‍ ലാല്‍ പ്ലാന്‍ ചെയ്തത്. പക്ഷേ എന്ത് പറഞ്ഞിട്ടും ഭാവന കടലിലേക്ക് ചാടാന്‍ തയ്യാറായില്ല. പകരം ഒരു പ്രൊഫഷണല്‍ ഡൈവര്‍ കൂടിയായ പെണ്‍കുട്ടി ഭാവനയുടെ ഡ്യൂപ്പായി. ആ കുട്ടി തലമുടി പറ്റ വെട്ടിയിരിക്കുകയായിരുന്നു.നിരന്തരം സ്ക്യൂബ ഡൈവിങ് ചെയ്യുന്നതിനുള്ള എളുപ്പത്തിനാവണം. ഭാവനയുടെ ഫിഗര്‍ പിടിക്കാന്‍ ആ കുട്ടിക്ക് ഒരു വിഗ്ഗ് വെച്ച് കൊടുത്തു. കടലില്‍ ചാടാന്‍ ഉള്ളില്‍ ചെറിയ പേടിയുണ്ടായിരുന്നു. എങ്കിലും കൂടെ ഒരു പ്രൊഫഷണല്‍ സ്ക്യൂബ ഡൈവര്‍ ഉള്ള ആത്മവിശ്വാസത്തിലായിരുന്നു ഞാന്‍.
ടേക്ക് പോയി. ഞങ്ങള്‍ വെള്ളത്തിലേക്ക് എടുത്തു ചാടി. ആ ചാട്ടത്തിനിടെ പെണ്‍കുട്ടിയുടെ തലയിലെ വിഗ്ഗ് അവരുടെ മുഖത്ത് കുടുങ്ങി. അതിന്റെ വെപ്രാളത്തില്‍ പ്രാണരക്ഷാര്‍ത്ഥം അവരെന്നെ ശക്തമായി പിടിച്ചു. ഞാനവരുടെ പിടി വിടുവിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ശരിക്കും ഞങ്ങള്‍ രണ്ടുപേരും മരണത്തോട് മല്ലടിക്കുകയായിരുന്നു. എന്നാല്‍ ഇതെല്ലാം കണ്ട് കൊണ്ടുനിന്ന സംവിധായകന് ജീനും കൂട്ടരും കരുതിയത് എന്റെ അഭിനയമികവായിരിക്കുമെന്നാണ്. ഞാനും ആ കുട്ടിയും കടന്ന് പോകുന്നത് അപകടത്തിലേക്കാണെന്ന് മനസ്സിലാക്കിയ ലക്ഷ്വദ്വീപ്കാരായ ഡൈവിങ് സഹായികള്‍ ഉടന്‍ ഞങ്ങളെ രക്ഷിക്കുകയായിരുന്നു. അങ്ങനെ പ്രാണന് തിരിച്ചുകിട്ടി. പക്ഷെ ഒരിക്കലും തിരിച്ചെടുക്കാന്‍ പറ്റാത്ത തരത്തിലുള്ള ചീത്ത എന്റെ ദേഷ്യം തീരുന്നതുവരെ ഞാന്‍ ജീനിനെ വിളിച്ചു.
ഒരുപക്ഷെ ആ സിനിമയുടെ ക്ലൈമാക്സ് കാണുമ്പോള്‍ അന്ന് ഞാന്‍ കാണിച്ചത് ആക്ടിങ് ആണെന്ന് ജീനിനെ പോലെ പ്രേക്ഷകര്‍ക്കും തോന്നിയെങ്കില്‍ തെറ്റി. അത് ശരിക്കും ഞങ്ങളുടെ മരണവെപ്രാളമായിരുന്നു.
മെന്റലിസ്റ്റ് ആദിയോടൊപ്പം കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ എക്സ്ക്ലൂസിവ് ഇന്റര്‍വ്യൂവില്‍ വച്ചായിരുന്നു ആസിഫ് അലിയുടെ ഈ വെളിപ്പെടുത്തല്‍.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം:
Recent Comments