ഈ കുറിപ്പ് എഴുതാന്‍ തുടങ്ങുമ്പോഴും പുറത്ത് മഴയുണ്ടായിരുന്നു. കറുത്ത മേഘക്കെട്ടുകള്‍ വിങ്ങിപ്പൊട്ടാന്‍ നില്‍പ്പുണ്ട്. ചില വിയോഗങ്ങളില്‍ പ്രകൃതിയും ഇഴുകിച്ചേരുന്നത് ഈവിധമാകാം…
ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ അനുഭവിച്ചിട്ടുള്ള വലിയ ആത്മസംഘര്ഷങ്ങളിലൊന്ന്, നമ്മുടെ പ്രിയപ്പെട്ടവരുടെ വിയോഗങ്ങള്‍ കേള്‍ക്കുമ്പോള്‍ കുറച്ചുനേരം തനിച്ചിരിക്കാനും അവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥനയോടെ ഒരല്പ്പനേരം മൗനമായിരിക്കാനും അവസരം കിട്ടാറില്ലെന്നതാണ്. പകരം വിട്ടുപോയവരുടെ ഓര്‍മ്മകള്‍ പകര്‍ത്താനും അവരുമായി ബന്ധപ്പെട്ടവരെ വിളിക്കാനും അത് പകര്ത്തിയെഴുതാനുമാകും നിയോഗം. അങ്ങനെ ചിലരെക്കുറിച്ച് എഴുതുമ്പോഴും മനസ്സ് പ്രക്ഷുബ്ധമായിരിക്കും. ഒന്നിലും മനസ്സുറയ്ക്കില്ല. യാന്ത്രികമായി പണിയെടുക്കുന്നുണ്ടാവും. അത്രതന്നെ.
വേണുച്ചേട്ടന്റെ വിയോഗവാര്‍ത്ത വരുമ്പോഴും സമാനമായ മാനസികാവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപൊയ്ക്കൊണ്ടിരുന്നത്. അതുകൊണ്ടാണ് വേണുച്ചേട്ടനെക്കുറിച്ച് എന്തെങ്കിമൊന്ന് എഴുതാന്‍ പിറ്റേന്ന് പ്രഭാതംവരെ കാത്തിരിക്കേണ്ടിവന്നത്. അപ്പോഴും പ്രകൃതി മൂടിക്കെട്ടിയതുപോലെ എന്തോ ഒന്ന് മനസ്സിനെയും വരിഞ്ഞുമുറുക്കി നില്‍പ്പുണ്ടായിരുന്നു.
ബാലേട്ടന് എന്ന സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്തെ മങ്കരവീട്ടില് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി നെടുമുടി വേണുവിനെയും കാണുന്നത്. പത്രപ്രവര്‍ത്തനം അതിനുമുമ്പേ തുടങ്ങിയിരുന്നെങ്കിലും ചലച്ചിത്രമാധ്യമ പ്രവര്‍ത്തനത്തിന്റെ ആദ്യകളരിയായിരുന്നു അത്. നിയോഗം മോഹന്‍ലാലിന്റെ അഭിമുഖം പകര്‍ത്താനും.
അന്നവിടെ എനിക്കാരേയും പരിചയമുണ്ടായിരുന്നില്ല. പക്ഷേ, എന്നെ ആ സൗഹൃദങ്ങളുടെ തണുപ്പിലേയ്ക്ക് ആദ്യമായി അടുപ്പിച്ചത് ഞാന്‍പോലും അറിയാതെ വേണുച്ചേട്ടനാണ്.
ബാലേട്ടന്റെ സെറ്റില്‍വെച്ച് കൊല്ലം മോഹന്‍ പകര്‍ത്തിയ ചിത്രമാണ് ഇതിനോടൊപ്പം കൊടുത്തിരിക്കുന്നത്. നോക്കൂ, ചലച്ചിത്ര നഭസ്സിലെ മഹാപ്രതിഭകള്ക്കൊപ്പമാണ് ഇരിക്കുന്നത്. ഞാനാകട്ടെ എല്‍.കെ.ജി. സ്റ്റുഡന്റും. അവരുടെ ഇടയിലേയ്ക്ക് സൗഹൃദത്തിന്റെ കസേര ആദ്യമായി ഇട്ടുതന്നത് വേണുച്ചേട്ടനാണ്. ഇനിയൊരുപക്ഷേ അദ്ദേഹം ഒരു മാധ്യമപ്രവര്ത്തകനായിരുന്നത് കൊണ്ടാവും ഒരു പത്രപ്രവര്‍ത്തകന്റെ സ്ഥാനം എവിടെയായിരിക്കണമെന്നുള്ള കാര്യത്തില്‍ സംശയങ്ങളുണ്ടാവാതിരുന്നത്. സത്യത്തില്‍ അതൊരു ഭാരിച്ച ഉത്തരവാദിത്തം കൂടിയായിരുന്നു. ആ സ്ഥാനം ചോദിച്ചുവാങ്ങാതെ കിട്ടാന്‍ എന്തൊക്കെ ചെയ്യണമെന്നുള്ള പരിശീലനത്തിന്റെ ആദ്യചുവടും.
പിന്നീടെത്രയോവട്ടം അദ്ദേഹത്തെ കണ്ടിരിക്കുന്നു. നേരിട്ടും സെറ്റുകളിലും പിന്നീട് അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ വീട്ടില്‍വച്ചും.
മോഹന്‍ലാലിനെക്കുറിച്ച് ഒരു പംക്തി എഴുതിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ‘തമ്പി’ലെത്തിയത്. പൊതുവെ അഭിമുഖങ്ങളില്‍നിന്ന് അകന്നു നില്‍ക്കുന്നതായിരുന്നു വേണുച്ചേട്ടന്റെ പ്രകൃതം. കഴിയുമെങ്കില്‍ ആദ്യം ഒന്ന് ഒഴിയും. അത്തരം ഒഴിവുകഴിവുകള്‍ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ തമ്പില്വെച്ച് കാണാമെന്ന് പറഞ്ഞു. അവിടെ എത്തിയപ്പോഴാണ് ആ സ്നേഹത്തിന്റെ മറ്റൊരു ഊഷ്മളതകൂടി അനുഭവിക്കാനായത്. ഉമ്മറപ്പടിയില്‍ കാലും നീട്ടി വിസ്തരിച്ച് ഒന്നു മുറുക്കി അദ്ദേഹം തൊട്ടുമുന്നിലിരിക്കുമ്പോള് സഹോദരസാമീപ്യമാണ് ഞാന്‍ അറിഞ്ഞത്.
എവിടെവച്ച് കണ്ടാലും കരംനീട്ടി ശരീരത്തോട് ചേര്‍ത്തുനിര്‍ത്തും. വിശേഷങ്ങള്‍ തിരക്കും. നാനയില്നിന്ന് ഇറങ്ങുകയാണെന്ന് വിളിച്ചു പറയുമ്പോള്‍ ‘എന്തുപറ്റി?’ എന്ന മറുചോദ്യം ഒരല്‍പ്പം ആകാംക്ഷ നിറഞ്ഞതായിരുന്നു. എന്റെ മറുപടി അദ്ദേഹത്തെ തൃപ്തനാക്കിയെന്ന് തോന്നുന്നു. ‘കൂടുതല്‍ ഇനിയും എന്തെങ്കിലും ചെയ്യാനുണ്ടാകുമെന്ന്’ പറഞ്ഞു. പുതുതായി തുടങ്ങാന്‍ പോകുന്ന കാന്‍ ചാനലിന്റെ വിശേഷങ്ങള്‍ പറയുമ്പോള്‍ ‘നന്നായി വരുമെന്ന’ അനുഗ്രഹമാണ് കിട്ടിയത്. ഇതില്‍ക്കൂടുതല്‍ എന്താണ് ഒരു ഇളംതലമുറക്കാരന് കിട്ടാനുള്ളത്.
ഇപ്പോള്‍ മനസ്സിനൊരാശ്വാസം തോന്നുന്നു. പുറത്ത് മഴത്തുള്ളികളും നേര്ത്തില്ലാതായിക്കൊണ്ടിരിക്കുന്നു. പക്ഷേ മൂടിക്കെട്ടിയ അന്തരീക്ഷത്തിന് മാറ്റമൊന്നുമില്ല.
ഒരു മഹാനടന്റെ ഭൗതികശരീരം ചിതയിലേയ്ക്കെടുക്കാന്‍ മണിക്കൂറുകള്‍മാത്രം ശേഷിക്കേ ഒരു പ്രാര്‍ത്ഥന മാത്രമേയുള്ളൂ. അദ്ദേഹം എവിടെയായിരുന്നാലും കലയുടെ മഹാസദസ്സിലാവണം. അവിടെയും രത്നശോഭയോടെ അദ്ദേഹത്തിന് വാഴാനാവണം.
കെ. സുരേഷ്
Recent Comments