മഹാനാടന് നെടുമുടി വേണുവിന്റ അപ്രതീക്ഷിത വിയോഗം ഇന്ത്യന്‍ സിനിമയെയും പ്രേക്ഷകരെയും ഒരു പോലെ ദുഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. ഏതു സങ്കീര്‍ണത നിറഞ്ഞ കഥാപാത്രവും അദ്ദേഹത്തിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു.
നെടുമുടി വേണു യാത്രയായെങ്കിലും അദ്ദേഹത്തിനായി നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ഒരുങ്ങുന്നുണ്ടായിരുന്നു. നെടുമുടി വേണുവിന്റെ റിലീസിനായി കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് ഉള്ളത്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം രണ്ട് സിനിമകള്‍ വീതം പുറത്തു വരാനുണ്ട്. അദ്ദേഹം ഒടുവിലായി അഭിനയിച്ചത് മമ്മൂട്ടിയുടെ പുഴുവില്‍. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അയല്‍ക്കാരനായാണ് അദ്ദേഹം വേഷമിട്ടത്. വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടിയും സംവിധായകന് അമല്‍ നീരദും ഒന്നിച്ച ഭീഷ്മപര്‍വത്തിലും നെടുമുടി വേണു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന് ടീമിന്റെ ആറാട്ടിലും അദ്ദേഹം അഭിനയിച്ചു. മോഹന്‍ലാലിനൊപ്പമുളള നടന്റെ അവസാന ചിത്രങ്ങളിലൊന്നായിരുന്നു അത്. കൂടാതെ പ്രിയദര്ശന് ചിത്രം മരക്കാറിലും നെടുമുടി വേണു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സാമൂതിരിയായാണ് അദ്ദേഹം ചിത്രത്തില്‍ വേഷമിട്ടത്.
തീയേറ്റര്‍ റിലീസിന് ഒരുങ്ങുന്ന സന്തോഷ് ശിവന് ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്’.മഞ്ജുവാര്യര്‍, കാളിദാസ് ജയറാം, സൗബിന്, രമേശ് പിഷാരടി, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നെടുമുടിവേണുവും ശക്തമായ ഒരു വേഷം ചെയ്യുന്നു.
പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കം നിരവധി പ്രമുഖര്‍ ഈ അതുല്യ പ്രതിഭയുടെ വിയോഗത്തില്‍ അനുശോചിച്ചു. പൊതുദര്‍ശനത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം നടത്തും.
Recent Comments