പകരം വയ്ക്കാനില്ലാത്ത ഒരു അതുല്യ പ്രതിഭയെ കൂടി നമുക്ക് നഷ്ടമായിരിക്കുന്നു. മരണ വാര്‍ത്തകള്‍ കേട്ടുകേട്ട് മനസ്സ് മരവിച്ചു പോയിരിക്കുന്നു. ചുറ്റുമുള്ളവരിലും അതെനിക്ക് കാണാന്‍ കഴിയുന്നുണ്ട്.
എന്താ വേണു ചേട്ടനെ കുറിച്ചു പറയുകാ. എത്ര സിനിമകള്‍ ഒരുമിച്ചു ചെയ്തിരിക്കുന്നു. ലൊക്കേഷനിലിരുന്നുള്ള സംസാരങ്ങള്‍, തമാശകള്‍… പറഞ്ഞാല്‍ തീരുന്നവയല്ല അതൊന്നും. അപ്രതീക്ഷിതമായ വേണുവേട്ടന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഒരു നിമിഷം സ്തംഭിച്ചുപോയി. പെട്ടെന്ന് ഓര്‍മ്മയിലേയ്ക്ക് വന്നത് നാല് പതിറ്റാണ്ടുകള്‍ക്കുമുമ്പുള്ള ഒരു പ്രഭാതമാണ്.
ഏതാണ്ട് പത്തുമണി ആയിക്കാണും ഫോണ്‍ ബെല്ലടിക്കുന്നു. ചെന്ന് എടുത്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ ജഗതി ശ്രീകുമാറാണ്.
”ലളിതശ്രീ… ഇന്ന് ഫ്രീ ആണോ?”
”ആ, അതെ ചേട്ടാ…”
”എങ്കില്‍ വേഗം റെഡിയായിരിക്കൂ. എന്റെ ഒരു കൂട്ടുകാരന് കേരളകൗമുദി റിപ്പോര്‍ട്ടറാണ്. ലളിതശ്രീയുടെ അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടു. പറ്റിയാല്‍ ഞാനും എത്താന്‍ നോക്കാം.’ എന്ന് പറഞ്ഞു അമ്പിളി ചേട്ടന് ഫോണ്‍ വച്ചു.
ഞാന്‍ വേഗം റെഡിയായി ഇരുന്നു. ഒരു പതിനൊന്ന് മണി ആയപ്പോള്‍ ഒരു താടിക്കാരന് എത്തി. മുണ്ടും ജുബ്ബയുമാണ് വേഷം. തോളില്‍ ഒരു സഞ്ചിയുമുണ്ട്. കൂടെ ഒരു ഫോട്ടോഗ്രാഫറും. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്പിളി ചേട്ടനും എത്തിച്ചേര്‍ന്നു. ഫോട്ടോഗ്രാഫര്‍ എന്റെ കുറെ ചിത്രങ്ങളെടുത്തു. ഒന്ന് രണ്ട് ചിത്രങ്ങളൊഴികെ ബാക്കിയുള്ളവ മാദകത്വം നിറഞ്ഞവയായിരുന്നു. താടിക്കാരന് കുറെ ചോദ്യങ്ങള്‍ ചോദിച്ചു. അഭിമുഖം പ്രസിദ്ധീകരിച്ച ശേഷം ബൂക്ക് അയച്ചു തരാം എന്ന് പറഞ്ഞു അവര്‍ പോയി. പറഞ്ഞ പ്രകാരം ബൂക്ക് പ്രസിദ്ധീകരിച്ചത് പോസ്റ്റില്‍ അയച്ചു തന്നു. പക്ഷേ അതില്‍ ഒന്നുരണ്ട് നല്ല ഫോട്ടോകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
കുറെ നാളുകള്‍ക്ക് ശേഷം മഞ്ഞിലാസിന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍നിന്ന് മാനേജര്‍ ജോസിന്റെ വിളി വന്നു. ഭരതന് സാര്‍ സംവിധാനം ചെയ്യുന്ന പറങ്കിമല എന്ന സിനിമയിലേക്കുള്ള ക്ഷണമായിരുന്നു അത്. കാക്കനാടന്റെ ഒരു നോവലാണ് സിനിമയാക്കുന്നത്. എന്റെ പേര് നിര്‍ദ്ദേശിച്ചത് കെപിഎസി ലളിതചേച്ചിയാണെന്നും ജോസ് പറഞ്ഞു.
പാലക്കാട് മണ്ണാര്‍ക്കാടായിരുന്നു ചിത്രീകരണം. നായിക സൂര്യയും നായകന് ബെന്നിയും. മണ്ണാര്‍ക്കാട് അന്ന് ഇന്നത്തെപോലെ വികസനമൊന്നും വന്നിട്ടില്ല. ഒരു ചെറിയ ഹോട്ടലിലായിരുന്നു അഭിനയിക്കാന്‍ വന്നവരൊക്കെ തങ്ങിയത്. ഷൂട്ടിങ്ങ് തുടങ്ങുന്ന ദിവസം എല്ലാവരും പരസ്പരം പരിചയപ്പെടുന്ന രീതിയുണ്ടായിരുന്നു. അന്നേരം അഭിനയിക്കാന്‍ എത്തിയ ഒരു നടന് വന്നു എന്നോട് ചോദിച്ചു.
”എന്നെ ഓര്‍മയുണ്ടോ?” ഞാന്‍ എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. അപ്പോള്‍ ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ”ജഗതി ശ്രീകുമാറിന്റെ കൂടെ അഭിമുഖം ആവശ്യപ്പെട്ട് വന്ന കേരളകൗമുദി റിപ്പോര്‍ട്ടറെ ഓര്‍മയില്ലേ?”
അപ്പോഴാണ് ഞാനദ്ദേഹത്തെ തിരിച്ചറിഞ്ഞത്. ‘അന്ന് എടുത്ത ഫോട്ടോകള്‍ എന്തേ? പത്രത്തില്‍ നല്ല രണ്ടെണ്ണം മാത്രമല്ലേ പ്രസിദ്ധീകരിച്ചുള്ളൂ.’ ഞാന്‍ ചോദിച്ചു.
‘നെഗറ്റീവ് അടക്കം അതെല്ലാം ഭദ്രമായി എന്റെ കയ്യിലുണ്ട്. അത് പ്രസിദ്ധീകരിക്കാന്‍ തോന്നിയില്ല. നിന്റെ ഭാവിയെ അത് ബാധിക്കുമെന്ന് തോന്നി.” ഒരു സഹോദരിയോട് ജ്യേഷ്ഠന് തോന്നുന്ന സ്നേഹം അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു.
സകലകലാവല്ലഭനായിരുന്നു വേണുവേട്ടന്. അതിനേക്കാളുപരി ജാടകളില്ലാത്ത വ്യക്തിത്വം. വേണുചേട്ടനും അരങ്ങൊഴിഞ്ഞു എന്ന സത്യം വല്ലാത്തൊരു ശൂന്യത നിറയ്ക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങള്ക്കുണ്ടാകട്ടെ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Recent Comments