വിജയദശമി ദിവസമാണ് അവര്‍ ആ കൂടിക്കാഴ്ചയ്ക്കായി തെരഞ്ഞെടുത്തത്. അന്ന് വിദ്യാരംഭമാണ്. അനവധി കുരുന്നുകള്‍ അറിവിന്റെ ലോകത്തേയ്ക്ക് പിച്ചവയ്ക്കുന്ന ദിവസം. അവര്‍ക്കും ഒരു തരത്തില്‍ പുതിയ തുടക്കത്തിലേയ്ക്കുള്ള കാല്‍വയ്പ്പായിരുന്നു. വിലായത്ത് ബുദ്ധയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. അത് ഇനി വായിച്ചുകേള്ക്കേണ്ട ഒരാള്‍ അതിലെ നായകന് പൃഥ്വിരാജാണ്. എങ്കില്‍ വിജയദശമി ദിവസംതന്നെ അത് കൈമാറാമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. സംവിധായകന് ജയന് നമ്പ്യാരും തിരക്കഥാകൃത്തുക്കളില്‍ ഒരാളായ രാജേഷും നിര്‍മ്മാതാവ് സന്ദീപ് സേനനും പൃഥ്വിരാജിന്റെ വീട്ടിലേയ്ക്ക് പോയി. അവിടെവച്ച് തിരക്കഥ കൈമാറി. കഥയുടെ കയറ്റിറക്കങ്ങള്‍ ചര്‍ച്ചയായി. ഡേറ്റിനെസംബന്ധിച്ചും ഏതാണ്ട് ധാരണയായി. അടുത്ത വര്‍ഷം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും. എല്ലാം നന്നാവട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് അവര്‍ ഒടുവില്‍ യാത്രപറഞ്ഞ് ഇറങ്ങിയതും.
അകാലത്തില്‍ പൊലിഞ്ഞ സച്ചിയുടെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു വിലായത്ത് ബുദ്ധ എന്ന ചലച്ചിത്രം. ആ പേരില്‍ ഇന്ദുഗോപന് എഴുതിയ നോവലെറ്റ് ഇറങ്ങിയപ്പോള്‍തന്നെ അത് സിനിമയാക്കണമെന്ന് ആഗ്രഹിച്ച ആളാണ് സച്ചി. ആ സ്വപ്നപദ്ധതിക്ക് പിന്നാലെയായിരുന്നു അദ്ദേഹം. അതിനിടെയാണ് മരണം അദ്ദേഹത്തെ കവര്‍ന്നുകൊണ്ടുപോയത്. സച്ചി അവശേഷിപ്പിച്ചുപോയ സ്വപ്നത്തെ പൂര്‍ത്തീകരിക്കാന്‍ പിന്നെ മുന്നിട്ടിറങ്ങിയത് അദ്ദേഹത്തിന്റെ ശിഷ്യന്മാരില് ഒരാള്‍ കൂടിയായ ജയന് നമ്പ്യാരാണ്. സന്ദീപ് സേനനും ഇന്ദുഗോപനും രാജേഷും അങ്ങനെ അനവധി സുഹൃത്തുക്കളും അതിനൊപ്പം ചേര്‍ന്നപ്പോള്‍ ആ പ്രോജക്ട് വീണ്ടും സക്രിയമായി. അതിന്റെ പ്രാരംഭനടപടികള്ക്കാണ് വിജയദശമി ദിവസം സാക്ഷിയായതും.
Recent Comments