ഇത്തവണ അവാര്‍ഡിനെത്തിയ 80 ചിത്രങ്ങളില്‍ സബ് ജൂറി തഴഞ്ഞ നാല് ചിത്രങ്ങളടക്കം ഫൈനല്‍ ജൂറിയുടെ പരിഗണനയിലെത്തിയത് 28 ചിത്രങ്ങളാണ്. ഇതില്‍ മൂന്നോ നാലോ ചിത്രങ്ങളൊഴിച്ച് മറ്റെല്ലാം നിലവാരം കുറഞ്ഞവയായിരുന്നു. ഉള്ളടക്കത്തിന്റെ കാര്യത്തിലും തികഞ്ഞ ദാരിദ്ര്യം അനുഭവപ്പെട്ടു.
മികച്ച നടന്മാര്ക്കുവേണ്ടിയാണ് നല്ലൊരു മത്സരം നടന്നത്. പക്ഷേ നടിമാരുടെ കാര്യത്തില്‍ അതുണ്ടായില്ല. മികച്ച നടന്മാരായി ഫൈനല്‍ റൗണ്ടില്‍ എത്തിയത് രണ്ടുപേരാണ്. ജയസൂര്യയും ഫഹദ് ഫാസിലും. മികച്ച നടനായി ജയസൂര്യയെ തെരഞ്ഞെടുക്കാന്‍ കാരണം വെള്ളത്തിലെയും സണ്ണിയിലെയും സൂഫി സുജാതയിലെയും അദ്ദേഹത്തിന്റെ വേറിട്ട പ്രകടനങ്ങള്‍ തന്നെയായിരുന്നു.
ട്രാന്‍സിലെ ഫഹദിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നെങ്കിലും വ്യത്യസ്തപ്പെടുത്താവുന്ന മറ്റൊരു ചിത്രം അവസാന റൗണ്ടിലേയ്ക്ക് വന്നിരുന്നില്ല. മാലിക്ക് ആദ്യറൗണ്ടില്‍തന്നെ തള്ളിപ്പോയ ചിത്രമായിരുന്നു.
മികച്ച ചലച്ചിത്രമായി അവസാന റൗണ്ടിലെത്തിയ മൂന്ന് ചിത്രങ്ങള്‍ സൂഫിയും സുജാതയും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും തിങ്കളാഴ്ച നിശ്ചയവുമായിരുന്നു. വ്യക്തിപരമായി എനിക്ക് ഇഷ്ടപ്പെട്ട ചിത്രം സൂഫിയും സുജാതയുമായിരുന്നു. വളരെ കാവ്യാത്മകമായ ഒരു സിനിമ. എന്നാല്‍ മറ്റ് പല ഘടകങ്ങളും പരിഗണിച്ച കൂട്ടത്തില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒന്നാംസ്ഥാനത്തേയ്ക്ക് എത്തുകയായിരുന്നു.
സബ് ജൂറി തഴഞ്ഞ ഒരു ചിത്രമായിരുന്നു സൂഫിയും സുജാതയും. എന്നാല്‍ ഫൈനല്‍ ജൂറി പ്രത്യേകം നിര്‍ദ്ദേശിച്ച ചിത്രമെന്ന നിലയിലാണ് അത് അവസാന റൗണ്ടില്‍ എത്തുന്നത്. അതുകൊണ്ട് മാത്രമാണ് അതിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ജയചന്ദ്രന് മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ലഭിച്ചത്.
ഏകകണ്ഠമായിരുന്നു ജൂറി തീരുമാനം. ആര്‍ക്കിടയിലും ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നില്ല. ഉണ്ടായ ചുരുക്കം ചില കാര്യങ്ങളില്‍ വ്യക്തമായ ചര്‍ച്ചകള്‍ക്കുശേഷം ഏകകണ്ഠമായ തീരുമാനമുണ്ടാവുകയും ചെയ്തു. ഭദ്രന് കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments