രണ്ടുമൂന്ന് ദിവസമായി മാധ്യമങ്ങളില്‍ കത്തി പുകയുന്നത് ക്യാമറാമാന് വേണു നടന് അലന്‍സിയറിനെതിരെ ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനില്‍ നല്കിയ പരാതിയും അതിന്റെതന്നെ പലവിധ വ്യാഖ്യാനങ്ങളുമാണ്. വാസ്തവത്തില്‍ അവര്‍ക്കിടയില്‍ എന്ത് സംഭവിച്ചുവെന്നുള്ള കാര്യത്തില്‍ വേണുവോ അലന്സിയറോ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. വേണു റൈറ്റേഴ്സ് യൂണിയനില്‍ പരാതിപ്പെട്ടുവെന്നുള്ളതുമാത്രമാണ് എല്ലാവര്ക്കും അറിവുള്ള കാര്യം.
ഫണ്ട് ശേഖരണാര്‍ത്ഥം റൈറ്റേഴ്സ് യൂണിയനുവേണ്ടി ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നത് വേണുവാണ്. കാപ്പ എന്ന ചിത്രത്തിന്റെ പേര്. പൃഥ്വിരാജും ആസിഫ് അലിയും മഞ്ജുവാര്യരും അന്നാ ബെന്നുമാണ് താരനിരയില്‍. അതിലെ ഒരു കഥാപാത്രമായി അലന്‍സിയറെയും പരിഗണിച്ചിരുന്നു.
ഒരാഴ്ച മുമ്പ് അന്തരിച്ച നടന് നെടുമുടിവേണുവിന്റെ ഭൗതികശരീരം അയ്യന്‍കാളി സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അന്നവിടെ വേണുവും എത്തിയിരുന്നു. അവിടെവച്ച് അദ്ദേഹം അലന്‍സിയറെ കണ്ടു. കാപ്പയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാനുണ്ടെന്നും വീടുവരെ വരാന്‍ കഴിയുമോ എന്നും വേണു അലന്‍സിയറോട് അന്വേഷിച്ചിരുന്നു. വരാമെന്ന് അലന്‍സിയറും പറഞ്ഞു. അതിനു പിന്നാലെ അലന്‍സിയര്‍ തന്റെയൊരു സുഹൃത്തിനൊപ്പം വേണുവിന്റെ ഫ്ളാറ്റിലെത്തി. അലന്‍സിയര്‍ നന്നായി മദ്യമിച്ചിട്ടുണ്ടായിരുന്നു. അവിടെ എത്തിയതുമുതല്‍ അലന്‍സിയര്‍ നടത്തിയത് മുഴുവനും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ്. അതിനുവേണ്ടിയല്ല വന്നിരിക്കുന്നതെന്ന് വേണു പലതവണ ഓര്‍മ്മപ്പെടുത്തിയപ്പോഴാണ് അലന്‍സിയര്‍ ആ സംസാരം അവസാനിപ്പിച്ചത്. പിന്നീട് വേണുവിന് നേരെ തിരിഞ്ഞു. മലയാളത്തിലെ വളരെ തലമുതിര്‍ന്ന ഒരു ചലച്ചിത്ര പ്രവര്‍ത്തകനോട് പറയാന്‍ കൊള്ളാവുന്ന കാര്യങ്ങളൊന്നുമല്ല പിന്നെ അലന്‍സിയര്‍ പറഞ്ഞത്. അത് വേണുവിനെ ക്ഷുഭിതനാക്കി. വീട്ടില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നെ തന്റെ സ്ഥിരം നാടകശൈലിയിലുള്ള വിരല്‍ചൂണ്ടലായി. അവിടെവച്ച് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ തനിക്കാണ് നാണക്കേടെന്ന് കരുതി വേണു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതിനിടെ അലന്‍സിയറുടെ കൂടെ വന്ന ആള് അയാളെ ഒരുവിധം അവിടുന്ന് പിടിച്ചുവലിച്ച് പുറത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
ഇതാണ് അവര്‍ക്കിടയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. വേണുവിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കടക്കം ഇക്കാര്യങ്ങളെക്കുറിച്ച് അറിയാമെങ്കിലും ഈ പ്രശ്നം മോശപ്പെട്ട രീതിയിലേയ്ക്ക് വളരരുത് എന്ന് കരുതിയാണ് അവരും തുറന്ന് പറയാന്‍ മടിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ട രണ്ടുപേര്‍ ഇപ്പോഴും മൗനം ദീക്ഷിക്കുകയാണ്. നടന്നതെന്താണെന്ന് അവര്‍തന്നെ പൊതുസമൂഹത്തോട് വിളിച്ചു പറയണം.
വേണുവും അലന്‍സിയറും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നാലെ വേണു റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റുകൂടിയായ എസ്.എന്‍. സ്വാമിയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. സ്വാമിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് വേണു ഫെഫ്ക്കയില്‍ പരാതിപ്പെട്ടത്.
വേണുവിന്റെ പരാതിയെ വളരെ ഗൗരവത്തോടെയാണ് ഫെഫ്ക്കയും സമീപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി താരസംഘടനയായ അമ്മയിലേയ്ക്കും പരാതി ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. അവരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മയുടെ കൂടി തീരുമാനം വന്നതിന് പിന്നാലെ താരത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന നിലപാടിലാണ് ഫെഫ്ക്ക യൂണിയന്. ഫെഫ്ക്ക യൂണിയനിലെ തലമുതിര്‍ന്ന സംവിധായകരും തിരക്കഥാകൃത്തുക്കളുമടക്കം കടുത്ത അമര്‍ഷം ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതാദ്യമല്ല അലന്‍സിയറിനെതിരെ സഹപ്രവര്‍ത്തകരുടെ പരാതി ഉയര്‍ന്നിട്ടുള്ളത്. മുമ്പൊരിക്കല്‍ മീ-ടൂ വിഷയത്തില്‍ ഈ നടനെതിരെ പരാതിയുമായി ഒരു നടിതന്നെ മുന്നോട്ട് വന്നിരുന്നു. അന്ന് ആ നടിയോട് പരസ്യമായി മാപ്പപേക്ഷിച്ചതിനെത്തുടര്ന്നാണ് പ്രശ്നം പരിഹരിച്ചത്.
രണ്ട് വര്‍ഷം മുമ്പ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഫങ്ഷനില്‍ പങ്കെടുക്കാനെത്തിയ നടന് മോഹന്‍ലാലിനെതിരെ കൈചൂണ്ടി അലന്‍സിയര്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയതും വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
എന്ത് വൃത്തികേടുകള്‍ കാട്ടിയാലും അത് തന്റെ നാടകാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് രക്ഷപ്പെടുന്നത് ഇദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഈ മുന്‍ അനുഭവങ്ങള്‍കൂടി കണക്കിലെടുത്തതുകൊണ്ടായിരിക്കും അലന്‍സിയറിനെതിരെ നടപടി ഉണ്ടാകാന്‍ പോകുന്നതെന്നും അറിയുന്നു.
Recent Comments