മലയാള സിനിമ രാജീവ് പിള്ളയെ സ്വീകരിക്കാന്‍ വൈമുഖ്യം കാട്ടുമ്പോഴും തെലുങ്ക് അടക്കമുള്ള അന്യഭാഷാചിത്രങ്ങള്‍ ആ നടന് മികച്ച അവസരങ്ങളാണ് നല്കിക്കൊണ്ടിരിക്കുന്നത്. നായകതുല്യമായ വില്ലന്‍വേഷങ്ങളാണ് അവയില്‍ പലതും.
തെലുങ്കിലെ പ്രശസ്ത സംവിധായകന് അനില്‍, അശ്വിന് ബാബുവിനെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ഹിഡിംബ എന്ന ചിത്രത്തിലെ പ്രധാന വില്ലന്‍വേഷം ചെയ്യുന്നത് രാജീവ് പിള്ളയാണ്. ഹിഡിംബയിലെ തന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ഹൈദ്രാബാദില്‍നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ രാജീവ് തന്നെയാണ് ഈ വിവരം കാന്‍ ചാനലുമായി പങ്കുവച്ചത്.
‘ഹിഡിംബ ഒരു ത്രില്ലര്‍ മൂവിയാണ്. നാല് ദിവസത്തെ വര്‍ക്ക് കൂടി കഴിഞ്ഞാല്‍ ചിത്രം പൂര്‍ത്തിയാകും. നന്ദിതാ ശ്വേതയാണ് നായിക. മലയാളത്തില്‍നിന്ന് ഷിജുവും അതില്‍ അഭിനയിക്കുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റില്നിന്നുമുള്ള കുറെ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.’
‘ഹിഡിംബയെ കൂടാതെ കല്യാണ്‍റാം നായകനാകുന്ന ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം തുല്യമായൊരു വേഷം ചെയ്യുന്നതും ഞാനാണ്. ടൈറ്റില്‍ ആയിട്ടില്ല. പക്ഷേ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദാണ് പ്രധാന ലൊക്കേഷന്‍. അതിന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ ഈ മാസം 25 ന് ഞാനും ഹൈദരാബാദിലേയ്ക്ക് പോകുന്നുണ്ട്. ഒരു നവാഗതനാണ് ആ സിനിമ സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മ്മാതാക്കള്‍. സുന്ദര്‍രാജ് ആണ് ഛായാഗ്രാഹകന്‍.’
‘അഖില്‍ അക്കിനേനി നായകനാകുന്ന ഏജന്റിലും ഒരു നല്ല വേഷം എന്നെത്തേടി വന്നതാണ്. അതില്‍ മമ്മൂക്കയുടെ മകന്റെ വേഷമായിരുന്നു. എന്നാല്‍ ഡേറ്റ്ക്ലാഷ് മൂലം ആ സിനിമ എനിക്ക് നഷ്ടമായി.’
‘ജോണ്‍ എബ്രഹാമിനോടൊപ്പം ചെയ്ത സത്യമേവ ജയതേയുടെ രണ്ടാംഭാഗം റിലീസ് നവംബര്‍ 26 നാണ്. എനിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.’ രാജീവ് പിള്ള പറഞ്ഞു.
Recent Comments