സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ജയറാമും വിവാഹത്തെത്തുടര്‍ന്ന് പൂര്‍ണ്ണമായും സിനിമയില്‍നിന്ന് വിട്ടുനിന്നശേഷം തിരിച്ചെത്തിയ മീരാജാസ്മിനും സത്യനോടൊപ്പം ഒന്നിക്കുന്നുവെന്ന പ്രത്യേകതയാണ് ആ സിനിമയുടെ ഹൈലൈറ്റായി എല്ലാവരും ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ആ ലൊക്കേഷനില്‍ പോകാന്‍ ഇടയായപ്പോള്‍ മറ്റൊരു കൗതുക കാഴ്ചകൂടി കണ്ടു. സത്യന്റെ സംവിധാന സഹായികളില്‍ ഒരാള്‍ എല്ലാവരുടെയും സവിശേഷ ശ്രദ്ധ ആകര്‍ഷിച്ച് അവിടെയാകെ ഓടി നടപ്പുണ്ട്. ഒറ്റ നോട്ടത്തില്‍തന്നെ ആളെ മനസ്സിലായി. മുന്‍ ഡി.ജി.പി കൂടിയായ ഋഷിരാജ് സിംഗ്. സിനിമയെ ഒരു പാഷനായി കൊണ്ടുനടക്കുന്ന ആളാണ് ഋഷിരാജ് സിംഗ് എന്ന് കേട്ടിട്ടുണ്ട്. സിനിമയോടുള്ള തന്റെ ഇഷ്ടം അദ്ദേഹം പലതവണ തുറന്നു പറഞ്ഞതും കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്. പക്ഷേ ഇവിടെ എത്തിയതിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
‘കുട്ടിക്കാലം മുതലേ സിനിമ വലിയ മോഹമാണ്. ഒരു സിനിമ കണ്ട ശേഷമാണ് ഉറങ്ങുന്നത്. സര്‍വീസില്‍നിന്ന് വിരമിച്ചതോടെ സിനിമയെ ഗൗരവമായി എടുത്തു. അതോടെ പഠിക്കാനും സമയം കിട്ടി. ഞാന്‍ ആദ്യം വിളിച്ചതു നടന് ശ്രീനിവാസനെയാണ്. പരിചയസമ്പന്നനായ ഒരാളുടെ കൂടെനിന്ന് പഠിക്കണമെന്നും അതിനു പറ്റിയ ആള് സത്യനാണെന്നും പറഞ്ഞതും ശ്രീനിവാസനാണ്.’
ശ്രീനിവാസന് തന്നെയാണ് സത്യനെ വിളിച്ച് ഋഷിരാജ് സിംഗിനെ കൂടി ഉള്‍പ്പെടുത്താമോ എന്നു ചോദിച്ചതും. തന്റെ സംവിധായ സഹായിയായി എത്തുന്നത് മുന്‍ ജയില്‍ ഡി.ജി.പി ആണെന്ന് അറിഞ്ഞപ്പോള്‍ സത്യനും നൂറുവട്ടം സമ്മതം.
‘അതീവ താല്പര്യത്തോടെയാണ് ഋഷിരാജ് സിംഗ് പഠിക്കുന്നതെന്ന്’ സത്യന് അന്തിക്കാടിന്റെ സാക്ഷ്യപത്രംകൂടിയുണ്ട്.
‘നന്നായി പഠിച്ച ശേഷമേ സിനിമ സംവിധാനം ചെയ്യൂ. ആദ്യ സിനിമ മലയാളം തന്നെയായിരിക്കുമെന്നും’ ഋഷിരാജ് സിംഗ് പറഞ്ഞു.
Recent Comments