വാണി വിശ്വനാഥിനെ വിളിക്കുമ്പോള്‍ അവര്‍ ചെന്നൈയില്‍ എത്തിച്ചേര്ന്നിട്ടേയുണ്ടായിരുന്നുള്ളൂ. ക്രിമിനല്‍ ലോയര്‍ എന്ന ചിത്രത്തിന്റെ പൂജാച്ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ അവര്‍ തിരക്കിട്ട് ചെന്നൈയിലേയ്ക്ക് പോയി. നീണ്ട ഇടവേളയ്ക്കുശേഷമാണ് വാണിവിശ്വനാഥ് മലയാളസിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്. അതുകൊണ്ടുതന്നെ അത് ആഘോഷമാക്കാന്‍ മാധ്യമങ്ങളും മത്സരിച്ചിരുന്നു. വാണിയുടെ അഭിമുഖം ആവശ്യപ്പെട്ട് മാധ്യമങ്ങളെല്ലാം സമീപിച്ചെങ്കിലും അവര്‍ക്കാര്‍ക്കും പിടികൊടുക്കാതെ വാണി ചെന്നൈയിലേയ്ക്ക് മടങ്ങുകയായിരുന്നു.
‘കലശലായ പല്ലുവേദനയുണ്ടായിരുന്നു. ഇപ്പോഴും വേദന മാറിയിട്ടില്ല. അതുകൊണ്ടാണ് ഒരു അഭിമുഖത്തിനുപോലും നില്‍ക്കാതെ ഞാന്‍ മടങ്ങിയത്.’ ആമുഖമായി വാണി വിശ്വനാഥ് പറഞ്ഞു.
‘കുട്ടികളുടെ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് വന്നപ്പോഴാണ് ഞാന്‍ സിനിമയില്‍നിന്ന് പൂര്‍ണ്ണമായും പിന്മാറിയത്. മകളിപ്പോള്‍ പ്ലസ്ടു കഴിഞ്ഞു. നീറ്റ് എക്സാമും എഴുതി. റിസള്‍ട്ടിന് വേണ്ടി വെയിറ്റ് ചെയ്തിരിക്കുമ്പോഴാണ് അജ്മാനിലെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ മകള്‍ക്ക് അഡ്മിഷന് കിട്ടിയത്. മോളുടെ അഡ്മിഷന് എടുത്തശേഷം ഞാനും ബാബുച്ചേട്ടനും മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു ക്രിമിനല്‍ ലോയറിന്റെ ടൈറ്റില്‍ ലോഞ്ച്.’
‘ഇപ്പോള്‍ ഒന്ന് ഫ്രീയായിട്ടുണ്ട്. വീണ്ടും സിനിമയിലേയ്ക്ക് വരണമെന്ന് തോന്നിയത് അതിനുശേഷമാണ്. തിരിച്ചുവരവ് ഗംഭീരമാക്കണമെന്നുണ്ടായിരുന്നു. അപ്പോഴാണ് ക്രിമിനല്‍ ലോയറിന്റെ കഥ കേള്‍ക്കുന്നത്. അതിഗംഭീരമായിരുന്നു. പിന്നെ ഒട്ടും മടിച്ചില്ല. അപ്പോള്‍തന്നെ പ്രൊജക്ട് കമിറ്റ് ചെയ്യുകയായിരുന്നു.’
‘സാധാരണ പോലീസ് വേഷങ്ങളായിരുന്നല്ലോ ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. രണ്ടാംവരവില്‍ വക്കീല്‍വേഷം ആകാമെന്ന് കരുതി. അതും ക്രിമിനല്‍ ലോയറുടെ വേഷമാണ്. ചിന്താമണി കൊലക്കേസിലാണ് അങ്ങനെയൊരു വേഷം ചെയ്തിട്ടുള്ളത്. ഇതില്പക്ഷേ ത്രൂ ഔട്ടുള്ള കഥാപാത്രമാണ്. ഈ വരവില്‍ ബാബുച്ചേട്ടനും എന്നോടൊപ്പം ഉണ്ട്. കോടതിസീനുകളാണ് ഇതിലേറെയുമുള്ളത്. എന്റെയും ബാബുച്ചേട്ടന്റെയും ഗംഭീര വാക്പോരുകളുണ്ട്. ഒരു ക്രൈംത്രില്ലറാണ് സിനിമ. നവംബര്‍ 20 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.’
‘സിനിമയില്‍ സജീവമാകാന്‍തന്നെയാണ് തീരുമാനം. തിരക്കുള്ള ഒരു നടിയായി മാറാന്‍ ആഗ്രഹിക്കുന്നില്ല. ഈ വരവില്‍ കുറേ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാന്‍. ഒരു തെലുങ്ക് ചിത്രത്തില്‍നിന്നും ക്ഷണം കിട്ടിയിട്ടുണ്ട്. ഉടനെ അതും കമിറ്റ് ചെയ്യും.’ വാണിവിശ്വനാഥ് കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments