‘സിനിമയിലേക്ക് വരുന്നതിന് മുന്‍പുള്ള എന്റെ തട്ടകം നാടകമായിരുന്നു. അതില്‍ ശ്രദ്ധേയമായത് ടി.എല്‍. ജോസിന്റെ ‘സ്ഫോടനം’ എന്ന നാടകത്തിലെ പ്രൊഫസറുടെ വേഷമാണ്.’
കാന്‍ ചാനലിന്റെ ‘ഗുരുസമക്ഷം’ എന്ന പ്രത്യേക പരിപാടിക്കുവേണ്ടി ജയരാജ് വാര്യര്‍ നടത്തിയ അഭിമുഖത്തില്‍ ടി.ജി. രവി തന്റെ അഭിനയ നാള്‍വഴികളെ കുറിച്ച് പറയുന്നു.
പ്രൊഫസര്‍ എന്ന കഥാപാത്രത്തിലേക്ക് എത്തുന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. ഞാന്‍ അഭിനയിച്ച ‘വെള്ള പൂച്ച’ എന്ന നാടകം കണ്ടശേഷമാണ് എന്നെ സ്ഫോടനത്തിലേക്ക് ടി.എല്‍. ജോസ് വിളിക്കുന്നത്.ആദ്യം എനിക്കായ് നിശ്ചയിച്ചത് നായക തുല്യമായ ഒരു വേഷമാണ്. പ്രൊഫസറുടെ വേഷം ചെയ്യുന്നത് മറ്റൊരു നടനും. എന്നാല്‍ ആ കഥാപാത്രത്തിന്റെ ഡയലോഗില്‍ എനിക്ക് എന്തോ ഒരു പോരായ്ക തോന്നി. അത് ഞാന്‍ ടി.എല്‍ ജോസിനോട് പങ്കുവെച്ചു. പ്രൊഫസറുടെ കഥാപാത്രത്തിന് കിട്ടേണ്ട ഒരു ഫീല്‍ എനിക്ക് ആ നടന്റെ ഡയലോഗില്‍ നിന്ന് കിട്ടിയില്ല. തുടര്‍ന്ന് ആ ഡയലോഗ് എന്റേതായ ശൈലിയില്‍ ടി.എല്ലിന്റെ മുന്പില് കാണിക്കുകയും ചെയ്തു. ഇത് കണ്ട ഉടന്‍ പ്രൊഫസറായി അഭിനയിച്ചിരുന്ന കോരച്ചേട്ടന്‍ എന്നോട് പറഞ്ഞു. ‘ഈ രീതിയില്‍ എനിക്ക് ഡയലോഗ് പ്രസന്റ് ചെയ്യാനാവില്ല. അതുകൊണ്ട് ഈ വേഷം എന്നെക്കാള്‍ താങ്കള്‍ ചെയ്യുന്നതാവും നല്ലത്.’ അങ്ങനെ ആ പ്രൊഫസര്‍ വേഷം എന്നിലേക്ക് എത്തി. കോരച്ചേട്ടന്‍ മറ്റൊരു വേഷവും ചെയ്തു.
വളരെ അധികം സങ്കീര്‍ണതകള്‍ നിറഞ്ഞ വേഷമാണ് പ്രൊഫസറുടേത്. സാമൂഹിക അസമത്വങ്ങളിലും പ്രശ്നങ്ങളിലും പ്രതികരിക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന പ്രൊഫസര്‍ക്ക് ജീവിതത്തില്‍ പലതും നേരിടേണ്ടി വരുന്നു. നാടകത്തിലെ ആ കഥാപാത്രത്തിന്റെ പ്രസക്തമായ ഡയലോഗുകളില്‍ ഒന്ന് ഇങ്ങനെയായിരുന്നു: ‘കോടാനുകോടി നക്ഷത്ര ഗോളങ്ങള്‍ കത്തിജ്വലിച്ചു നില്ക്കുന്ന ഈ ആകാശത്ത് എനിക്കുമാത്രം പിടിച്ചു വലിക്കാവുന്ന ഒരു ചരട് ഉണ്ടായിരുന്നെങ്കില്‍ ആ ചരട് പിടിച്ച് വലിച്ച് ഞാന്‍ ഈ ഭൂമിയില്‍ അഗ്നി പ്രളയം ഉണ്ടാക്കിയേനെ, പലപ്പോഴായും’.
നാടകാവതരണം കഴിഞ്ഞ് ബാക്ക് സ്റ്റേജിലേക്ക് വന്ന എന്നെ പ്രേംജി കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. എന്റെ ജീവിതത്തില്‍ എനിക്ക് ലഭിച്ച ആ അംഗീകാരം ഒരു നാഷണല്‍ അവാര്‍ഡിന് തുല്യമായിരുന്നു.
Recent Comments