അമ്മയുടെ ജനറല്‍ബോഡി യോഗം ഡിസംബര്‍ 19 ന് ചേരാന്‍ തീരുമാനം. ഇക്കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അമ്മയുടെ ജനറല്‍ബോഡി കൂടിയിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അനിശ്ചിതത്വത്തിലായിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് എത്രയുംപെട്ടന്ന് ജനറല്‍ബോഡി വിളിച്ചുകൂട്ടാന്‍ തീരുമാനമുണ്ടായതും.
എന്നാല്‍ ഇപ്പോഴും നൂറില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നതിന് ഗവണ്മെന്റ് വിലക്കുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറയുകയും മൂന്നാം തരംഗത്തിനുള്ള സാധ്യതകള്‍ മങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഗവണ്മെന്റ് പ്രഖ്യാപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ഡിസംബറിലെ മൂന്നാമത്തെ ഞായറാഴ്ച ജനറല്‍ബോഡി വിളിച്ചുകൂട്ടിയിരിക്കുന്നത്. ഇളവുകളില്‍ മാറ്റം വന്നില്ലെങ്കില്‍ യോഗം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. യോഗസ്ഥലം തീരുമാനിച്ചിട്ടില്ല.
അംഗങ്ങള്‍ക്ക് കൈനീട്ടവും ഇന്‍ഷ്വറന്‍സ് പരിരക്ഷയും അടക്കമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ തുകയാണ് അമ്മ വര്‍ഷംതോറും ചെലവിട്ടുകൊണ്ടിരിക്കുന്നത്. ഫണ്ടിന്റെ അപര്യാപ്തത അമ്മയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ച് തുടങ്ങിയിട്ടുണ്ട്. ഫണ്ട് ശേഖരണാര്‍ത്ഥം അമ്മയുടെ ആഭിമുഖ്യത്തില്‍ ഒരു സിനിമ നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നിരുന്നെങ്കിലും കോവിഡിനെ തുടര്‍ന്ന് എല്ലാം താറുമാറായി. ചാനലുമായി ചേര്‍ന്ന് ഒരു സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നതും ആലോചനയിലുണ്ട്. ഡിസംബറില്‍ ചേരുന്ന ജനറല്‍ബോഡി യോഗത്തില്‍ എല്ലാത്തിനും തീരുമാനമുണ്ടാകും.
Recent Comments