കോവിഡ് മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമ മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്കിയ സിനിമയാണ് ശിവകാര്ത്തികേയന് നായകനായ ഡോക്ടര്‍. തമിഴ്നാട്ടില്‍ റിലീസ് ചെയ്ത പല തിയറ്ററുകളിലും റെക്കോര്‍ഡ് കളക്ഷനാണ് ഡോക്ടര്‍ നേടിയത്. എന്നാല്‍ സിനിമയുടെ പ്രദര്‍ശനം അവസാനിപ്പിക്കാനാണ് പുതിയ തീരുമാനം. രജനികാന്ത് സിനിമയായ ‘അണ്ണാത്തെ’യ്ക്കുവേണ്ടിയാണ് ചിത്രം വഴിമാറികൊടുക്കുന്നത്.
നവംബര്‍ മൂന്നുവരെയേ ‘ഡോക്ടര്‍’ തമിഴ്നാട്ടിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. നവംബര്‍ 4 ന് റിലീസ് ചെയ്യുന്ന ‘അണ്ണാത്തെ’യ്ക്ക് കൂടുതല്‍ സ്ക്രീനുകള്‍ ഒരുക്കാനാണ് ഇത്തരമൊരു തീരുമാനം സണ്‍ പിക്ച്ചേഴ്സ് എടുത്തിരിക്കുന്നത്. ‘ഡോക്ടര്‍’ ദീപാവലി ദിനത്തില്‍ തന്നെ സണ്‍ ടിവിയിലൂടെ വൈകിട്ട് 6.30ന് റിലീസ് ചെയ്യും. എന്നാല്‍ ഈ പ്രഖ്യാപനം കേരളത്തിലെ തിയറ്ററുകള്‍ക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്. സണ്‍ ടിവിയില്‍ സിനിമ എത്തുന്നതോടെ കേരളത്തിലെ തിയറ്ററുകളിലേക്കും എത്തുന്ന പ്രേക്ഷകര്‍ക്ക് കുറവുണ്ടാവും.
തമിഴ്നാട്ടില്‍ ഒക്ടോബര്‍ 9ന് റിലീസ് ചെയ്ത ഡോക്ടര്‍ ഇതുവരെ 90 കോടി രൂപയാണ് ലോകത്തെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്നും കളക്ട് ചെയ്തത്. കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ കൂടിയാണ് ഡോക്ടര്‍.
നെല്‍സണ്‍ ആദ്യം സംവിധാനം ചെയ്ത നയന്‍താര ചിത്രം കൊലമാവ് കോകില പോലെയുള്ള ഡാര്‍ക് കോമഡി ചിത്രമാണ് ഡോക്ടര്‍. ശിവകാര്ത്തികേയന് നിര്‍മ്മിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് അനിരുദ്ധ് ആണ്. പ്രിയങ്ക മോഹന്‍, വിനയ് റായ്, യോഗി ബാബു, മിലിന്ദ് സോമന്, അരുണ്‍ അലക്സാണ്ടര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന സിനിമ കൊറോണ പ്രതിസന്ധികള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ഈ വര്‍ഷം മെയ് 13 ലേക്ക് റിലീസ് മാറ്റിയെങ്കിലും കോവിഡ് രണ്ടാം വരവില്‍ അതും നീട്ടിവച്ചു.
Recent Comments