2006 ലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയും സംഗീത സംവിധായകനുമായ അരുണ്‍രാജിനെയും ഭാര്യ അജിഷ പ്രഭാകരനെയും ഞങ്ങള്‍ക്ക് നേരത്തെ അറിയാം. പക്ഷേ അജിഷ പ്രഭാകരനിലെ അഭിനയപ്രതിഭയെ തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ ലളിത എന്ന വീട്ടമ്മയെ അവര്‍ അത്ര ഗംഭീരമാക്കിയിരിക്കുന്നു. അത് അജിഷയുടെ ആദ്യസിനിമയാണെന്ന് പറയില്ല. അഭിനന്ദനം അറിയിക്കാന്‍ വിളിക്കുമ്പോള്‍ അവര്‍ കാക്കനാട്ടെ വീട്ടിലുണ്ടായിരുന്നു.
അരുണ്ചേട്ടനാണ് ഞാന്‍പോലും അറിയാതെ എന്റെ ഫോട്ടോ കാസ്റ്റിംഗ് കാള്‍ കണ്ട് അയച്ചുകൊടുക്കുന്നത്. ഓഡിഷനിലേയ്ക്ക് ഫോട്ടോ തെരഞ്ഞെടുത്തപ്പോള്‍ മാത്രമാണ് എന്നോട് വന്ന് കാര്യം പറയുന്നത്. കാഞ്ഞങ്ങാട്, പയ്യന്നൂര്‍ പരിസരപ്രദേശങ്ങളിലുള്ളവര്‍ മാത്രം കാസ്റ്റിംഗ് കാളില്‍ പങ്കെടുത്താല്‍ മതിയെന്നൊരു നിബന്ധന വച്ചിരുന്നു. പയ്യന്നൂരാണ് എന്റെ സ്വദേശം. അതെനിക്ക് ഗുണം ചെയ്തു. ഓഡിഷനിലും ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുമൂന്ന് ദിവസത്തെ വര്‍ക്ക് മാത്രമുള്ള ഒരു ചെറിയ വേഷത്തിലേയ്ക്കാണ് എന്നെ ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ആക്ടിംഗ് വര്‍ക്ക്ഷോപ്പ് തീരുന്നതിനുമുമ്പായി സംവിധായകന് സെന്ന ഹെഗ്ഡേ തന്നെയാണ് എന്നെ ലളിത എന്ന അമ്മവേഷത്തിലേയ്ക്ക് കാസ്റ്റ് ചെയ്ത കാര്യം പറയുന്നത്. എട്ട് വയസ്സുള്ള കുട്ടി(ഋഷഭ് ദേവ്)യുടെ അമ്മയാണ് ഞാനും. അതുകൊണ്ട് അമ്മവേഷം ചെയ്യുന്നതിലും എനിക്ക് വിഷമമൊന്നും തോന്നിയില്ല. പിന്നീടാണ് അറിഞ്ഞത് എന്നേക്കാള്‍ നാലോ അഞ്ചോ വയസ്സ് മാത്രം കൂടുതലുള്ള കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടതെന്ന്. ഗര്‍ഭിണിയായ മൂത്തൊരു പെണ്‍കുട്ടി കൂടി ഉണ്ടെന്ന് കേട്ടപ്പോള്‍ ആ വേഷം ചെയ്യാന്‍ കഴിയുമോ എന്നൊരു സംശയമാണ് എനിക്കുണ്ടായത്. ധൈര്യം തന്നത് സംവിധായകനാണ്. വീട്ടില്‍ എത്തിയശേഷമാണ് ടെന്‍ഷനായത്. അരുണ്ചേട്ടന് സുഹൃത്ത് കൂടിയായ അബൂക്കയെ (അബു വാളകം) വീട്ടിലെത്തിച്ചു. അദ്ദേഹം ഒരു കാസ്റ്റിംഗ്കാള് ഡയറക്ടര്‍ കൂടിയാണ്. അദ്ദേഹം ഒരു സ്ക്രിപ്റ്റ് തന്നു. എന്നെക്കൊണ്ട് അഭിനയിപ്പിച്ചു. എന്റെ പ്രകടനം മികച്ചതാണെന്ന് പറഞ്ഞു. ഇങ്ങനെതന്നെ അഭിനയിച്ചാല്‍ മതിയെന്നും. സത്യത്തില്‍ സിനിമയിലെ എന്റെ മെന്റര്‍ അബൂക്കയാണ്.
ലൊക്കേഷനില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായിരുന്നു. സംവിധായകനും ക്യാമറാമാനും (ശ്രീരാജ് രവീന്ദ്രന്) ഞങ്ങളോട് വളരെ സൗമ്യതയോടെ പെരുമാറി. ഞങ്ങളോട് അഭിനയിക്കാനല്ല ആവശ്യപ്പെട്ടത്. നിങ്ങള്‍ ജീവിതത്തില്‍ പെരുമാറുന്നതുപോലെ ചെയ്യാനായിരുന്നു. പ്രധാനപ്പെട്ട ഡയലോഗുകള്മാത്രം കാണാതെ പഠിക്കാന്‍ പറയും. മറ്റുള്ളവ മനസ്സിലുള്ളത് പറയാനായിരുന്നു നിര്‍ദ്ദേശം. ക്ലൈമാക്സിലെ ഫൈറ്റ് സീനിലും എഴുതിവച്ച ഒരു ഡയലോഗുപോലും ഉണ്ടായിരുന്നില്ല. അടി തുടങ്ങി വയ്ക്കുന്നത് ഞാനാണ്. അതുകൊണ്ട് അത് എത്ര ഗംഭീരമാകുന്നുവോ അതുപോലെയായിരിക്കും മറ്റുള്ളവരുടെ പ്രകടനം എന്നുമാത്രമാണ് ആമുഖമായി ശീരാജ് ഏട്ടന് വന്നു പറഞ്ഞത്. അതൊരു നീണ്ട രംഗമാണ്. ആരെങ്കിലും ഒരാള്‍ തെറ്റിച്ചാല്‍ ആദ്യംമുതല്‍ എടുക്കേണ്ടിവരും. എന്നാല്‍ വഴക്കുകൂടാന്‍ ഞങ്ങളെ ആരെങ്കിലും പഠിപ്പിക്കണോ? അത് എല്ലാവരുംകൂടി ഗംഭീരമാക്കി.
സിനിമയില്‍നിന്ന് ജയേട്ടന് (ജയസൂര്യ) വിളിച്ചിരുന്നു. ‘കൊള്ളാമെന്ന് പറയുന്നില്ല, അതിഗംഭീരം. അതിന്റെ വ്യത്യാസം നിങ്ങള്‍ക്ക് മനസ്സിലാക്കാമല്ലോ.’ അതായിരുന്നു ജയേട്ടന്റെ വാക്കുകള്‍. അതോടെ ഞാന്‍ ആകാശംമുട്ടെ വളര്ന്നതുപോലെയായി. സംവിധായകന് മൃദുല്‍ നായര്‍, നിര്‍മ്മാതാവ് ആല്വിന് ആന്റണി, മെന്റലിസ്റ്റ് ആദി തുടങ്ങിയവരും വിളിച്ച് അഭിനന്ദിച്ചിരുന്നു.
പല്ലോട്ടി എന്ന ചിത്രത്തിലും അഭിനയിച്ചുകഴിഞ്ഞു. നയന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വേഷങ്ങള്‍ ചെയ്യണമെന്നുതന്നെയാണ് ആഗ്രഹം. അജിഷ പ്രഭാകരന് കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments