ഐ.വി. ശശിയുടെ ദേവാസുരം എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സുഹൃത്തുക്കളില്‍ ഒരാളായാണ് ഞാന്‍. ഈ വേഷത്തിനായി അക്കാലത്തെ ചില പതിവ് വില്ലന്മാരെയായിരുന്നു അണിയറക്കാര്‍ കണ്ട് വെച്ചിരുന്നത്. പക്ഷേ മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരം എന്നെ ചിത്രത്തിലേക്ക് വിളിക്കുകയായിരുന്നു. മണിയന്‍പിള്ള രാജു കാന്‍ ചാനലിനോട് പറയുന്നു.
പ്രതിഫലം തീരെ കുറവായതിനാല്‍ ആ ചിത്രത്തില്‍ നിന്ന് ഒഴിവാകാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. ഒടുവില്‍ തിരക്കഥാകൃത്തായ രഞ്ജിത്ത് എന്നെ വിളിച്ചു. മോഹന്‍ലാലിന്റെ നിര്‍ബന്ധത്തെ കുറിച്ച് പറഞ്ഞു. പിന്നീട് ഒഴിവുകഴിവുകളൊന്നും പറയാനായില്ല. ഞാന്‍ ആ ചിത്രത്തില്‍ ജോയിന്‍ ചെയ്തു.
ഷൊര്‍ണൂരില്‍ വച്ചാണ് ദേവാസുരത്തിന്റെ ഷൂട്ടിംഗ്. അതേസമയംതന്നെ പൈതൃകത്തിന്റെ ഗുരുവായൂരിലും ഏകലവ്യന്റെ ഷൂട്ട് കോഴിക്കോടും നടക്കുന്നുണ്ടായിരുന്നു.
ഒരു ലൊക്കേഷനില്‍നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക് ഓടിനടന്നാണ് അഭിനയിക്കുന്നത്. ഒരേസമയം മൂന്ന് സിനിമയില്‍ ഇടതടവില്ലതെ അഭിനയിക്കുന്നതിന്റെ മുഷിപ്പ് എന്റെ ഉള്ളിലുണ്ട്. പക്ഷെ സിനിമയെ വര്ക്കഹോളിക്കായി സമീപിക്കുന്ന ഡയറക്ടറാണ് ഐ.വി ശശി. സിനിമ മാത്രമാണ് അദ്ദേഹത്തിന്റെ ഉള്ളിലുള്ളത്. പുലര്‍ച്ചെ മുതല്‍ ഷൂട്ട് തുടങ്ങും. നടന്മാരെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. മിക്കവാറും ചിത്രീകരണം അവസാനിക്കുന്നത് അര്‍ദ്ധരാത്രിയിലായിരിക്കും.
വിശ്രമമില്ലാതെ മൂന്നു സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുന്നതിന്റെ അസ്വസ്ഥത എനിക്കുണ്ടായിരുന്നു. ഒരിക്കല്‍ പുലര്‍ച്ചെ രണ്ടു മണിക്ക് ഷൂട്ട് ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. എനിക്ക് ദേഷ്യം വന്നു. ‘ഇയാള്‍ക്ക് ഒരു ദിവസം എങ്കിലും ഷൂട്ടിംഗ് നേരത്തെ നിര്‍ത്തിക്കൂടെ’ എന്ന് മുറുമുറുത്തു. ഇത് കേട്ടുകൊണ്ടുനിന്ന മോഹന്‍ലാല്‍ എന്നോട് പറഞ്ഞു ‘അങ്ങനെ പറയരുത്, അവര്‍ വെറുതെ ഇരിക്കുകയല്ലല്ലോ. അവരോരോരുത്തരും സിനിമയ്ക്കുവേണ്ടി അല്ലേ പണിയെടുക്കുന്നത്, സിനിമയാണ് നമുക്ക് പണവും ഈ സൗഭാഗ്യങ്ങളും തന്നത്. അതുകൊണ്ടുതന്നെ നമ്മള് അവരോട് സഹകരികുകയല്ലേ വേണ്ടത്’. ഇത് കേട്ട ഉടനെ ഞാന്‍ ലാലിനോട് ക്ഷമ ചോദിച്ചു.
ആ ഒരു സംഭവം എനിക്ക് വലിയൊരു തിരിച്ചറിവായിരുന്നു. പിന്നീടൊരിക്കലും ഒരു ഡയറക്ടറിനെ കുറിച്ചും ഞാന്‍ മുഷിപ്പോടെ സംസാരിച്ചിട്ടില്ല. മോഹന്‍ലാല്‍ എന്ന നടന്റെ വിജയത്തിന് പിന്നിലുള്ള കാരണവും ജോലിയോടുള്ള ഈ സമര്‍പ്പണം തന്നെയാണ്.
കാന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മണിയന്‍പിള്ള രാജു ഇക്കാര്യം വെളിപ്പെടുത്തിയത്.
മണിയന്‍പിള്ള രാജുവുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം:
Recent Comments