പല കാസ്റ്റിംഗ് കാള്‍ പരസ്യവും മുമ്പ് കണ്ടിട്ടുണ്ട്. പറയാതെവയ്യ, ഇജ്ജാതി ഒരു പരസ്യം ഇതാദ്യമാണ്. ഒരു സിനിമയിലെ സീന്‍പോലെ സുന്ദരമായ അവതരണം. ഒറ്റവാക്കില്‍ അതിനെ അങ്ങനെ വിശേഷിപ്പിക്കാം.
പറഞ്ഞുവരുന്നത് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന വെട്ടിക്കെട്ട് എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കാള്‍ വീഡിയോയെക്കുറിച്ചാണ്. ഇന്നലെ മറ്റൊരാവശ്യത്തിനായി നിര്‍മ്മാതാവ് കൂടിയായ ബാദുഷ വിളിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു.
‘വെടിക്കെട്ടിന്റെ കാസ്റ്റിംഗ് കാള്‍ പരസ്യം പൂര്‍ത്തിയായിട്ടുണ്ട്. വളരെ വ്യത്യസ്തമാണ്. ഒന്ന് പ്രൊമോട്ട് ചെയ്തേക്കണം.’
ഫോണ്‍ വച്ചതിനു പിന്നാലെ ബാദുഷ ഞങ്ങള്‍ക്ക് ആ വീഡിയോ അയച്ചുതന്നു. ബാദുഷ പറഞ്ഞത് ശരിയായിരുന്നു. ഒരു പുതുമയുണ്ടായിരുന്നു.
ബിബിനും വിഷ്ണുവും തന്നെയാണ് ആ സീനിലും അഭിനയിക്കുന്നത്. രണ്ടുപേരും സൈക്കിളില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോകുന്നു. പശ്ചാത്തലത്തില്‍ ക്ഷേത്രോത്സവത്തിന്റെ പശ്ചാത്തലമുണ്ട്. പോസ്റ്റര്‍ പതിക്കുന്നതിനിടെ പോലീസ് എത്തുന്നു. കാര്യം അന്വേഷിക്കുമ്പോഴാണ് ബിബിനും വിഷ്ണുവും ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പുതുമുഖങ്ങളെ തേടുന്ന കാര്യം പറയുന്നത്. അതിനവന്മാര്ക്ക് സംവിധാനം ചെയ്യാന്‍ അറിയാമോടാ എന്നായി എസ്.ഐ. ‘ഇല്ലാ’ എന്നുള്ള വിഷ്ണുവിന്റെ നിഷ്കളങ്കമായ മറുപടി. വിഷ്ണുവിനെ തുറിച്ചുനോക്കുന്ന ബിബിന്‍. അല്ല, ബിബിനും വിഷ്ണുവിനും സംവിധാനം ചെയ്യാനറിയുമോ എന്നറിയില്ല എന്ന് തിരുത്തുന്ന വിഷ്ണു. ചുരുക്കത്തില്‍ ഏറെ രസകരമാണ് ആ നറേഷന്.
ഈ പരസ്യചിത്രം കണ്ട ആര്‍ക്കും ഒന്ന് സമ്മതിക്കാതെ തരമുണ്ടാവില്ല. ബിബിനും വിഷ്ണുവും ഒന്നും അറിയാതെ സിനിമ ചെയ്യാനെത്തിയവരല്ല. സിനിമയുടെ കളരിയില്‍ ഇരുത്തംവന്ന അടവുകളുടെ സൂചനകയുണ്ട് അവരുടെ പരസ്യചിത്രത്തില്പോലും. അത് ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്.
അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന വെടിക്കെട്ടില്‍ ബിബിനും വിഷ്ണുവുമാണ് താരനിരയിലെ പ്രമുഖര്‍. മറ്റുള്ളവരെല്ലാം പുതുമുഖങ്ങളാണ്. ബാദുഷ സിനിമാസും, പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments