പ്രശസ്ത അഭിനേത്രി കെ.പി.എ.സി. ലളിതയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുന്നതിനിടെ അവരെ എറണാകുളത്തുള്ള ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് മാറ്റി. തൃശൂര്‍ ദയാ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ വിദഗ്ദ്ധ ചികിത്സയുടെ ഭാഗമായിട്ടാണ് ഇന്നലെ ആസ്റ്ററിലേയ്ക്ക് മാറ്റിയത്. ഐ.സി.യുവിലാണ് ഉള്ളത്.
കരള്‍രോഗം കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിര്‍ദ്ദേശിക്കുന്നതെങ്കിലും ലളിതയുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ തല്ക്കാലം അതിന് തയ്യാറാവുന്നില്ലെന്നാണ് വിവരം. വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് അവരിപ്പോഴും.
കുറച്ചു കാലമായി പ്രമേഹമടക്കമുള്ള രോഗാവസ്ഥകള്‍ ലളിതയെ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും ഒന്നിനെയും അവര്‍ കാര്യമായി വകവച്ചിരുന്നില്ല. ടെലിവിഷന്‍ പരമ്പരകളിലടക്കം അവര്‍ സജീവമായിരുന്നു. അടുത്തിടെ ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു. അവിടുന്ന് തിരിച്ചുവന്നതിനുശേഷമാണ് രോഗം മൂര്‍ച്ഛിക്കുന്നതും ദയാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നതും.
കെ.പി.എ.സിയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്മെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്സണാണ് കെ.പി.എ.സി. ലളിത.
Recent Comments