എത്രപേരുടെ അമ്മയായി നടിച്ചുവെന്ന് കൃത്യമായി പറയാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും സിനിമയില്‍ ‘അമ്മേ…’ എന്ന് തന്റെ മുഖത്ത് നോക്കി ആദ്യമായി വിളിച്ചത് നടന് ജയനായിരുന്നുവെന്ന് ശാരദേടത്തി അഭിമാനത്തോടെ പറയുമായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് കോഴിക്കോട് ടൗണ്‍ ഹാളില്‍ ജയന് ഓര്‍മ്മകളുടെ ആഘോഷമായി മാറിയപ്പോള്‍, നാടകരംഗത്തെ 16 പ്രതിഭകളെ ജയന് ഫൗണ്ടേഷന് കേരള ആദരിച്ചിരുന്നു.സീരിയലിന്റെ തിരക്കുമായി തിരുവനന്തപുരത്തായിരുന്ന ശാരാദേടത്തിയ്ക്ക് അന്ന് ചടങ്ങിന് എത്താന്‍ കഴിയാതെ വന്നപ്പോള്‍ അമ്മയ്ക്ക് വേണ്ടി മകന് സജീവാണ് ആ ആദരവ് ഏറ്റു വാങ്ങിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേശാഭിമാനിയ്ക്ക് വേണ്ടിയാണ് ശാരദേടത്തിയുടെ സംഭവബഹുലമായ കലാജീവിതം അടയാളപ്പെടുത്താന്‍ പൂവാട്ടുപറമ്പിനടുത്തുള്ള അവരുടെ വീട്ടിലേക്ക് കടന്നു ചെന്നത്.സിനിമയിലാടിയ അമ്മക്കഥാപാത്രങ്ങളെ ഓര്‍ത്തെടുത്തുകൊണ്ട് അവര്‍ സംസാരിച്ചപ്പോഴായിരുന്നു 1979ല്‍ വിജയാനന്ദ് സംവിധാനം ചെയ്ത ‘അങ്കക്കുറി’യിലെ ജയന്റെ അമ്മ വേഷം സിനിമയില്‍ അവര്‍ക്ക് നേടിക്കൊടുത്ത പ്രശസ്തിയെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്.ആറന്മുളപൊന്നമ്മയും കവിയൂര്‍ പൊന്നമ്മയുമൊക്കെ അമ്മ വേഷങ്ങളില്‍ നിറഞ്ഞു നിന്ന ആ കാലത്ത് ജയന്റെ അമ്മയായി അഭിനയിക്കാന്‍ അവസരം ലഭിച്ചത് തന്റെ കലാജീവിതത്തിലെ വലിയൊരു നേട്ടമായാണ് ശാരദേടത്തി കണ്ടത്.മകളുടെ കല്ല്യാണപ്പന്തലില്‍ വെച്ച് നിരപരാധിയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് കണ്ട് ഹൃദയം പൊട്ടി മരിക്കുന്ന ശാരദേടത്തിയുടെ ആ അമ്മക്കഥാപാത്രം പ്രേക്ഷകരുടെ ഉള്ളൂലയ്ക്കുക തന്നെ ചെയ്തു.
അങ്കകുറിയുടെ അഭിനയ നാളുകളില്‍ ജയന് പറഞ്ഞുവത്രെ:’ശാരദേടത്തി ഇനിയും എന്റെ അമ്മയായി അഭിനയിക്കണം’.പക്ഷേ,രാവും പകലുമില്ലാതെ അഭിനയത്തിന്റെ തിരക്കുകളിലേക്ക് വീണുകൊണ്ടിരുന്ന ജയന് പിന്നീട് തന്റെ അമ്മയെ കണ്ടുമുട്ടാന്‍ ജീവിതം നീട്ടികിട്ടിയില്ല. നായികയുടെ നെറ്റിയില്‍ അങ്കക്കുറിചാര്ത്തി കടന്നുപോയ നടന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ചുവന്ന ഒരോര്‍മ്മയായി മാറി. ആ കറുത്ത നവംബര്‍ 16 ന്റെ ഓര്‍മ്മകള്‍ വീണ്ടും കേരളത്തെ വന്നു പൊതിയുമ്പോള്‍ ജയന്റെ അമ്മയും….
-ഭാനുപ്രകാശ്
Recent Comments