അഞ്ച് ദിവസംമുമ്പേ കാന്‍ എഴുതി, മരക്കാര്‍ തീയേറ്ററിലെത്തും. ഒന്‍പതാംതീയതിവരെ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. മാധ്യമങ്ങള്‍ ഒന്നടങ്കം മരക്കാര്‍ ഒടിടി പ്ലാറ്റ്ഫോമിലെക്കെന്ന് വിധി എഴുതിക്കഴിഞ്ഞ നിമിഷത്തിലായിരുന്നു കാന്‍ ചാനലിന്റെ റിപ്പോര്‍ട്ട്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് കാന്‍ റിപ്പോര്‍ട്ട് ചെയ്തതും. രണ്ട് ദിവസം അധികമെടുത്തെങ്കിലും പതിനൊന്നാംതീയതി വൈകിട്ട് 6 മണിയോടെ സിനിമാമന്ത്രി കൂടിയായ സജി ചെറിയാന് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തിന് പിന്നാലെ അദ്ദേഹംതന്നെ മരയ്ക്കാറിന്റെ പ്രദര്ശനത്തീയതിയും പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടാംതീയതി ലോകമൊട്ടുക്കുമുള്ള തീയേറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശനത്തിനെത്തും. കേരളത്തില്‍മാത്രം 400 ലേറെ തീയേറ്ററുകള്‍ ഉണ്ടാകും.
രണ്ട് ദിവസം മുമ്പ് ചെന്നൈയില്‍ നടത്തിയ മരയ്ക്കാറിന്റെ പ്രിവ്യൂഷോയാണ് എല്ലാറ്റിനും വഴിത്തിരിവായത്. മോഹന്‍ലാലും ഭാര്യ സുചിത്രയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കോണ്‍ഫിഡന്റ് റോയിയുമടക്കമുള്ളവര് അന്ന് പ്രിവ്യൂ കണ്ടു. അന്ന് ആദ്യമായിട്ടാണ് ലാല്‍ സിനിമ പൂര്‍ണ്ണമായും കാണുന്നത്. തീയേറ്റര്‍ എക്സ്പീരിയന്‍സ് ആണ് സിനിമയെന്ന ലാലിന്റെ വിലയിരുത്തലാണ് എല്ലാ മുന്‍വിധികളെയും തച്ചുടച്ചത്. ഒറ്റ ദിവസംകൊണ്ട് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ശക്തമായ ആവശ്യങ്ങളില്‍നിന്ന് ആന്റണിയും പിന്മാറിയതോടെയാണ് മന്ത്രി കൂടിയായ സജി ചെറിയാന് ഇടപെട്ട് ഫിലിം ചേംബറിന്റെയും ഫിയോക്കിന്റെയും പ്രധാന പ്രതിനിധികളെ വിളിച്ച് യോഗം ചേര്‍ന്നത്. ഫിയോക്കും ചര്‍ച്ചയുടെ മനസ്സിനൊപ്പം നിന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. അര മണിക്കൂറിനുള്ളില്‍ യോഗം അവസാനിച്ചു. തൊട്ടുപിന്നാലെ മന്ത്രിതന്നെ മരയ്ക്കാറിന്റെ തീയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.
ഫിലിം ചേംബറിന്റെ എഗ്രിമെന്റ് പ്രകാരം 35 ദിവസത്തിനുശേഷം ഒടിടി പ്ലാറ്റ്ഫോമില്‍ സിനിമ റിലീസ് ചെയ്യാം. എന്നാല്‍ ഇക്കാര്യത്തിലും ആശിര്‍വാദ് ഉദരമനസ്ക്കത കട്ടി. 41 ദിവസത്തിനു ശേഷമേ ഒടിടി റിലീസ് ഉണ്ടാവൂ. ഇത് സംബന്ധിച്ച കരാറിലും ആശിര്‍വാദ് ആമസോണുമായി കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു.
ഇതോടെ നീണ്ട രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനും അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമാകുകയാണ്. സംവിധായകന് പ്രിയന് സ്വപ്നം കണ്ടതുപോലെ തന്റെ സ്വപ്നപദ്ധതിയായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രേക്ഷകര്‍ക്കും തീയേറ്റര്‍ അനുഭവമായി മാറും.
Recent Comments