വിപിന്‍പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ആഹാ തീയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുന്നതിനിടയിലാണ് നടന് ഇന്ദ്രജിത്തിനെ വിളിച്ചത്. എം.ടി.യുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ഇന്ദ്രനപ്പോള്. കണ്ണൂരാണ് ലൊക്കേഷന്‍. ബ്രേക്കിന്റെ ഇടവേളകളിലിരുന്ന് ഇന്ദ്രജിത്ത് കാന്‍ ചാനലിനോട് സംസാരിച്ചു.
‘കേരളത്തിന്റെ തനത് കായികവിനോദമാണ് വടംവലി. വടംവലി പ്രമേയമായി മുമ്പും ചില സിനിമകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും വടംവലിയെ അത്രകണ്ട് വൈകാരികമായി സമീപിച്ചവരുടെയോ, അവരുടെ കഷ്ടപ്പാടുകളുടെയോ കഥയായിരുന്നില്ല. ആഹാ പക്ഷേ, ഷോക്കേഴ്സ് ചെയ്യുന്നത് അങ്ങനെ ഒരുപറ്റം മനുഷ്യരുടെ കഥയാണ്.’
‘കേരളത്തിലിന്നും നാലായിരത്തിലധികം വടംവലി ടീമുകളുണ്ട്. അവരൊക്കെ സജീവവുമാണ്. എന്നിട്ടും നാം അവരെ അറിയാത്തത് വടംവലി അത്രകണ്ട് എസ്റ്റാബ്ലിഷ്ഡ് അല്ലാത്തതുകൊണ്ടാണ്. രാത്രിയിലാണ് വടംവലി മത്സരങ്ങള്‍ അരങ്ങേറുന്നത്. അതിന് കാരണം പകല്‍ സമയത്ത് അവര്‍ക്ക് ജോലിയുണ്ട്. അത് കഴിഞ്ഞുവന്നുവേണം മത്സരത്തില്‍ പങ്കെടുക്കാന്‍. വടംവലിയെ അവര്‍ അത്ര വൈകാരികമായി സമീപിക്കുന്നുവെന്നുവേണം അതില്‍നിന്ന് മനസ്സിലാക്കാന്‍.’
‘കോട്ടയത്ത് ആഹാ നില്ലൂര് എന്ന വടംവലി ടീംതന്നെയുണ്ട്. 15 വര്‍ഷത്തോളം തുടര്‍ച്ചയായി കേരളത്തിലെ വടംവലി ചാമ്പ്യന്മാരായിരുന്നു അവര്‍. അവരുടെ കഥയല്ല ആഹാ. എന്നാല്‍ അവരില്‍ ചിലരുടെ ജീവിതം ആഹായ്ക്ക് പ്രചോദനമായിട്ടുണ്ട്. പ്രത്യേകിച്ചും ഫ്ളാഷ്ബാക്കില്‍ പറയുന്ന കഥകള്‍ അവരുടേതുകൂടിയാണ്.’
‘ഞാന്‍ ആദ്യമായി പ്രായംചെന്നൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതകൂടി ഈ സിനിമയ്ക്കുണ്ട്. ഫ്ളാഷ്ബാക്കില്‍ 35 വയസ്സുള്ള ചെറുപ്പക്കാരന്റെ വേഷവും ചെയ്യുന്നുണ്ട്. അഭിനയപ്രാധാന്യമുള്ള വേഷമെന്ന നിലയില്‍ ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഇത് വെല്ലുവിളി ഉയര്‍ത്തുന്നതാണ്.’
‘എന്നെക്കൂടാതെ മനോജ് കെ. ജയന്, അമിത് ചക്കാലയ്ക്കല്‍, അശ്വിന്‍കുമാര്‍ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. അതിനേക്കാള്‍ ശ്രദ്ധേയമായ കാര്യം അഭിനേതാക്കളായും സാങ്കേതിക പ്രവര്‍ത്തകരായും ഒരുപറ്റം മിടുക്കന്മാരായ പുതുമുഖങ്ങള്‍ ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.’
‘ശാരീരികമായി ഒരുപാട് സ്ട്രെയിന്‍ എടുത്ത് ചെയ്ത ചിത്രംകൂടിയാണിത്. ചിത്രീകരണത്തിന് മുമ്പുതന്നെ വടംവലിയെക്കുറിച്ച് ധാരാളം വായിക്കുകയും പഠിക്കുകയും ചെയ്തിരുന്നു. യൂട്യൂബിലൂടെ ധാരാളം വീഡിയോകള്‍ കണ്ടിരുന്നു. അഭിനയിക്കാനെത്തിയ ചില വടംവലി താരങ്ങളില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ വേറെയും മനസ്സിലാക്കാന്‍ സാധിച്ചു. വടംവലി മത്സരം ചിത്രീകരിക്കുമ്പോള്‍ അത് അഭിനയിച്ച് കാണിക്കാന്‍ സാധ്യമല്ല. മറിച്ച് രണ്ട് വശത്തുനിന്നും ടീമുകള്‍ യഥാര്‍ത്ഥ മത്സരബുദ്ധിയോടെ വടം വലിക്കുകതന്നെ വേണം. അങ്ങനെ എണ്ണമറ്റ ഷോട്ടുകള്ക്കുവേണ്ടി വടംവലിക്കേണ്ടിവന്നിട്ടുണ്ട്. കൈയ്ക്കും കാലിനും പരിക്കേറ്റു. പക്ഷേ മത്സരത്തിന്റെ ലഹരിയില്‍ അതൊന്നും അറിഞ്ഞിരുന്നില്ല.’
‘ആഹായുടെ ടീസര്‍ റിലീസായ ദിവസം നിരവധി പ്രമുഖര്‍ എന്നെ വിളിച്ചിരുന്നു. ഗംഭീരമായിരിക്കുന്നുവെന്നാണ് എല്ലാവരും പറഞ്ഞത്. ഒന്ന് തീര്‍ച്ചയാണ്. ആഹാ ഒരിക്കലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.’
Recent Comments