2021 നവംബര്‍ 20 (1197 വൃശ്ചികം 5-ന് ഉദിച്ച് 42 നാഴിക 30 വിനാഴിക)
രാത്രി 11 മണി 20 മിനിറ്റിന് വ്യാഴം മകരം രാശിയില്‍നിന്ന് കുംഭം രാശിയിലേയ്ക്കും
2022 ഏപ്രില്‍ 13 (1197 മീനം 13 ന് ഉദിച്ച് 24 നാഴിക 32 വിനാഴിക)
പകല്‍ 3 മണി 49 മിനിറ്റിന് കുംഭംരാശിയില്നിന്ന് മീനം രാശിയിലേയ്ക്കും വ്യാഴം മാറും.
വ്യാഴമാറ്റംകൊണ്ട് ഓരോ നക്ഷത്രക്കാര്ക്കുമുള്ള ഫലങ്ങള്‍.
അശ്വതി
സ്ഥാനമാനങ്ങള്‍ ലഭ്യമാകും. ആരോഗ്യം അഭിവൃദ്ധിപ്പെടും. പല ഐശ്വര്യാനുഭവങ്ങളും ഉണ്ടാകും. യാത്രകള്‍ കൊണ്ട് വലിയ ഗുണം കിട്ടുകയില്ല. സദ് വിഷമങ്ങള്ക്കായി ചിലവുകള്‍ ചെയ്യും. ഉദ്യോഗസ്ഥന്മാര്ക്ക് സ്ഥലമാറ്റം പ്രതീക്ഷിക്കാം.യാത്രകള്‍ ക്ലേശകരമായിരിക്കും. കച്ചവടത്തില്‍ ലാഭം പ്രതീക്ഷിക്കാം. ഉപേക്ഷിച്ചധനങ്ങള് തിരികെ ലഭിക്കും. വ്യവഹാരങ്ങളില്‍ വിജയപ്രതീക്ഷ ഉണ്ടാകുമെങ്കിലും ചെലവുകള്‍ വര്‍ദ്ധിക്കും. വേണ്ടപ്പെട്ടവരുടെ ദുഃഖാനുഭവങ്ങള്‍ മനസ്സിനെ അലട്ടും.
ദോഷപരിഹാരം: വിഷ്ണുവിന് നെയ് വിളക്ക് കത്തിച്ച് വിഷ്ണുസഹസ്രനാമം ജപിക്കുക.
ഭരണി
ഈ നക്ഷത്രക്കാര്‍ക്ക് വ്യാഴമാറ്റം സുഖദുഃഖസമ്മിശ്രമായിരിക്കും. ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ നിറവേറും. അനാവശ്യ ചിന്തകള്‍ മനസ്സിനെ കലുഷിതമാക്കും. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ നിയന്ത്രണം വേണം. സ്വപ്നങ്ങള്‍ സാക്ഷാല്ക്കരിക്കപ്പെടാനുള്ള സാദ്ധ്യതകളുണ്ട്. അതിനായി നിരന്തരം പരിഭ്രമവും ഈശ്വരപ്രാര്‍ത്ഥനയും വേണം. രക്തബന്ധമുള്ളവര്‍ അപവാദം പറയുമെങ്കിലും, അത് ധൈര്യത്തോടെ അഗവണിക്കണം. ഉറച്ച മനസ്സോടെ ജീവിക്കണം. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. യാത്രകള്‍ വേണ്ടിവരും. മംഗളകര്‍മ്മങ്ങള്‍ക്ക് സാധ്യതയുണ്ട്.
ദോഷപരിഹാരം: ഭാഗവതത്തിലെ പ്രഹ്ലാദസ്തുതിയും രാമായണത്തിലെ സുന്ദരകാണ്ഡപാരായണവും നിത്യവും ചൊല്ലുന്നത് നല്ലതാണ്.
കാര്‍ത്തിക
വ്യാഴമാറ്റം നല്ലതാണെങ്കിലും ഈശ്വരാനുകൂല്യം നല്ലവണ്ണം ഉണ്ടെങ്കിലേ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ പറ്റുകയുള്ളൂ. ഐശ്വര്യങ്ങളില്‍ അഹങ്കരിക്കരുത്. ശാപതാപങ്ങള്‍ ഉണ്ടാകുന്ന പ്രവൃത്തികളിലേര്‍പ്പെടരുത്. ധനാഭിവൃദ്ധിയുണ്ടാകും. മനഃക്ലേശമുണ്ടാകുമെങ്കിലും ധൈര്യപൂര്‍വ്വം അതിജീവിക്കാന്‍ പറ്റും. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. മത്സരപരീക്ഷകളില്‍ ജയിക്കാനാകും. ഉദ്യോഗസ്ഥര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയില്ല. ദാമ്പത്യജീവിതം സമ്മിശ്രഫലമായിരിക്കും. ധനബന്ധിയായ ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കണം.
ദോഷപരിഹാരം: വിഷ്ണുവിന് തുളസിമാല ചാര്‍ത്തി സുദര്‍ശനമന്ത്രപുഷ്പാഞ്ജലി, പക്കപ്പിറന്നാള്‍തോറും കഴിക്കുന്നത് നല്ലതാണ്.
രോഹിണി
പലവിധ ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. തൊഴില്‍പരമായ മന്ദത മാറും. ധനാഗമം വര്‍ദ്ധിക്കും. മക്കളെക്കൊണ്ട് സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്ല സമയമാണ്. ഭാവികാര്യങ്ങള്‍ക്കായി പല പദ്ധതികളും ആലോചിച്ചുറപ്പിക്കാനാകും. കൃഷികാര്യങ്ങളില്‍ നഷ്ടം സംഭവിക്കും. കുറെകാലമായി ഇല്ലാതിരുന്ന സ്നേഹബന്ധങ്ങള്‍ പുതുക്കാനാകും. സ്വജനങ്ങളുമായുള്ള മാനസിക അകല്‍ച്ച കൂടുതലാകും.സ്വജനങ്ങളുടെ കാര്യത്തില്‍ അഭിപ്രായം പറയാനും ഉപദേശിക്കാനും പോകരുത്.
ദോഷപരിഹാരം: നിത്യം നാരായണകവചം പാരായണം ചെയ്യുന്നതും പക്കപ്പിറന്നാള്‍തോറും സുദര്‍ശനമന്ത്രപുഷ്പാഞ്ജലി (ചെറുത്) കഴിക്കുന്നതും നല്ലതാണ്.
മകയിരം
ആഗ്രഹങ്ങള്‍ സഫലമാകും. ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ കൂടാതെ ജോലി ചെയ്യാനാകും. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടക്കും. അവിചാരിതമായ ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. സുഹൃദ് സംഗമങ്ങള്‍ ഉണ്ടാകും. വാഹനങ്ങള്‍ വാങ്ങുന്നതിനും ഗൃഹനിര്‍മ്മാണത്തിനും പറ്റിയ കാലമാണ്. കേസുകാര്യങ്ങളില്‍ വിജയം വരിക്കും. തര്‍ക്കവിഷയങ്ങളിലിടപെടരുത്. ദാമ്പത്യജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങള്ക്കിടയുണ്ട്. ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്ക് ആജ്ഞാശക്തിയുണ്ടാകും.
ദോഷപരിഹാരം: പക്കപ്പിറന്നാള്‍തോറും വിഷ്ണുവിങ്കല്‍ രാജഗോപാല മന്ത്രപുഷ്പാഞ്ജലി കഴിക്കുന്നത് നല്ലതാണ്.
തിരുവാതിര
സന്താനസൗഖ്യം ഉണ്ടാകും. കാര്യസാധ്യങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ജോലിക്കാര്‍ക്ക് സ്ഥലം മാറ്റങ്ങള്ക്കിടയുണ്ട്. വാഹനങ്ങളില്‍നിന്നും മറ്റും താഴെ വീഴാനും ഒടിവ്, ചതവ്, മുറിവ് ഇവ പറ്റാനും സാധ്യതയുണ്ട്. ആഹാരവിഷയങ്ങളില് ശ്രദ്ധിക്കണം. മംഗളകര്മ്മങ്ങള്ക്കിടയില് കലഹത്തിനിടയുണ്ട്. ധനബന്ധിയായ കയറ്റിറക്കങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് കാലം അനുകൂലമാണ്. കുട്ടികള്‍ക്ക് ശ്വാസംമുട്ടല്‍, ദഹനക്കേട് നിമിത്തം പനി ഇവയുണ്ടാകാനിടയുണ്ട്. പണച്ചെലവുകള്‍ വരുന്ന കാര്യങ്ങള്‍ ഒഴിവാക്കണം.
ദോഷപരിഹാരം: സുദര്‍ശനയന്ത്രം ദേഹരക്ഷ ചെയ്താല്‍ ദോഷശാന്തിയുണ്ടാകും.
പുണര്‍തം
മനഃസമാധാനം കുറയും. ശത്രുക്കളുടെ ആക്രമണങ്ങളെ ശ്രദ്ധിക്കണം. ധനബന്ധിയായ കാര്യങ്ങളില്‍ സൂക്ഷ്മത വേണം. തിരികെ കിട്ടാനുള്ള പണത്തില്‍ കുറെയൊക്കെ മടക്കിക്കിട്ടും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കാലം അനുകൂലമാണ്. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താം. ജോലിക്കായി വിദേശത്ത് പോകുന്നതിനായി ശ്രമിക്കാം. ആവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണം. വായുബന്ധിയായ അസുഖങ്ങള്‍ക്കും മൂത്രാശയബന്ധിയായ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. സ്വജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനഃസമാധാനം കെടുത്തുംമുമ്പ് സഹായം വാങ്ങിയവര്‍ നന്ദികേട് കാണിക്കും.
ദോഷപരിഹാരം: പക്കപ്പിറന്നാള്‍തോറും വിഷ്ണുവിങ്കല്‍ ഷഡക്ഷരസുദര്ശനമന്ത്ര പുഷ്പാഞ്ജലി കഴിക്കണം.
പൂയം
ദാമ്പത്യസൗഖ്യം ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് സന്തോഷം ലഭിക്കും. ധനാഭിവൃദ്ധിയുണ്ടാകും. അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്ക് കാര്യങ്ങള്‍ നടത്താനാകും. പല കാര്യസാധ്യങ്ങളുമുണ്ടാകും. പലവിധ രോഗാരിഷ്ടതകളും ഉണ്ടാകും. ക@ിനമായ ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. തടഞ്ഞുവയ്ക്കല്‍, ബന്ധനാവസ്ഥ ഇവയുണ്ടാകാനും ഇടയുണ്ട്. ദൂരദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് പരിശ്രമം തുടരാം. മത്സരപരീക്ഷകള്‍ക്ക് കഠിനാദ്ധ്വാനം വേണ്ടിവരും. വിവാഹാലോചനകള്‍ സഫലമാകും. മനഃസ്വസ്ഥത കുറയും. അപ്രതീക്ഷിതമായ ചില കൊടുക്കല്‍വാങ്ങലുകള്‍ നടക്കും.
ദോഷപരിഹാരം: വിഷ്ണുക്ഷേത്രത്തില്‍ പക്കപ്പിറന്നാള്‍തോറും ധന്വന്തരീമന്ത്രപുഷ്പാഞ്ജലി, ദ്വാദശക്ഷരീമന്ത്രപുഷ്പാഞ്ജലിയും നടത്തണം.
ആയില്യം
ആരോഗ്യസ്ഥിതി സൂക്ഷിക്കണം. മനഃസ്വസ്ഥത കുറയും. എന്താ സംഭവിക്കാന്‍ പോകുന്നതെന്ന് ഉള്‍ഭയം കഠിനമാകും. സന്താനങ്ങളെ കൊണ്ട് പല വിഷമതകളും ഉണ്ടാകും. യാത്രയ്ക്കിടയില്‍ അനിഷ്ടസംഭവങ്ങള്ക്കിടയുണ്ട്. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ ഇടയുണ്ട്. ബന്ധു ജനങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും. ബന്ധന അവസ്ഥയുണ്ടാകും വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്. അവിചാരിതമായ ധനാഗമം ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് തുടക്കമിടാം. നൂതന വസ്ത്രാലങ്കാര വസ്തുക്കള്‍ ലഭിക്കും.
ദോഷപരിഹാരം: നരസിംഹക്ഷേത്രത്തില്‍ പാതക നിവേദ്യം നടത്തണം.
മകം
പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ ഭംഗിയായി നടക്കും. സുഖകരമായ അന്നപാന സാധനങ്ങള്‍ ലഭിക്കും. എന്നാല്‍ കുടുംബാന്തരീക്ഷം കലഹത്താല്‍ പ്രക്ഷുബ്ധമാകും. വീട്ടുകാര്‍ തമ്മിലുള്ള പരസ്പര സ്നേഹബന്ധങ്ങള്‍ക്ക് വിള്ളല്‍ വീഴും. വാദപ്രതിവാദങ്ങളിലും കേസ് കാര്യങ്ങളിലും വിജയം വരിക്കും. ഇടയ്ക്ക് ചില ദുഃഖാനുഭവങ്ങള്‍ക്ക് ഇടയുണ്ട്. ദീര്‍ഘയാത്ര തടസ്സങ്ങളുണ്ടാകും. വാതബന്ധിയായ അസുഖങ്ങള്‍ കൂടുതലാകും. വീടുവിട്ട് നില്ക്കേണ്ടതായ അവസ്ഥയുണ്ടാകും. അയല്പക്കക്കാരുമായി കലഹങ്ങള്‍ക്ക് ഇടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ഇഷ്ടമുള്ള വിഷയങ്ങള്‍ ലഭിക്കും.
ദോഷപരിഹാരം: നാരായണകവചം നിത്യം ജപിക്കണം.
പൂരം
ധനാബന്ധിയായി ചില വഞ്ചനകളില്‍ പെടും. ദീര്‍ഘകാലമായുള്ള രോഗാരിഷ്ടതകള്‍ക്ക് സമാധാനം കിട്ടും. അവിചാരിതമായ പല സംഭവങ്ങളും ഉണ്ടാകാനിടയുണ്ട്. പൊതുവേ ഗുണദോഷസമ്മിശ്രമാണ് കാണുന്നത്. വീഴ്ചയില്‍ കാലിന് പരിക്കേല്‍ക്കാന്‍ ഇടയുണ്ട്. മറക്കാന്‍ ശ്രമിക്കുന്ന പല കാര്യങ്ങളും വീണ്ടും വീണ്ടും മനസ്സില്‍ തെളിഞ്ഞ് അസ്വസ്ഥതയുണ്ടാകും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അഭിവൃദ്ധിപ്പെടുത്താന്‍ പറ്റും. നാല്‍ക്കാലികളെ വളര്‍ത്തുന്നവര്‍ക്ക് നല്ല ജനങ്ങളെ സംഘടിപ്പിക്കാനും മെച്ചപ്പെട്ട നിലയില്‍ പരിഹരിക്കാനും സാധിക്കും. തൊഴില്‍സംബന്ധിയായ ദീര്ഘയാത്രകള് മാത്രമേ നടത്താവൂ. വിവാഹാലോചനകള്‍ ഊര്‍ജ്ജിതപ്പെടും.
ദോഷപരിഹാരം: പക്കപ്പിറന്നാള്‍തോറും വിഷ്ണുവിന് തുളസീമാല ചാര്‍ത്തി കദളിപ്പഴം നിവേദ്യം, തൃക്കൈവെണ്ണ ഇവ നടത്തണം.
ഉത്രം
ന്യായമായ ആഗ്രഹങ്ങള്‍ സഫലമാകും. വിവാഹാലോചനകള്‍ ഫലപ്രാപ്തിയിലെത്തും. ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടിവരും. കലഹങ്ങള്‍ മധ്യസ്ഥതയില്‍ തീര്‍ക്കുവാന്‍ സാധിക്കും. കഴുത്തിന് മുകളിള്ള അംഗങ്ങളില്‍ രോഗാരിഷ്ടതയുണ്ടാകും. കുട്ടികളിലെ രോഗാരിഷ്ടതകള്‍ ക്ലേശങ്ങള്ക്കിടവരുത്തും. കച്ചവടങ്ങള്‍ മൂലം ധനാഗമം ഉണ്ടാകും. സുഖസൗകര്യങ്ങള്‍ ഉണ്ടാകുമെങ്കിലും അനുഭവിക്കാന്‍ യോഗം കുറവായിരിക്കും. പ്രമേഹരോഗമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ദോഷപരിഹാരം: രാമായണത്തിലെ സുന്ദരകാണ്ഡം നിത്യവും പാരായണം ചെയ്യുന്നത് നല്ലതാണ്.
അത്തം
മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. തര്ക്കവിഷയങ്ങളിന്മേലുള്ള ഒത്തുതീര്‍പ്പ് സഫലമാകും. ദാമ്പത്യസൗഖ്യം ഉണ്ടാകും. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാറി യോജിപ്പിലെത്തും. ബന്ധുജനങ്ങളുമായി ഇടയ്ക്കിടെ കലഹിച്ചും ഇടയ്ക്കിടെ യോജിച്ചും നീങ്ങാനാകും. ഷെയര്‍ ഏര്‍പ്പാടുകളുമായി മുന്നോട്ട് പോകാം. വാഹനങ്ങള്‍ വാങ്ങുന്നതിനും ഗൃഹനിര്‍മ്മാണത്തിനും പറ്റിയ സമയമാണ്. എതിരാളികള്‍ ശക്തി പ്രാപിക്കുമെങ്കിലും വിജയം അത്തം നക്ഷത്രക്കാര്‍ക്കായിരിക്കും. സന്താനദുഃഖം ഉള്ളവര്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ ഉണ്ടാകും. വിദേശത്ത് പോകേണ്ടവര്‍ക്ക് അതിനായി ശ്രമിക്കാം.
ദോഷപരിഹാരം: പക്കപ്പിറന്നാള്‍ തോറും ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുന്നത് നല്ലതാണ്.
ചിത്തിര
ഏതു കാര്യം ചെയ്യുമ്പോഴും സംശയങ്ങള്‍ ഉണ്ടാകും. 2022 ഫെബ്രുവരിവരെ മനഃസ്വസ്ഥത കുറയും. സാവധാനം കാര്യങ്ങള്‍ നേരെയാകും. സുഖമായ ഉറക്കം, ദാമ്പത്യസുഖം, ധനാഗമം, ഇഷ്ടഭക്ഷണ ലഭ്യത തുടങ്ങിയവയുണ്ടാകും. ഗൃഹം മോഡിപിടിപ്പിക്കുകയും അലങ്കാരസാധനങ്ങള്‍ വാങ്ങുകയും ചെയ്യാം. ആഗ്രഹങ്ങള്‍ക്കനുസരിച്ച് വാഹനം വാങ്ങാന്‍ പറ്റും. ആര്‍ഭാടത്തോടെയുള്ള യാത്രകള്‍ ഉണ്ടാകും. മക്കള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പറ്റിയ സമയമാണ്. അയല്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍, തര്‍ക്കങ്ങള്‍ ഇവ പരിഹരിക്കാനാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
ദോഷപരിഹാരം: വിഷ്ണു സഹസ്രനാമം നിത്യം ജപിക്കുന്നത് നല്ലതാണ്.
ചോതി
മനഃസ്വസ്ഥത മാറിയും മറിഞ്ഞും ഇരിക്കും. മക്കളുടെ ഭാവിയില്‍ ഉല്ക്കണ്ഠയേറും. പൊതുപ്രവര്‍ത്തകര്‍ കരുതലോടെ ഇരിക്കണം. അപവാദങ്ങള്‍ കേള്‍ക്കാനിടയുണ്ട്. ധനപരമായ വഞ്ചനകളില്‍ പെടും. കച്ചവടത്തില്‍ നഷ്ടം കൂടാതെ കഴിക്കാം. വസ്തു വില്‍പ്പനയില്‍ വിജയം വരിക്കും. വിവാഹത്തിനായി ഊര്‍ജ്ജിതമായി ശ്രമിക്കാം. സുഹൃത്ബന്ധങ്ങള്‍ക്ക് ദൃഢത വരും. വായുബന്ധിയായ അസുഖങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും സാധ്യതയുണ്ട്. കാല്പാദങ്ങള്ക്ക് അപകടം പറ്റാനിടയുണ്ട്. തൊഴില്‍പരമായി പുതിയ പദ്ധതികള്‍ നടപ്പാക്കുകയോ മേലധികാരികളുമായി ആശയങ്ങള്‍ പങ്കുവയ്ക്കുകയോ ചെയ്യാം.
ദോഷപരിഹാരം: പക്കപ്പിറന്നാള്‍തോറും വിഷ്ണുക്ഷേത്രത്തില്‍ കദളിപ്പഴം നിവേദിച്ച് ഷഡക്ഷര സുദര്‍ശനമന്ത്രപുഷ്പാഞ്ജലി കഴിക്കുന്നത് നല്ലതാണ്.
വിശാഖം
പലവിധ ഭാഗ്യാനുഭവങ്ങളും ഐശ്വര്യാനുഭവങ്ങളും ഉണ്ടാകും. സ്വസ്ഥതയും സമാധാനവും ലഭിക്കും. വീടുപണി പൂര്‍ത്തിയാക്കാന്‍ പറ്റും. ദൂരയാത്രകള് ശ്രദ്ധിച്ചുവേണം. വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് കാര്യസാധ്യം ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റത്തിനായി ശ്രമിക്കാം. വിദ്യാര്‍ത്ഥികള്‍ തെറ്റായ കൂട്ടുകെട്ടിലേയ്ക്ക് പോകാതെ ശ്രദ്ധിക്കണം. ശരീരക്ഷീണം, ഭാര്യക്ക്/ഭര്‍ത്താവിന് കഴുത്തിന് മുകളിലുള്ള അംഗങ്ങളില്‍ രോഗപീഡ, ആഹാരത്തിന് രുചിയില്ലായ്മ ഇവയുണ്ടാകും. അവിചാരിതമായ ചില സംഭവങ്ങള്‍ മാനസികമായി തളര്‍ത്തുമെങ്കിലും അതിനെ അതിജീവിക്കാന്‍ പറ്റും. സഹോദരങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടും. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും.
ദോഷപരിഹാരം: പക്കപ്പിറന്നാള്‍തോറും വിഷ്ണുക്ഷേത്രത്തില്‍ സുദര്‍ശനമന്ത്രപുഷ്പാഞ്ജലി, കദളിപ്പഴനിവേദ്യം, നെയ് വിളക്ക് എന്നിവ നടത്തേണ്ടതാണ്.
അനിഴം
ബന്ധുജനങ്ങള്‍ മൂലം പല ക്ലേശങ്ങളും ഉണ്ടാകും. അപവാദങ്ങള്‍ നിമിത്തം സമാധാനം കിട്ടാതെ വരും. സന്താനങ്ങളെക്കൊണ്ട് സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടിലും സ്വസ്ഥത കുറയും. പുതിയ വാഹനങ്ങള്‍ വാങ്ങും. പണം കടം കൊടുക്കരുത്. നാല്‍ക്കാലികളെ പ്രത്യേകിച്ച് പശുക്കളെ വളര്‍ത്താം. ഗൃഹനിര്മ്മാണങ്ങള് നടത്താം. മനസ്സിനിണങ്ങിയ വിവാഹങ്ങള്‍ നടക്കും. വിശേഷ ആഭരണങ്ങള്‍ക്ക് അലങ്കാരവസ്തുക്കള്‍, സുഗന്ധ ദ്രവ്യങ്ങള്‍ ഇവ ലഭിക്കും. പുതിയ തൊഴില്‍ തേടുന്നവര്‍ക്ക് കാലം അനുകൂലമാണ്. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ അത് വികസിപ്പിക്കാന്‍ ശ്രമിക്കണം.
ദോഷപരിഹാരം: നിത്യം നാരായണകവചം പാരായണം ചെയ്യുന്നത് നല്ലതാണ്.
തൃക്കേട്ട
ജീവിതപങ്കാളിക്ക് ശാരീരികക്ലേശങ്ങള്‍ ഉണ്ടാകും. ദാമ്പത്യകലഹങ്ങള്‍ വലുതാകാതെ ശ്രദ്ധിക്കണം. ആഡംബരവാഹനങ്ങളില്‍ യാത്ര ചെയ്യാനാകും. വിനോദയാത്രകള്‍ക്ക് അവസരമുണ്ട്. വാഹനങ്ങള്‍ വാങ്ങുന്നതും വീടുകള്‍ വാങ്ങുന്നതും സൂക്ഷ്മതയോടെ വേണം. മക്കളുടെ പണമിടപാടുകളില്‍ ശ്രദ്ധവേണം. മക്കള്‍ മനസ്സിനിണങ്ങുംവിധം പ്രവര്‍ത്തിക്കും. ഉദ്യോഗസ്ഥര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. ക്ലേശകരമല്ലാത്ത സ്ഥാനങ്ങളിലേയ്ക്ക് മാറ്റം പ്രതീക്ഷിക്കാം. കൗതുകത്തിനായി പക്ഷികളേയും ജന്തുക്കളേയും വളര്‍ത്താം. സൗഹൃദബന്ധം വിപുലമാക്കാന്‍ പറ്റും.
ദോഷപരിഹാരം: മാസാദ്യ അവസാന വ്യാഴാഴ്ചകളില്‍ വിഷ്ണുവിന് തുളസീമാല ചാര്‍ത്തി ത്രിമധുരം നിവേദിക്കുന്നത് നല്ലതാണ്.
മൂലം
ജോലിക്കാര്‍ക്ക് സ്ഥാനചലനം ഉണ്ടാകും. മരണതുല്യമായ അവസ്ഥകള്ക്കിടയുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. വീട്ടില്‍ അസ്വസ്ഥതകള്‍ കൂടുതലാകും. ഛര്‍ദ്ദി, പനി, തലവേദന, ഉദരരോഗങ്ങള്‍, നേത്രരോഗം ഇവയ്ക്ക് സാധ്യതകളുണ്ട്. സഹോദരങ്ങളുടെ സഹായം ലഭിക്കും. അവിചാരിതമായ ചില ധനാഗമങ്ങള്‍ ഉണ്ടാകും. മനസ്സ് പലവിധ വികാരവിചാരങ്ങളാല്‍ കലുഷിതമായിരിക്കും. അതുകൊണ്ട് കലഹവാസന കൂടുതലാകും. വാക്കുതര്ക്കങ്ങള്ക്കിട നല്‍കരുത്. മറവി കൂടുതലായിരിക്കും.
ദോഷപരിഹാരം: പക്കപ്പിറന്നാള്‍ തോറും വിഷ്ണുവിങ്കല്‍ ആപദുദ്ധരണ മന്ത്രപുഷ്പാഞ്ജലിയും ശിവങ്കല്‍ മൃത്യുഞ്ജയ മന്ത്ര പുഷ്പാഞ്ജലിയും കഴിക്കണം.
പൂരാടം
അപ്രതീക്ഷിതമായുണ്ടാകുന്ന ദുഃഖാനുഭവങ്ങള്‍ വല്ലാതെ തളര്‍ത്തും. മറ്റുള്ളവരുടെ ഉപദേശത്താല്‍ പല കാര്യങ്ങളിലും ഉറച്ച തീരുമാനമെടുക്കാന്‍ സാധിക്കും. മക്കളെക്കൊണ്ട് സമാധാനം ലഭിക്കും. വാഹനങ്ങള്‍ മാറ്റിവാങ്ങാനാകും. ഇഷ്ടമുള്ള ഭക്ഷണസാധനങ്ങള്‍ ലഭ്യമാകും. മംഗളകര്‍മ്മങ്ങളില്‍ മുശ്യപങ്കാളിയാകും. വിവാഹകാര്യങ്ങളില്‍ തീരുമാനമെടുക്കാനാകും. പുതിയ ജോലികളില്‍ ചേരുന്നവര്‍ മറ്റുള്ളവരുടെ ഉപദേശം അധികം സ്വീകരിക്കരുത്. ദീര്‍ഘകാലമായി പരിശ്രമിക്കുന്ന കാര്യങ്ങള്‍ വിജയത്തിലെത്തും. ഈശ്വരാരാധനകള്ക്കായും മറ്റു പുണ്യകര്മ്മങ്ങള്ക്കായും പണം ചെലവാക്കും.
ദോഷപരിഹാരം: പക്കപ്പിറന്നാള്‍തോറും വിഷ്ണുവിന് പാല്‍പ്പായസനിവേദ്യം നടത്തണം.
ഉത്രാടം
ധനലാഭ ഐശ്വര്യങ്ങള്‍ ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കാലം അനുകൂലമാണ്. ജോലിക്കാര്‍ക്ക് സ്ഥാനചലനങ്ങള്‍ ഉണ്ടാകും. അപവാദങ്ങള്‍ കേള്‍ക്കാനിടയാകും. മറ്റുള്ളവരുടെ തര്‍ക്കവിഷയങ്ങളില്‍ മധ്യസ്ഥം വഹിക്കരുത്. ഭാര്യ/ഭര്‍ത്തൃ വീടുകളില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. വായുബന്ധിയായ അസുഖങ്ങള്‍ കൂടുതലാകും. സഹോദരങ്ങള്‍ക്കും നല്ല സമയമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്യാനാകും. അനാവശ്യമായ പണച്ചെലവുകള്‍ കൂടുതലാകും. പ്രായാധിക്യം കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ ശ്രദ്ധിക്കണം.
ദോഷപരിഹാരം: പക്കപ്പിറന്നാള്‍ തോറും വിഷ്ണുവിന് നെയ് വിളക്ക്, കദളിപ്പണ നിവേദ്യം ഇവ ചെയ്യണം.
തിരുവോണം
നിര്ബ്ബന്ധബുദ്ധിമൂലം പല അബദ്ധങ്ങളും ഉണ്ടാകാനിടയുണ്ട്. സഹോദരങ്ങളുമായുള്ള ശത്രുത വര്‍ദ്ധിക്കും. വൈരനിര്യാതന ബുദ്ധിയോടെയുള്ള സ്വന്തം പ്രവര്‍ത്തനങ്ങളും മക്കളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് നല്ലതാണ്. കൃഷികാര്യങ്ങളില്നിന്ന് വലിയ വരുമാനം ഇല്ലെങ്കിലും പണം ചെലവുകള്‍ വരും. രോഗാരിഷ്ടതകള്ക്കുള്ള പരിശോധനകളും ഔഷധസേവയും കൃത്യമായി ചെയ്യണം. മറ്റുള്ളവരെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയാതെ ശ്രദ്ധിക്കണം. ദൂരെയാത്രകള്‍ക്ക് സാധ്യതയുണ്ട്. വീടിന് അറ്റകുറ്റപ്പണികള്‍ നടത്താന്‍ പറ്റിയ സമയമാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും.
ദോഷപരിഹാരം: പക്കപ്പിറന്നാള്‍തോറും ലഘുസുദര്ശനമന്ത്രപുഷ്പാഞ്ജലി കഴിക്കുന്നത് നല്ലതാണ്.
അവിട്ടം
ധനാഗമം ഉണ്ടാകും. അടുത്ത സ്നേഹിതന്മാര്ക്കിടയില് അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും ഈശ്വരാരാധനയില്‍ ഉറച്ചുനില്ക്കാന് സാധിക്കും. സ്ത്രീസന്താനങ്ങളെക്കൊണ്ട് സമാധാനവും സന്തോഷവും കിട്ടും. തൊഴില്‍രംഗം മെച്ചപ്പെടും. മറ്റുള്ളവരുടെ വിഷമതകളില്‍ മനസ്സ് അസ്വസ്ഥമാകും. സഹോദരബന്ധങ്ങള് ദൃഢമാകും. പ്രശ്നങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കേണ്ടതിനെ എതിര്‍ക്കും. നിര്‍ബ്ബന്ധബുദ്ധി ഉപേക്ഷിക്കണം. ശുഭപ്രതീക്ഷകള്‍ വര്‍ദ്ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
ദോഷപരിഹാരം: നാരായണകവചം നിത്യം പാരായണം ചെയ്യണം.
ചതയം
മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. ചെലവുകള്‍ കൂടുമെങ്കിലും ധനാഗമം ഉണ്ടാകും. വിവാഹമോചനക്കേസുകള് കാര്യക്ഷമമായി നടത്തണം. പുനര്‍വിവാഹത്തിന് യോഗമുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കാം. വാഹനാപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. കൊടുക്കല്‍വാങ്ങലുകളില്‍ വഞ്ചിതരാകരുത്. പ്രത്യേകിച്ച് ഭൂമി കൈമാറ്റത്തില്‍. വീട്ടില്‍ സ്വസ്ഥത കുറയും. പിതൃകര്‍മ്മങ്ങള്‍ ചെയ്യാനിടയുണ്ട്. പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ധനനഷ്ടം, മാനഹാനി ഇവയ്ക്കിടയുണ്ട്. നഷ്ടപ്പെട്ട ധനം തിരികെ കിട്ടാന്‍ യോഗമുണ്ട്.
ദോഷപരിഹാരം: പക്കപ്പിറന്നാള്‍തോറും വിഷ്ണുവിങ്കല്‍ അഘമര്‍ഷണസൂക്തം പുഷ്പാഞ്ജലി കഴിക്കുന്നത് നല്ലതാണ്.
പൂരുരുട്ടാതി
ആരോഗ്യം ശ്രദ്ധിക്കണം. പ്രമേഹം, രക്തസമ്മര്‍ദ്ദം ഇവ പെട്ടെന്ന് കൂടാനും കുറയാനും ഇടയുണ്ട്. മക്കളെക്കുറിച്ച് ആകാംക്ഷ കൂടുതലാകും. ഭാര്യാസഹോദരങ്ങളോട് തെറ്റിദ്ധാരണമൂലം വെറുപ്പ് കൂടുതലാകും. ഭക്ഷണകാര്യത്തില്‍ കൂടുതല്‍ നിയന്ത്രണം വേണം. തൊഴിലില്‍ വലിയ ബുദ്ധിമുട്ട് കാണുന്നില്ല. വാഹനം മാറ്റിവാങ്ങും. ബന്ധനാവസ്ഥയുണ്ടാകും. പിതൃകര്‍മ്മം ചെയ്യാന്‍ യോഗമുള്ള മനസ്സില്‍ ആധി വര്‍ദ്ധിക്കും. ധനാഗമങ്ങള്‍ ഉണ്ടാകും. ചെലവുകള്‍ കൂടാനിടയുണ്ട്.
ദോഷപരിഹാരം: ഭാഗവതത്തിലെ പ്രഹ്ലാദസ്തുതി വായിക്കുന്നതും പക്കപ്പിറന്നാള്‍തോറും വിഷ്ണവിന് നെയ് വിളക്ക് കത്തിക്കുന്നതും നല്ലതാണ്.
ഉത്തൃട്ടാതി
ചെലവുകള്‍ കൂടുതലാകും. ഐശ്വര്യാനുഭവങ്ങള്ക്ക് മങ്ങലുണ്ടാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍രംഗത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ ഇടപെടരുത്. മനസ്സിന് ധൈര്യം ലഭിക്കും. സഹോദരരുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. ധനനഷ്ടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. എഴുത്തുകളില്‍ തെറ്റു പറ്റാതെ ശ്രദ്ധിക്കണം.
ദോഷപരിഹാരം: പക്കപ്പിറന്നാള്‍തോറും സുദര്‍ശനമന്ത്ര പുഷ്പാഞ്ജലി നടത്തണം.
രേവതി
രോഗാരിഷ്ടതകള്‍ വല്ലാതെ വര്‍ദ്ധിക്കും. വിഷം ഏല്ക്കാനിടയുണ്ട്. നാല്ക്കാലികളുടെ ഉപദ്രവം ഉണ്ടാകും. കൃഷികള്‍ നഷ്ടത്തിലാകും. ബന്ധനാവസ്ഥയുണ്ടാകാനിടയുണ്ട്. മറ്റുള്ളവര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്യാനുള്ള അവസരം ഉണ്ടാകരുത്. ഭാഗ്യാനുഭവങ്ങള്‍ക്ക് കോട്ടം തട്ടും. വിവാഹവിഷയവുമായി മുന്നോട്ട് പോകാം. ആരോഗ്യം ശ്രദ്ധിക്കണം. പണം സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. തൊഴില്‍രംഗം മെച്ചപ്പെടും. മറ്റുള്ളവരുടെ പരിഹാസങ്ങള്‍ കേള്‍ക്കാനിടയുണ്ട്. മക്കളെക്കൊണ്ട് സമാധാനം കുറയും.
ദോഷപരിഹാരം: പക്കപ്പിറന്നാള്‍തോറും വിഷ്ണുവിങ്കല്‍ തുളസിപ്പൂകൊണ്ട് അഷ്ടോത്തരമന്ത്ര പുഷ്പാഞ്ജലി കഴിക്കണം.
***
Recent Comments