സുരേഷ്ഗോപിയെ വിളിക്കുമ്പോള്‍ അദ്ദേഹം കോഴിക്കോടായിരുന്നു. ‘സ്മൃതികേരം’ പദ്ധതിയുടെ ഭാഗമായി വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മുഖവുരകളൊന്നുമില്ലാതെ ‘കാവലി’ലേയ്ക്കാണ് നേരിട്ട് കടന്നത്.
? രഞ്ജിപണിക്കരുടെ മകന് നിഥിന് രഞ്ജിപണിക്കര്‍. നിഥിനോടൊപ്പമുള്ള ആദ്യ സിനിമ. നിഥിനെന്ന സംവിധായകനെ എങ്ങനെ വിലയിരുത്തുന്നു.
നിഥിന് ആദ്യം എന്നെ സമീപിക്കുന്നത് ലേലത്തിന്റെ രണ്ടാംഭാഗവുമായിട്ടാണ്. അത് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ് അറിയിച്ചത്. ജോഷിസാറിനും രഞ്ജിക്കും സമ്മതമാണെങ്കില്‍ ചെയ്യാമെന്ന് ഞാനും പറഞ്ഞു. രഞ്ജി തന്നെ അതിനുവേണ്ടി തിരക്കഥ എഴുതാമെന്നും ഏല്ക്കുന്നു. ആ പ്രോജക്ട് പക്ഷേ പല കാരണങ്ങള്‍കൊണ്ടും നീണ്ടു. അതിനിടയിലാണ് മറ്റൊരു സബ്ജക്ടുമായി നിഥിന് എത്തുന്നത്. അത് നിര്‍മ്മിക്കാന്‍ ജോബിജോര്‍ജ് തയ്യാറാകുന്നു. അങ്ങനെയാണ് കാവല്‍ എന്ന സിനിമ പിറവി കൊള്ളുന്നത്.
നിഥിനെ, രഞ്ജിപണിക്കരുടെ മകനെന്ന നിലയില്‍ വിലയിരുത്തേണ്ട ആവശ്യമില്ല. അദ്ദേഹവുമൊരു തികഞ്ഞ സംവിധായകനാണ്. പാരമ്പര്യത്തിന്റെ പ്രൗഢിയും ഈടും അദ്ദേഹം തെളിയിക്കേണ്ടത് സ്വന്തം സിനിമയിലൂടെതന്നെയാവണം. അതിന് കഴിവുള്ള ആളാണ് നിഥിന് എന്നാണ് എന്റെ വിശ്വാസം.
? ഇതുവരെ ചെയ്തുവന്ന സിനിമകളില്‍നിന്ന് കാവല്‍ വ്യത്യസ്തപ്പെടുന്നത് എങ്ങനെയാണ്.
രണ്ട് കാലഘട്ടത്തിന്റെ കഥയാണ് കാവല്‍ പറയുന്നത്. എന്നുകരുതി, കാവല്‍ പുതിയ കുപ്പിയില്‍ നിറച്ച പഴയ വീഞ്ഞല്ല. ഇത് പുതിയ വീഞ്ഞ് തന്നെയാണ്. പക്ഷേ കുപ്പിക്ക് പഴയ കുപ്പിയുടെ ഘടനാപരമായ സവിശേഷതയുണ്ടാകാം. എന്നാല്‍ നൂതനത ഒട്ടും ചോര്‍ന്നുപോകാത്തവിധം പുതിയൊരു കുപ്പിയിലേയ്ക്ക് തന്നെയാണ് പകര്‍ന്നിരിക്കുന്നത്. പഴമ എപ്പോഴും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ്. അതിന്റെ സുഖം ഒന്ന് വേറെതന്നെയാണ്. ഇതൊരു അല്‍പ്പം കണ്ണീരില്‍ കുതിര്‍ന്ന സുഖമാണെന്നുമാത്രം. എല്ലാ അര്‍ത്ഥത്തിലും ഇതൊരു തികഞ്ഞ സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമ കണ്ടതിനുശേഷം നിങ്ങളും വിലയിരുത്തണം. നല്ലതാണെങ്കില്‍ ഒപ്പം ഉണ്ടാവണം. അതിനെ വിജയിപ്പിക്കണം.
? തിരക്കഥാകൃത്ത്, സംവിധായകന് എന്നീ നിലകളിലെല്ലാം ഇതുവരെ ഒപ്പമുണ്ടായിരുന്ന രഞ്ജിപണിക്കര്‍ ഇപ്പോള്‍ നടനായും കൂട്ടു ചേരുകയാണ്. ആ അനുഭവം എന്തായിരുന്നു.
കാവല്‍ എന്ന ചിത്രത്തിലെ അതിശക്തമായ ഒരു കഥാപാത്രമാണ് ആന്റണി. മറ്റൊരു നടനായിരുന്നു ആ വേഷം ചെയ്യാനിരുന്നത്. അതിന് അദ്ദേഹത്തിന് കഴിയാതെ വന്നപ്പോള്‍ നിഥിനാണ് രഞ്ജിയുടെ പേര് നിര്‍ദ്ദേശിച്ചത്. ഞാന്‍ അതിന് സമ്മതം മൂളുകയായിരുന്നു. അങ്ങനെ നടനായും രഞ്ജിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലും ഞാന്‍ സന്തോഷിക്കുന്നു. സുരേഷ്ഗോപി പറഞ്ഞു.
കാവല്‍ ലൊക്കേഷന്‍ കാഴ്ചകള്‍:
നവംബര്‍ 25 ന് കാവല്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കേരളത്തിലെ 220 തീയേറ്ററുകളാണ് കാവലിനെ വരവേല്‍ക്കാന്‍ തയ്യാറായി നില്ക്കുന്നതും.
Recent Comments