ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി ഒടിടി റിലീസിന് എത്തിയതുമുതല്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്നത് അതിലുപയോഗിച്ചിരിക്കുന്ന തെറിപദങ്ങളുടെ പേരിലാണ്. ഒരു മികച്ച കലാസൃഷ്ടിയായി വിലയിരുത്തുന്നതിനപ്പുറത്തേയ്ക്ക് ‘തെറിസിനിമ’ എന്ന വിശേഷണമാണ് അതിനുമേല്‍ ഇപ്പോള്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എങ്ങനെ അനുമതി നല്കി എന്ന തരത്തിലുള്ളവിവാദങ്ങളും കൊഴുക്കുന്നുണ്ട്. ഇതിന് മറുപടിയായിട്ടാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് റീജിയണല്‍ ഓഫീസര്‍ പാര്‍വ്വതി ഇന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയതും. അതില്‍ അവര്‍ പറയുന്നത് സോണി ലൈവ് എന്ന ഒടിടി പ്ലാറ്റ്ഫോം വഴി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള ഫീച്ചര്‍ഫിലിം ചുരുളി പ്രസ്തുത സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്നാണ്. അതിനര്‍ത്ഥം സെന്‍സര്‍ ചെയ്യാത്ത ചുരുളിയാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
നവംബര്‍ ആദ്യമാണ് ചുരുളി സെന്സറിംഗിനെത്തിയത്. സെന്‍സര്‍ ഓഫീസറെ കൂടാതെ കലാധരന്‍, അരോമ മോഹന്‍, ഭാഗ്യലക്ഷ്മി, ഗിരിജ സേതുനാഥ് എന്നിവരാണ് ആ സെന്‍സര്‍ബോര്‍ഡ് ടീമിലുണ്ടായിരുന്നത്. എ സര്‍ട്ടിഫിക്കറ്റാണ് ചുരുളിയുടെ അണിയറക്കാര്‍ ആവശ്യപ്പെട്ടത്. എന്നിട്ടും അനവധി കട്ടുകള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിഷ്കര്ഷിച്ചതായിട്ടാണ് അറിയുന്നത്. അതൊഴിവാക്കിയിട്ടാണ് വീണ്ടും സെന്‍സറിംഗിന് സമീപിച്ചത്. തുടര്‍ന്ന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. സിനിമയുടെ ആ സര്‍ട്ടിഫൈഡ് പതിപ്പല്ല ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് സെന്‍സര്‍ ഓഫീസര്‍ പറയുന്നത്.
ഒടിടി വഴി പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ബാധകമല്ലെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ഒടിടി ചിത്രങ്ങള്‍ക്കും സെന്‍സര്‍ ബാധകമാക്കണമെന്ന രീതിയില്‍ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് അടുത്തിടെ ആലോചനകള്‍ നടന്നിരുന്നെങ്കിലും അതിനിയും യാഥാര്‍ത്ഥ്യമായിട്ടില്ല.
എന്നാല്‍ ചുരുളി തീയേറ്ററിലെത്തുമ്പോള്‍ സര്‍ട്ടിഫൈഡ് പതിപ്പല്ല ഉപയോഗിക്കുന്നതെങ്കില്‍ ചിത്രത്തിനെതിരെ കര്‍ശന തീരുമാനങ്ങളെടുക്കാന്‍ അധികാരമുണ്ടെന്നാണ് ഒരു സെന്‍സര്‍ബോര്‍ഡ് അംഗം വെളിപ്പെടുത്തിയത്.
Recent Comments