‘തിരനോട്ട’ത്തിനുശേഷം ‘തേനും വയമ്പും’ ചെയ്യാനൊരുങ്ങുമ്പോള്‍ തീര്‍ച്ചയായും നല്ല പാട്ടുകള്‍ വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. സംഗീതസംവിധായകനായി കുളത്തൂപ്പുഴ രവി (രവീന്ദ്രന്മാസ്റ്റര്) തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഒ.എന്‍.വി. സാറിനെക്കൊണ്ട് പാട്ട് എഴുതിക്കാമെന്ന് മനസ്സില്‍ കരുതി. തിരനോട്ടത്തിനുവേണ്ടി എഴുതിയ ഒരു പരിചയം അദ്ദേഹവുമായി ഉണ്ടായിരുന്നു. പക്ഷേ രവിയാണ് ബിച്ചുവിന്റെ പേര് ഞങ്ങളോട് പറയുന്നത്. ബിച്ചുവിനെ എനിക്ക് പരിചയമുണ്ടായിരുന്നില്ല. രവിയാണ് ഞങ്ങളെ ബിച്ചുവിന്റെ അടുക്കല്‍ എത്തിച്ചത്. വേളി ബോട്ട് ക്ലബ്ബില്വച്ചായിരുന്നു കൂടിക്കാഴ്ച. ഞങ്ങളോടൊപ്പം സുരേഷ്കുമാറും ഉണ്ടായിരുന്നു. സിനിമയുടെ കഥയും കഥാപശ്ചാത്തലവുമൊക്കെ അദ്ദേഹത്തിന് ഇഷ്ടമായി. പാട്ട് എഴുതാമെന്ന് സമ്മതിച്ചു. അവിടെവച്ചുതന്നെ രവി ഈണം മൂളുന്നു. അതിനൊപ്പിച്ച് ആദ്യം പിറന്ന വരികളായിരുന്നു ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’
ബിച്ചുതിരുമലയ്ക്ക് ആദ്യമായി മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത പാട്ട് അതായിരുന്നു.
അതിനുശേഷമാണ് ‘തേനും വയമ്പും നാവില്‍ തൂകും വാനമ്പാടീ…’ എന്ന ഗാനം ഉണ്ടാകുന്നത്. എന്റെ ചലച്ചിത്രത്തിന് പേര് കിട്ടിയതും ആ ഗാനത്തില്‍നിന്നാണ്. ജോണ്‍പോണ്‍ തിരക്കഥയെഴുതിയ ചിത്രത്തിന് അങ്ങനെ തേനും വയമ്പും എന്ന ടൈറ്റില്‍ വീണു. രണ്ട് ഗാനങ്ങളും മ്യൂസിക്ക് ഇട്ടതിനുശേഷം എഴുതപ്പെട്ടവയായിരുന്നു.
എല്ലാവരെയും സ്നേഹിക്കാന്‍മാത്രം കഴിഞ്ഞ ഒരു കലാകാരനാണ് ബിച്ചു. അദ്ദേഹത്തിന് ആരോടും പരാതിയും പരിഭവവും ഇല്ലായിരുന്നു. അവസരങ്ങള്‍ തേടി ആരുടെയും അടുക്കല്‍ പോയതായും കേട്ടിട്ടില്ല. എന്നിട്ടും നിരവധി ഗാനങ്ങള്‍ അദ്ദേഹം മലയാളസിനിമയ്ക്ക് സംഭാവന ചെയ്തുവെങ്കില്‍ അത് ആ പ്രതിഭയ്ക്കുള്ള അംഗീകാരം മാത്രമായിരുന്നു.
കവിയുടെ പ്രതിഭാന്വത തിളങ്ങുന്ന വരികള്‍:
ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്‍
ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
ഈ ധ്വനിമണിയില്‍, ഈ സ്വരജതിയില്‍
ഈ വരിശകളില്‍…
(ഒറ്റക്കമ്പി…)
നിന് വിരല്‍ത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാന്‍
നിന്റെയിഷ്ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍
എന്നും ഉള്ളിലെ ദാഹമെങ്കിലും…
(ഒറ്റക്കമ്പി…)
നിന്നിളം മാറിലെ വികാരമായലിഞ്ഞീടാന്‍
നിന് മടിയില്‍ വീണുറങ്ങിയീണമായുണര്‍ന്നീടാന്‍
എന്റെ നെഞ്ചിലെ മോഹമെങ്കിലും…
(ഒറ്റക്കമ്പി…)
തേനും വയമ്പും നാവില്‍ തൂകും വാനമ്പാടീ –(2)
രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടുംവീണ്ടും
തേനും വയമ്പുംനാവില്‍ തൂകും വാനമ്പാടീ
മാനത്തെ ശിങ്കാരത്തോപ്പില്‍ ഒരു ഞാലിപ്പൂവന്‍പഴ തോട്ടം –(2)
കാലത്തും വൈകീട്ടും കൂമ്പാളത്തേനുണ്ണാന്‍
ആ വാഴത്തോട്ടത്തില്‍ നീയും പോരുന്നോ
തേനും വയമ്പും നാവില്‍ തൂകും വാനമ്പാടീ
നീലക്കൊടുവേലി പൂത്തു ദൂരെ നീലഗിരിക്കുന്നിന് മേലേ
മഞ്ഞിന് പൂവേലിക്കല്‍ കൂടി കൊച്ചുവണ്ണാത്തിപ്പുള്ളുകള്‍ പാടീ
താളം പിടിക്കുന്ന വാലാട്ടിപക്ഷിക്ക്
താലികെട്ടിന്നല്ലേ നീയും പോരുന്നോ
(തേനും വയമ്പും)
Recent Comments