ഏകാദശി വിളക്ക് ദിവസം ഭഗവാനെ കണ്ടു വണങ്ങണമെന്ന് ജയേട്ടന് കലശലായ ആഗ്രഹം. കഴിഞ്ഞ ദിവസം എന്നെ വിളിച്ച് ഭഗവാനെ തൊഴാന്‍ വരുന്ന കാര്യം അറിയിച്ചു. കോവിഡ് നിയന്ത്രണത്തിനു ശേഷം ആദ്യമായിട്ടാണെത്തുന്നത്. ദര്‍ശനസായൂജ്യം ശരിക്കും അനുഭവിക്കണം. അദ്ദേഹം പറഞ്ഞു.
കാലത്ത് ഒന്‍പത് മണിക്കുതന്നെ ജയേട്ടനെത്തി. ആദ്യം പോയത് തന്ത്രി മഠത്തിലേക്കായിരുന്നു. ഭാവഗായകനെ തന്ത്രിയും പരിവാരങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. തന്ത്രിയുടെ അടുത്തായി ജയേട്ടന് ഇരുന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒറിയ നര്‍ത്തകി രൂപശ്രീ മൊഹബത്രയെ ജയേട്ടന് തന്ത്രി പരിചയപ്പെടുത്തി.
തന്ത്രിയും ജയേട്ടനും പിന്നെ പാട്ടിന്റെ തലങ്ങളിലേക്കായി യാത്ര. അടുത്തിടെ ഇറങ്ങിയ കൃഷ്ണരാഗം ആല്‍ബത്തെ കുറിച്ചായിരുന്നു ജയേട്ടന് പറഞ്ഞുതുടങ്ങിയത്. പ്രശസ്ത ഗായകന് കല്ലറ ഗോപന് ഈണമിട്ട ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചിരിക്കുന്നത് ബി.കെ. ഹരിനാരായണനാണ്. ഹരിയുടെ വരികളിലെ മനോഹാരിത ജയേട്ടന് തന്ത്രിക്ക് പാടി കൊടുത്തു. ‘നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ…. ഞാന്‍ പാഴ്മുളം തണ്ടല്ലയോ….’
തന്ത്രിമഠത്തില്നിന്ന് യാത്ര പറഞ്ഞിറങ്ങിയ ജയേട്ടന് അമ്പലകുളത്തിന്റെ വടക്കുഭാഗത്തുകൂടി ക്ഷേത്രത്തിലേക്ക് നടന്നുനീങ്ങി. പൊളിഞ്ഞുകിടക്കുന്ന പൂതേരി ബംഗ്ലാവ് നോക്കി ജയേട്ടന് അല്പനേരം നിന്നു. ഗൃഹാതുരത്വമുണര്‍ത്തുന്ന നിരവധി ഓര്‍മ്മകള്‍ക്ക് സാക്ഷ്യം വഹിച്ച മന്ദിരമാണിതെന്ന് ജയേട്ടന് പറഞ്ഞു.
‘പശസ്ത സംഗീത സംവിധായകനായിരുന്ന പൂതേരി രഘുവിനൊപ്പം ഇവിടെ ചെലഴിച്ച നാളുകള്‍ എന്റെ ഓര്‍മ്മയിലുണ്ട്. അതൊന്നും മറക്കാന്‍ കഴിയില്ല.’
ക്ഷേത്രത്തിലേക്ക് കടന്ന ജയേട്ടനെ പലരും തിരിച്ചറിഞ്ഞിരുന്നു. വ്യാഴാഴ്ചയായതിനാല്‍ ഭഗവാന്റെ ഇഷ്ടനേദ്യമായ കദളിപ്പഴം കൈയില്‍ കരുതാന്‍ അദ്ദേഹം മറന്നില്ല. നമസ്കാര മണ്ഡപത്തിന് മുന്നില്‍നിന്ന് പുഞ്ചിരി തൂകിയ കണ്ണനെ നോക്കി അല്പനേരം പ്രാര്‍ത്ഥിച്ചു. തിരുനടയില്‍ നമസ്കരിച്ച്, ഗണപതി ഭഗവാനെ വലം വെച്ച് വരുന്ന വഴിയില്‍ മേല്‍ശാന്തി ജയപ്രകാശ് തിരുമേനിയെ കണ്ടു. തിരുവാതിര നാളുകാരനായ ജയേട്ടന് മേല്‍ശാന്തിയോട് ഒരു പുഷ്പാഞ്ജലി ചെയ്യണമെന്നു പറഞ്ഞു.
ജയേട്ടന്റെ പാട്ടുകള്‍ എല്ലാം കേള്‍ക്കാറുണ്ടെന്നും എന്നാല്‍ ഏറ്റവും ഹൃദ്യസ്ഥമായി നില്‍ക്കുന്നത് പി.കെ. കേശവന്‍നമ്പൂതിരി ഈണം നല്കി എസ്. രമേശന്‍നായര്‍ എഴുതിയ പുഷ്പാജ്ഞലിയിലെ ഗാനങ്ങളാണെന്ന് മേല്‍ശാന്തി പറഞ്ഞു.
‘എല്ലാം കരുണാമയന്റെ അനുഗ്രഹം, അല്ലാതെന്തു പറയാന്‍’ ഭഗവത് സന്നിധിയിലേയ്ക്ക് നോക്കി ജയേട്ടന് പറഞ്ഞു.
ഭഗവാന് ചാര്‍ത്തിയ കളഭവും പട്ടുകോണകവും പുഷ്പാഞ്ജലി പ്രസാദവും മേല്‍ശാന്തി അദ്ദേഹത്തിന് നല്കി. ഉപദേവന്മാരെ തൊഴുത് കാര്യാലയ ഗണപതിക്കരുകിലെത്തി. പ്രദക്ഷിണം വച്ചു വരുമ്പോള്‍ കൃഷ്ണനാട്ടം ആശാന് അകമ്പടി മുരളിയെ കണ്ടു. കിഴക്കേ നടയിലൂടെ നടക്കുമ്പോള്‍ ജയേട്ടന് കൃഷ്ണനാട്ടം കളിയിലെ ഇതിഹാസ താരങ്ങളായിരുന്ന വേലായുധാശാന്റേയും കൃഷ്ണന്‍കുട്ടി ആശാന്റേയും ഓര്‍മ്മകള്‍ ഓര്‍ത്തെടുത്തു. ‘എത്രയോ പ്രാവശ്യം കളിവിളക്കിനു മുന്നില്‍ രാവുകളെ പകലുകളാക്കി അവരുടെ കളി കാണാന്‍ ഞാന്‍ വന്നിരിക്കുന്നു.
സൗഹ്യദ കൂട്ടായ്മയുടെ സംഗമവേദിയായ സുരേന്ദ്രന്റെ സരിത സ്റ്റൂഡിയോവിലേക്കാണ് അദ്ദേഹം പിന്നീട് എത്തിയത്. സുരേന്ദ്രനും നന്ദനും സഹദേവനുമെല്ലാം ചേര്‍ന്ന് ജയേട്ടനെ സ്വീകരിച്ചു. അടുത്തിടെ തന്നെ ഏറ്റവും ആകര്‍ഷിച്ച കൃഷ്ണരാഗത്തിലെ പാട്ടിന്റെ ചരണത്തിന്റെ വരികള്‍ അദ്ദേഹം മൂളി.
‘ഉരുകുന്ന നേരം പൊഴിക്കുന്ന കണ്ണിലെ
ചുടുമിഴിനീരിലും കണ്ണന്…
വനമാല മലരായി ഞാന്‍ ചിരിക്കാനുള്ള
വഴിയേകിടും ഗോപ ബാലന്…
ഗുരുവെന്ന ഭാവമില്ലാതെന്നുടെപ്പോഴും
ശരിയോതിടുന്നു ഗോവിന്ദന്…
മരണത്തിലും വന്നു മുറുകെ പിടിക്കുന്ന
പരമേകബന്ധു ശ്രീകാന്തന്…’
പാട്ടിന്റെ അവസാന വരികള്‍ പാടി അവസാനിക്കുമ്പോള്‍ ജയേട്ടന്റെ മിഴികളില്‍ നിറഞ്ഞിരുന്നു.
‘ജീവിതം ആനന്ദകരമാണ്. ഒരാഗ്രഹമേയുള്ളൂ എനിക്ക്. മരണത്തിലും വന്ന് മുറുകെ പിടിക്കുന്ന പരമേക ബന്ധു ശ്രീകാന്തന് അടുത്തുണ്ടായിരിക്കണം. കൃഷ്ണാ ഗുരുവായൂരപ്പാ…’
-ബാബു ഗുരുവായൂര്‍
Recent Comments