നിസ്സാര കാര്യത്തിന് കൊടി പിടിച്ചുകൊണ്ട് തെരുവിലിറങ്ങി അംഗബലം കാണിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ സ്വന്തം നേതാക്കളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. മല്ലിക സുകുമാരന്‍ കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ഒരു വ്യക്തി ഒരാവശ്യം ഉന്നയിച്ചാല്‍, പാര്‍ട്ടിയോ ചിഹ്നമോ നോക്കാതെ അത് വസ്തുനിഷ്ഠം ആണോ എന്ന് ഇഴകീറി പരിശോധിച്ച ശേഷം വേണ്ട നടപടിയെടുക്കുന്ന ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്. 2018 ല്‍ പ്രളയ സമയത്ത് എന്റെയടക്കം വീടുകളില്‍ വെള്ളം കയറിയിരുന്നു. അതിനു പ്രധാന കാരണം വീടിനടുത്തുള്ള ഒരു കനാല്‍ ആണ്. നാലു മീറ്റര്‍ വീതിയുള്ള കനാല്‍ കെട്ടിടാവശിഷ്ടങ്ങളും തടിയും പല സാധനങ്ങളും വീണ് ഒന്നര മീറ്റര്‍ വീതി മാത്രമുള്ളതായി. ഇതുമൂലം ഓരോ തവണ മഴ പെയ്യുമ്പോഴും വെള്ളപ്പൊക്ക ഭീഷണിയില്‍ ആയിരുന്നു ഞങ്ങള്‍. നിവൃത്തികെട്ട ഞാന്‍ മുഖ്യമന്ത്രിയെ ചെന്നു കണ്ടു കാര്യം പറഞ്ഞു. അതിനുശേഷം സംഭവത്തെക്കുറിച്ച് പഠിക്കാന്‍ ഒരു സംഘം അവിടെ എത്തുകയും തുടര്‍ന്ന് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തു.
ഇതേ കാര്യക്ഷമതയും വ്യക്തിപ്രഭാവവും പ്രകടമാക്കിയ മറ്റൊരു നേതാവായിരുന്നു ലീഡര്‍ കെ. കരുണാകരന്. രാഷ്ട്രീയപരമായ ചിന്താഗതികള്‍ക്ക് അതീതനായിരുന്നു ലീഡര്‍. സിനിമാ വ്യവസായത്തിന് ഉണര്‍വേകാന്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ 1980ല്‍ അദ്ദേഹം ചിത്രാഞ്ജലി സ്റ്റുഡിയോ കേരളത്തില്‍ കൊണ്ടുവന്നു. സിനിമയെ കുറിച്ച് അറിയാവുന്ന ഒരു വ്യക്തി ആയിരിക്കണം കെഎസ്എഫ്ഡിസിയുടെ ചെയര്മാന് എന്ന അദ്ദേഹത്തിന്റെ വീക്ഷണം ചെന്നെത്തിയത്, നടനും ഇടതു പക്ഷ സഹയാത്രികനും കൂടിയായ സുകുമാരനിലായിരുന്നു. അന്ന് ആ തീരുമാനം വളരെയധികം കോലാഹലങ്ങള്‍ ഉണ്ടാക്കി. പക്ഷേ ലീഡറിന്റെ ആ തീരുമാനം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു. സുകുവേട്ടന്റെ കീഴില്‍ കെ എസ് എഫ് ഡി സി 26 വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങി വെച്ചതാണ് ഐ എഫ് എഫ് കെ.
ഇന്നും കെ എസ് എഫ് ഡി സിയുടെ ആ വസന്ത കാലത്തെ കുറിച്ച് പലരും എന്റടുത്ത് പറയാറുണ്ട്.
നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രാപ്തിയുള്ളവരെ രാഷ്ട്രീയം നോക്കാതെ അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ എത്തിക്കണം. ഭരണമികവ് കാണിക്കുന്നയാളാണ് യഥാര്‍ത്ഥ നേതാവ്. മല്ലിക സുകുമാരന്‍ പറഞ്ഞു.
Recent Comments