മരക്കാര്‍ അറബിക്കടലിന്റെ സിംഹം – ഈ സിനിമയുടെ സമ്പൂര്‍ണ്ണ ദൃശ്യാനുഭവം ആദ്യമായി അനുഭവിച്ചത് കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കമ്മിറ്റി അംഗങ്ങളാണ്. മികച്ച നൃത്തസംവിധാനത്തിനും ഡബ്ബിംഗിനുമുള്ള (ഗ്രാഫിക്സിനുള്ള സ്പെഷ്യല്‍ ജൂറി അംഗീകാരവും) അംഗീകാരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പൂര്‍ണ്ണമായും വിധികര്‍ത്താക്കള്‍ തഴഞ്ഞ ഒരു ചിത്രത്തെയാണ് ദേശീയ ജൂറി ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്രമായി തെരഞ്ഞെടുത്തത്. അത് മരക്കാറുടെ യഥാര്‍ത്ഥ കിരീടധാരണമായിരുന്നു. ഒരു ദൃശ്യവിസ്മയത്തിനുമേല് സമ്പൂര്‍ണ്ണ അധികാരം സ്ഥാപിച്ചെടുത്ത ചരിത്രനിമിഷം.
ഡിസംബര്‍ 2 ന് ലോകത്തെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്ശനത്തിനെത്തുംവരെ തല്ക്കാലം ആ സിനിമ എന്താണെന്ന് അത് സൃഷ്ടിച്ചവര്ക്കല്ലാതെ (ദേശീയ സംസ്ഥാന ജൂറി ഒഴികെ) മറ്റാര്‍ക്കും അതിനെക്കുറിച്ച് ഒരു വിവരവുമില്ല. ഈ ഞാനും ആ സിനിമ കണ്ടിട്ടില്ല.
എന്നാല്‍ അതിന്റെ ചിത്രീകരണം രാമോജി ഫിലിംസിറ്റിയില്‍ നടക്കുമ്പോള്‍ അവിടെ പോയിരുന്നു. ഷൂട്ടിംഗ് നേരിട്ട് കണ്ടിരുന്നു. അതൊരു അത്ഭുതലോകമായിരുന്നു.
കൂറ്റന്‍ സെറ്റുകള്‍. ഹോളിവുഡിലും ഹിന്ദിയിലും തെലുങ്കിലുമൊക്കെ കണ്ട് പരിചയിച്ച നിര്‍മ്മിതികളുടെ വിസ്മയാവഹമായ മറ്റൊരു പതിപ്പ്. പ്രത്യേകിച്ചും കോഴിക്കോട് സാമുതിരിയുടെ കൊട്ടാരം. ഒറ്റ നോട്ടത്തില്‍ ഈട്ടിയില്‍ തീര്ത്തതാണെന്നേ തോന്നൂ, ആ രാജകൊട്ടാരത്തിന്റെ ചുമരുകളും തൂണുകളും ഉത്തരങ്ങളുമെല്ലാം. രാജസിംഹാസനമെന്ന് കേട്ടിട്ടല്ലേയുള്ളൂ, അവിടെ പണിതീര്ത്തിരിക്കുന്നതാണ് യഥാര്‍ത്ഥമെന്ന് തോന്നിപ്പോകും. രാജാവ്, മന്ത്രിമാര്‍, ദേശവാഴികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍ അവരുടെയൊക്കെ വേഷഭൂഷാദികള്‍, രാജമുദ്രകള്, ആഭരണങ്ങള്‍, ആരും കൊതിക്കും അതുപോലൊക്കെ അണിഞ്ഞുകാണാന്. ഇടയ്ക്കെപ്പോഴോ തിരക്കുകളില്‍നിന്ന് ഒഴിഞ്ഞു നില്ക്കുമ്പോള് പ്രിയന് പറഞ്ഞതും ഓര്‍ക്കുന്നു.
‘മേല്‍മുണ്ട് ചൂടിയ രാജാക്കന്മാരെയേ നാം കണ്ടിട്ടുള്ളൂ. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ രാജഭരണം നിലനിന്നിരുന്നത്. അന്ന് ഇന്നത്തേക്കാള്‍ സൗമ്യമായ കാലാവസ്ഥയായിരുന്നു. അങ്ങനെയുള്ളപ്പോള്‍ കേവലം മേല്‍മുണ്ട് മാത്രം ധരിച്ച് അവര്‍ നടന്നിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. അപ്പോള്‍ ഭാവനയ്ക്കനുസരിച്ച് നമുക്ക് ചില സ്വാതന്ത്ര്യങ്ങള്‍ എടുക്കേണ്ടിവരും. ഈ കൊട്ടാര നിര്‍മ്മിതിക്കും ഭാവനയുടെ ആകാശമാണ് അതിര്.’
രാജകൊട്ടാരത്തിനും കുറേ അകലെ മാറി വിശാലമായ ഭൂപ്രദേശത്ത് ഗ്രീന്മാറ്റിനുള്ളില് മൂന്ന് കപ്പലുകള്‍. രണ്ടെണ്ണം കൂറ്റന്‍ നിര്‍മ്മിതികളാണ്. അതിന്റെ വലിപ്പം, പ്രൗഢി, സൂക്ഷ്മത എന്നിവ ആരുടെയും കണ്ണുകളില്‍ വിസ്മയം തൊടാതെ പതിയില്ല. എണ്ണമറ്റ കടല്‍ യുദ്ധങ്ങള്‍ക്ക് സാക്ഷിയാകാന്‍ പോകുന്ന പായ്ക്കപ്പലുകളാണവ. അത് സിനിമയെ, തീയേറ്ററുകളെ എങ്ങനെ പ്രകടമ്പനം കൊള്ളിക്കാന്‍ പോകുന്നുവെന്നും നിശ്ചയമില്ല.
അവിടുന്നൊരല്പ്പം അകലെ ഒരു വിശാലമായ മുറിക്കുള്ളില്‍ റിസര്‍ച്ച് ടീംതന്നെ വര്‍ക്ക് ചെയ്യുന്നുണ്ട്. അവിടെവച്ചാണ് പ്രിയദര്‍ശന്റെ മകന് സിദ്ധാര്‍ത്ഥനെ കണ്ടത്. കമ്പ്യൂട്ടറിന് മുന്നില്‍നിന്ന് തലയെടുക്കാതെ അദ്ദേഹം എന്തോ തിരയുകയാണ്. എണ്ണമറ്റ ഗവേഷണങ്ങളുടെ പകര്‍പ്പുകള്‍ ആ മുറിയില്‍ അവിടവിടെ പതിച്ചിരിക്കുന്നു. വിവിധതരം വാളുകള്‍, പടച്ചട്ട, കുന്തം, പീരങ്കി… അതിന്റെയൊക്കെ നിര്‍മ്മിതിയിലാണ് നൂറ് കണക്കിന് തൊഴിലാളികള്‍. അവരുടെ അദ്ധ്വാനവും പാഴാകില്ലെന്ന് ഉറപ്പിക്കുന്ന സിനിമയുടെ കപ്പിത്താനെ വിശ്വസിക്കാനാണ് എനിക്കിപ്പോഴും ഇഷ്ടം.
അവിടെനിന്ന് നോക്കിയാല്‍ അങ്ങ് ദൂരെ കുന്നിന്മുകളില് ഇരിങ്ങല്കോട്ടയുടെ സെറ്റുകളും കാണാം. ചരിത്രത്തിന്റെ ഏടുകളില്‍ ഒരു കരിങ്കല്‍ ശേഷിപ്പുപോലും ഇല്ലാത്ത കോട്ടയാണ് തലയുയര്‍ത്തി നില്‍ക്കുന്നത്. ഇതൊക്കെ ഒരു മലയാള സിനിമയ്ക്ക് സ്വപ്നം കാണാനാകുമോ?
സ്വപ്നം കാണുന്നവര്‍ക്ക് മുമ്പേ പറക്കാന്‍ ദൃഢനിശ്ചയമുള്ള ചിലരുണ്ട്. അവരുടെ അചഞ്ചലമായ മനസാന്നിദ്ധ്യത്തിന് മുന്നില്‍ ഏതുയരങ്ങളും തലകുനിക്കും. ആന്റണി പെരുമ്പാവൂരെന്ന ഉരുക്കുമനുഷ്യന് ഇല്ലായിരുന്നുവെങ്കില്‍ മലയാളത്തില്‍ ഒരു മരക്കാര്‍ ജനിക്കില്ലായിരുന്നു.
പതിവിലും വരിഞ്ഞുമുറുകിയ മുഖഭാവത്തോടെയാണ് അന്ന് ആന്റണിയെ കണ്ടതെങ്കിലും ആവേശത്തോടെ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നുണ്ട്. ‘ഈ സിനിമയാണ് അതിന്റെ ബജറ്റ്.’ സ്വപ്നം കണ്ടവരെപോലും തോല്‍പ്പിച്ച വാക്കുകള്‍. രണ്ട് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്മാരുണ്ടായിട്ടും ഒരു നയാപൈസ അവരില്‍നിന്നും പറ്റാതെയാണ് അദ്ദേഹം ഈ സാഹസത്തിന് ഇറങ്ങി പുറപ്പെട്ടതെന്നുകൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് ആന്റണിയുടെ നിശ്ചയദാര്‍ഢ്യത്തെ നമിച്ചുപോകുന്നത്. അതുകൊണ്ടാണ് മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ ചക്രവ്യൂഹങ്ങളെയും ഭേദിച്ച് ആന്റണിക്ക് അതില്‍നിന്ന് പുറത്തുകടക്കാനായത്.
ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ദൃശ്യവിസ്മയമായ ബാഹുബലിപോലും ചിത്രീകരണം പൂര്‍ത്തീകരിച്ചത് രണ്ട് വര്‍ഷത്തോളമെടുത്താണ്. അതിനൊപ്പമോ അതിന് മുകളിലോ പ്രതിഷ്ഠിക്കാവുന്ന മരക്കാറിന്റെ നിര്‍മ്മിതിക്ക് എടുത്തത് കേവലം 120 ദിവസങ്ങള്‍ മാത്രം. മലയാളത്തില്മാത്രം സംഭവിക്കാവുന്ന മറ്റൊരു മഹാത്ഭുതം.
പടനായകന് മോഹന്‍ലാലായിരുന്നു. തുടങ്ങി ഒടുങ്ങുന്നതുവരെയും ആ മുഖത്ത് ഒരു ക്ഷീണമോ ഭാവവ്യത്യാസമോ കണ്ടിരുന്നില്ല. തലയുയര്‍ത്തി പട നയിക്കാന്‍ മുമ്പിലൊരാള് ഉള്ളപ്പോള്‍ ഒപ്പം നില്ക്കുന്നുവരും എങ്ങനെ പരിക്ഷീണരാകും. എല്ലാവരും ഊര്‍ജ്ജസ്വലതയോടെ മുന്നോട്ട്… മുന്നോട്ട്… മുന്നോട്ട്.
ആ ദൃശ്യവിസ്മയം സ്ക്രീനില്‍ തെളിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ആ ആവേശത്തിനൊപ്പമാണ് ഞങ്ങളും. പോരാ പോരാ ദൂരദൂരം ഉയരട്ടെ… ഒരു കവിമനസ്സിന്റെ ഹൃദയതാളം എങ്ങുനിന്നോ അലയടിച്ച് എത്തുന്നുണ്ട്.
കെ. സുരേഷ്
Recent Comments