കണ്ണന്റെ ഉച്ചപൂജ തൊഴാന്‍ പ്രിയദര്ശന് ഇന്ന് ഗുരുവായൂരിലെത്തി. ആ വരവിനുപിന്നില്‍ പ്രത്യേകിച്ചൊരു ലക്ഷ്യമുണ്ടായിരുന്നു. നാളെയാണ് മരക്കാറിന്റെ റിലീസ്.
കുഞ്ഞാലി മരക്കാറും കൃഷ്ണനാട്ടവും കോഴിക്കോട് സാമൂതിരിയുടെ സ്വന്തമായിരുന്നു. മരക്കാറിന്റെ ആയുധകരുത്തും കൃഷ്ണനാട്ടത്തിന്റെ ആത്മീയ ശക്തിയുമാണ് സാമൂതിരിയുടെ രക്ഷാകവചമായി നിന്നത്. ഗുരുവായൂരില്‍ കൃഷ്ണനാട്ടം തുടങ്ങിവച്ചതുതന്നെ സാമൂതിരിയാണ്. അതുകൊണ്ടുതന്നെയാണ് മലബാറിന്റെ വീരേതിഹാസം മരക്കാര്‍ വെള്ളിത്തിരയിലെത്തും മുന്‍പ് ക്ഷേത്രത്തില്‍ വന്ന് തൊഴാനും കൃഷ്ണനാട്ടത്തിന്റെ ആടയാഭരണങ്ങള്‍ വാങ്ങുന്നതിനായി രണ്ടുലക്ഷം രൂപ വഴിപാടായി സമര്‍പ്പിക്കാനും പ്രിയന് സമയം കണ്ടെത്തിയത്.
പ്രിയദര്‍ശനെ ദേവസ്വം മെമ്പര്‍ കെ.വി. ഷാജിയും ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ മനോജും ചേര്‍ന്ന് സ്വീകരിച്ചു. കണ്ണന്റെ ചാരത്ത് ഇരിക്കുന്ന അനുസരണയുള്ള ഗണപതി രൂപമാണ് ഓതിക്കന് പൊട്ടക്കുഴി ശ്രീനാഥ് കളഭത്തില്‍ ചാര്‍ത്തിയത്. പ്രിയന് കുറച്ചുനേരം ഭഗവാന്റെ മുന്നില്‍ തൊഴുതു നിന്ന് പ്രാര്‍ത്ഥിച്ചു. കാണിക്കയര്‍പ്പിച്ചു. ഗണപതിഭഗവാനെ തൊഴുത് വലംവച്ച് ഓതിക്കനായ മുന്നൂലം ഭവന് നമ്പൂതിരിയില്‍ നിന്ന് പുഷ്പാഞ്ജലി പ്രസാദം സ്വീകരിച്ചു. നാലമ്പലത്തില്‍ നിന്നും വടക്കേ നടയിലൂടെ പുറത്തിറങ്ങി പ്രദക്ഷിണവും വച്ചു.
‘മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് മരക്കാര്‍ ഇറങ്ങുന്നത്. എല്ലാം നന്നായിട്ടുണ്ടെന്നാണ് തോന്നുന്നത്.’ പ്രിയന് പറഞ്ഞു.
ഗോപുരത്തില്‍ കയറിയ പ്രിയദര്ശന് മാനേജര്‍മാരായ സുരേഷും എ.കെ. രാധാക്യഷ്ണനും ചേര്‍ന്ന് ആടിയ തീര്‍ത്ഥവും പഞ്ചഗവ്യവും നല്കി. എല്ലാവരും സിനിമ കാണണമെന്ന അഭ്യര്‍ത്ഥനയോടെ അദ്ദേഹം പുറത്തേക്കിറങ്ങി.
ചെമ്പൈ സംഗീത വേദിയിലെ സപ്തസ്വരങ്ങള്‍ ഹാളിനു പുറത്തേക്ക് പരന്നൊഴുകിയെത്തുന്നുണ്ടായിരുന്നു. പ്രിയന്റെ വിരലുകളും അറിയാതെ താളം പിടിച്ചുപ്പോയി.
വാഹനം പാര്‍ക്ക് ചെയ്ത ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ പ്രവര്‍ത്തകര്‍ പൂച്ചെണ്ടുമായി കാത്തു നില്ക്കുന്നുണ്ടായിരുന്നു. മരക്കാര്‍ അറബി കടലിന്റെ സിംഹം എന്നെഴുതിയ ടീഷര്‍ട്ട് ഇട്ടുകൊണ്ടാണ് പ്രസിഡണ്ട് സുബീഷും സെക്രട്ടറി ഷാജിയും കൂട്ടരും നിന്നത്. മുകുന്ദനും രാഹുലും പ്രിയദര്‍ശനെക്കൊണ്ട് മരക്കാറിന്റെ 2022 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു.
അവരോട് യാത്ര പറഞ്ഞിറങ്ങുന്നതിനുമുമ്പ് ശ്രീവത്സത്തിന് മുന്നിലെ മരപ്രഭുവിലേയ്ക്ക് പ്രിയന്റെ കണ്ണുകള്‍ ഉടക്കി. ഭക്തിയോടെ ആ കണ്ണുകള്‍ തുറന്നടഞ്ഞു…
-ബാബു ഗുരുവായൂര്‍
Recent Comments